ന്യൂദല്‍ഹി: കശ്മീരികളായതുകൊണ്ട് പിതാവിനും സഹോദരിക്കും ദല്‍ഹിയില്‍ ഓയോ ഹോട്ടല്‍ റൂമുകള്‍ നിഷേധിച്ചെന്ന് ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നൗമാന്‍ റഫീഖ്. ജമ്മു കശ്മീരില്‍നിന്നും വരുന്നവര്‍ക്ക് മുറികള്‍ അനുവദിക്കരുതെന്ന് പൊലീസ് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ക്ക് മുറി നിഷേധിച്ചതെന്നും നൗമാന്‍ പറഞ്ഞു.
പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും എത്തുന്നവര്‍ക്ക് മുറി അനുവദിക്കരുതെന്നാണ് ഓയോയുടെ പോളിസിയെന്ന് തങ്ങള്‍ സമീപിച്ച ആശാ റെസിഡന്‍സിയിലെ ജീവനക്കാര്‍ അറിയിച്ചതെന്ന് നൗമാന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. തങ്ങള്‍ പാകിസ്താനില്‍നിന്നോ ബംഗ്ലാദേശില്‍നിന്നോ എത്തിയവരല്ലെന്നും കശ്മീരില്‍നിന്നുള്ളവരാണെന്നും ജീവനക്കാരോട് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അവര്‍ മുറി അനുവദിക്കാതിരിക്കുകയായിരുന്നെന്ന് നൗമാന്‍ വ്യക്തമാക്കി. കശ്മീരികളെ മുറി എടുക്കാന്‍ അനുവദിക്കരുതെന്നാണ് പൊലീസ് നിര്‍ദ്ദേശമെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാരുടെ മറുപടി.
തന്റെ പിതാവിനോട് ഐ.ഡി കാര്‍ഡുപോലും ആവശ്യപ്പെടുന്നതിന് മുമ്പായിരുന്നു ജീവനക്കാര്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും നൗമാന്‍ പറഞ്ഞു. ‘അവരെന്റെ പിതാവിന്റെ ഐ.ഡി കാര്‍ഡ് പരിശോധിക്കാന്‍ പോലും തയ്യാറായില്ല. നിങ്ങള്‍ കശ്മീരില്‍നിന്നാണ്. കശ്മീരികള്‍ക്ക് ഇവിടെ മുറിയില്ല എന്നായിരുന്നു കണ്ടപ്പോള്‍ത്തന്നെ അവര്‍ പറഞ്ഞത്. പൊലീസന്റെ ഉത്തരവുണ്ടെന്നും അതനുസരിച്ച് മാത്രമേ അവര്‍ക്ക് മുറി അനുവദിക്കാന്‍ കഴിയു എന്നുമായിരുന്നു അവര്‍ പറഞ്ഞത്’, നൗമാന്‍ പറഞ്ഞു.
എന്നാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് നല്‍കിയിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. കൃത്യമായ രേഖകള്‍ നല്‍കാത്തതുകൊണ്ടാണ് ഹോട്ടല്‍ ജീവനക്കാര്‍ മുറി അനുവദിക്കാതിരുന്നതെന്നും പൊലീസ് പ്രതികരിച്ചു. എന്നാല്‍, തന്റെ പിതാവിന്റെ പക്കല്‍ തക്കതായ രേഖകള്‍ ഉണ്ടായിരുന്നെന്നും ഹോട്ടല്‍ ജീവനക്കാര്‍ അത് പരിശോധിക്കാന്‍ കൂട്ടാക്കാത്തതാണെന്നും നൗമാന്‍ പറഞ്ഞു.
വിഷയത്തില്‍ പ്രതികരിക്കാന്‍ ഹോട്ടല്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, ഹോട്ടല്‍ മാനേജറുമായി ബന്ധപ്പെട്ട ദ പ്രിന്റിന്റെ പ്രതിനിധികളോട് പൗരത്വ നിയമത്തിനെതിരെ ഷാഹീന്‍ബാഗില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കശ്മീരില്‍നിന്നും ലഡാക്കില്‍നിന്നുമുള്ളവര്‍ക്ക് മുറി അനുവദിക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളോട് നേരിട്ട് വന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.
വിഷയത്തില്‍ ഓയോ മാപ്പുപറയണമെന്ന ആവശ്യമുന്നയിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ