ചൈനയില്‍ സ്‌കൂള്‍ ജിംനേഷ്യത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു; 11 പേര്‍ക്ക് ദാരുണാന്ത്യം
World News
ചൈനയില്‍ സ്‌കൂള്‍ ജിംനേഷ്യത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു; 11 പേര്‍ക്ക് ദാരുണാന്ത്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th July 2023, 5:18 pm

ബെയ്ജിങ്: ചൈനയില്‍ സ്‌കൂള്‍ ജിംനേഷ്യത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 11 പേര്‍ക്ക് ദാരുണാന്ത്യം. ക്വിക്വിഹാറിലെ ലോങ്ഷ ജില്ലയില്‍ നമ്പര്‍ 34 മിഡില്‍ സ്‌കൂളിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നതെന്ന് പ്രവിശ്യാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചതായി ഷിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അപകടം നടന്ന ഉടനെ തന്നെ 15 പേരാണ് അവശിഷ്ടങ്ങളില്‍ കുടുങ്ങിയത്. എന്നാല്‍ തിങ്കളാഴ്ച രാവിലെയോടെ കുടുങ്ങി കിടന്ന അവസാന വ്യക്തിയെയും രക്ഷിച്ചു.

മേല്‍ക്കൂര തകര്‍ന്ന് വീണ സമയത്ത് വനിതാ ബോളിബോള്‍ ടീം ജിംനേഷ്യം പരിശീലിക്കുകയായിരുന്നുവെന്ന് 16 വയസുള്ള ഒരു പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. വിവിധ ക്ലാസുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ടീമിലുണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷിയും പറഞ്ഞു.

എന്നാല്‍ മരിച്ചവരില്‍ വിദ്യാര്‍ത്ഥികളല്ലാതെ മുതിര്‍ന്നവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അപകടം നടക്കുമ്പോള്‍ ജിംനേഷ്യത്തില്‍ 19 പേര്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അപകടം നടന്നയുടനെ രക്ഷിതാക്കളുടെ അടുത്തേക്ക് പൊലീസിനെയച്ചെങ്കിലും കുട്ടികളെ കുറിച്ചുള്ള വാര്‍ത്ത അവരെ അറിയിക്കാത്തതില്‍ ക്ഷുഭിതനാകുന്ന പിതാവിന്റെ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.

‘എന്റെ മകള്‍ മരിച്ചെന്ന് അവര്‍ എന്നോട് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്ക് മകളെ കാണാന്‍ സാധിച്ചില്ല. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ എല്ലാ കുട്ടികളുടെയും മുഖത്ത് മണ്ണും ചോരയും പടര്‍ന്നിരുന്നു. കുട്ടികളെ തിരിച്ചറിയാന്‍ അനുവദിക്കുമോ എന്ന് ഞാന്‍ അവരോട് അപേക്ഷിച്ചു ,’ അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായാണ് കെട്ടിടത്തിന്റെ മേല്‍ക്കൂര പണിതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. നിര്‍മാണ കമ്പനിയുടെ ചുമലതക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

CONTENT HIGHLIGHTS: Roof of school gymnasium collapses in China; A tragic end for 11 people