| Tuesday, 25th June 2024, 9:56 am

രാമക്ഷേത്രം ചോര്‍ന്നൊലിക്കുന്നു; കോടികള്‍ മുടക്കിയ നിര്‍മാണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യ പുരോഹിതന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: അടുത്തിടെ കോടികള്‍ മുടക്കി നിര്‍മിച്ച അയോധ്യയിലെ രാമക്ഷേത്രത്തില്‍ മഴക്ക് പിന്നാലെ ചോര്‍ച്ചയെന്ന് മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്.

1800 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കിയത്. ക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെ ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രതിഷ്ഠ ചടങ്ങ് നടന്നത്.

Also Read: ജലക്ഷാമത്തില് നിരാഹാരസമരം അഞ്ചാം ദിവസം; ആരോഗ്യനില മോശമായതിനെ തുടര്ന്ന് മന്ത്രി അതിഷിയെ ഹോസ്പിറ്റലിലേക്ക് മാറ്റി

രാമന്റെ വിഗ്രഹത്തിന് മുന്നില്‍ പുരോഹിതന്‍ ഇരിക്കുന്ന സ്ഥലത്തിന് നേരെ മുകളിലുള്ള സീലിങ്ങില്‍ നിന്ന് മഴവെള്ളം ഒഴുകുന്നതായി തിങ്കളാഴ്ച പുരോഹിതന്‍ പറഞ്ഞു. രാജ്യത്തുടനീളമുള്ള എഞ്ചിനീയര്‍മാര്‍ നിര്‍മിച്ച രാമക്ഷേത്രം ഒരു മഴ പെയ്തപ്പോഴേക്കും ചോര്‍ന്നത് അത്ഭുതപ്പെടുത്തിയെന്നും പുരോഹിതന്‍ കൂട്ടിച്ചേർത്തു.

‘ജനുവരി 22നാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. പക്ഷേ, മഴ പെയ്താല്‍ മേല്‍ക്കൂരയില്‍ ചോര്‍ച്ച ഉണ്ടാകുമെന്ന് ആരും അറിഞ്ഞില്ല. ലോകപ്രശസ്തമായ ഒരു ക്ഷേത്രത്തിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നത് ആശ്ചര്യകരമാണ്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്,’ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

ക്ഷേത്ര നിര്‍മാണത്തില്‍ അനാസ്ഥ ഉണ്ടായെന്നും ശനിയാഴ്ച പെയ്ത മഴയ്ക്ക് ശേഷം ക്ഷേത്രപരിസരത്ത് നിന്ന് മഴവെള്ളം നീക്കം ചെയ്യാന്‍ സംവിധാനങ്ങള്‍ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ക്ഷേത്രഭാരവാഹികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

മേല്‍ക്കൂര തുറന്നിരിക്കുന്നതിനാലാണ് സീലിങ്ങില്‍ ചോര്‍ച്ച ഉണ്ടാകുന്നതെന്ന് ശ്രീരാമ മന്ദിര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്രയും പറഞ്ഞു. എന്നാല്‍ ക്ഷേത്രത്തിന്റെ രൂപകല്പനയിലോ നിര്‍മാണത്തിലോ അപാകതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കനത്ത മഴയെ തുടര്‍ന്ന് ക്ഷേത്ര പരിസരത്തെ റോഡുകളും തകര്‍ന്നതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ ഭരണകക്ഷിയായ ബി.ജെ.പി അഴിമതി നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടി മാത്രം തിരക്കിട്ട് രണ്ടാംകിട നിര്‍മാണം നടത്തി ബി.ജെ.പി അയോധ്യയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

Content Highlight: Roof of Ayodhya’s Ram temple leaking after heavy rainfall, says chief priest

We use cookies to give you the best possible experience. Learn more