കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന് ശേഷം റോണി വർഗീസ് പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രമാണ് ഒരു പഴഞ്ചൻ പ്രണയം. മോഹൻ എന്ന കഥാപാത്രത്തെയാണ് റോണി ഡേവിഡ് അവതരിപ്പിച്ചത്. കണ്ണൂർ സ്‌ക്വാഡിലെ ജയനും ജോസ് സാറിന്റെയും പടങ്ങൾ ഒരുമിച്ച് എത്തുക എന്ന പ്രത്യേകതകൂടിയുണ്ട്.
കണ്ണൂർ സ്‌ക്വാഡിന് മുൻപ് ഷൂട്ട് ചെയ്ത പടമാണ് പഴഞ്ചൻ പ്രണയമെന്ന് റോണി പറഞ്ഞു. എന്നാൽ കണ്ണൂർ സ്‌ക്വാഡ് ഇറങ്ങി കഴിഞ്ഞപ്പോഴാണ് പടം ഇറക്കാൻ ധൈര്യം വന്നതെന്നും റോണി കൂട്ടിച്ചേർത്തു. സംവിധായകനോടും തിരക്കഥാകൃത്തിനോടും ആസിഫ് അലിയെയോ ടോവിനോ തോമസിനെയോ വെച്ച് ചെയ്തൂടെ എന്ന് ചോദിച്ചിരുന്നെന്നും റോണി പറഞ്ഞു. തന്നെ വെച്ച് പടം ചെയ്ത്കഴിഞ്ഞാൽ വെളിച്ചം കാണാൻ സമയമെടുക്കുമെന്നും സംവിധായകനോട് പറഞ്ഞിരുന്നെന്നും റോണി കൂട്ടിച്ചേർത്തു. പഴഞ്ചൻ പ്രണയം സിനിമ കണ്ടിറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു താരം.
‘ഇത് കണ്ണൂർ സ്‌ക്വാഡിന് മുൻപ് ഷൂട്ട് ചെയ്തിരുന്ന പടമായിരുന്നു. എന്നാൽ കണ്ണൂർ സ്‌ക്വാഡ് ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഈ പടം ഇറക്കാൻ എല്ലാവർക്കും ധൈര്യം വന്നത്. സംവിധായകൻ ബിനീഷിന്റെയും റൈറ്ററുടെയും അടുത്തൊക്കെ ഞാൻ പറഞ്ഞതാണ് ആസിഫിനെയോ ടൊവിനോ തോമസിനെയോ വെച്ച് ചെയ്യ്, നമ്മളെയൊക്കെ വെച്ച് ചെയ്താൽ വെളിച്ചം കാണാൻ സമയമെടുക്കും എന്ന്. എന്നിലുള്ള ഒരു വിശ്വാസമാണ് എന്നെ വെച്ച് തന്നെ പടം ചെയ്തത്. വലിയൊരു വഴിത്തിരിവ് ആവേണ്ടതാണ്, എനിക്കറിയില്ല എന്താവുമെന്ന്.
ഇന്നലെ ജോസ് സാറിന്റെ(മമ്മൂട്ടിയുടെ കാതൽ ദി കോർ ) പടം ഇറങ്ങിയിട്ടുണ്ട്, ഇന്ന് ജയന്റെ പടം (പഴഞ്ചൻ പ്രണയം) ഇറങ്ങി. ഇപ്പോൾ ജയന്റെയും ജോസിന്റെയും ഊഴമാണ്. സാറിന്റെ പടം ഇന്നലെ ഇറങ്ങും എന്ന് എനിക്കറിയില്ലായിരുന്നു. കുഴപ്പമില്ലാത്ത ഒരു ഓപ്പണിങ് കിട്ടിയിട്ടുണ്ട് സാധാരണ പ്രേക്ഷകർ എന്താണ് പറയുന്നത് എന്ന് എനിക്കറിയില്ല,’റോണി പറഞ്ഞു.
Content Highlight: Rony varghees about ‘pazhanchan pranayam’ movie