വലിയ ഹൈപ്പില്ലാതെ തിയേറ്ററുകളിലെത്തിയ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കുന്നത്.
ചിത്രത്തില്‍ രണ്ട് കയ്യും നടുവില്‍ കുത്തി നില്‍ക്കുന്ന മമ്മൂട്ടിയുടെ മാനറിസം ശ്രദ്ധ നേടിയിരുന്നു. അത് സ്‌ക്രിപ്റ്റിലുണ്ടായിരുന്നതല്ലെന്നും അദ്ദേഹം കയ്യില്‍ നിന്നുമിട്ടതാണെന്നും പറയുകയാണ് തിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡ്. തങ്ങള്‍ പോലും അതൊന്നും ശ്രദ്ധിച്ചില്ലെന്നും എഡിറ്റിങ്ങില്‍ കാണുമ്പോഴാണ് മനസിലായതെന്നും റോണി പറഞ്ഞു. കണ്ണൂര്‍ സ്‌ക്വാഡ് പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘മമ്മൂക്കയുടെ മാനറിസങ്ങള്‍ സ്‌ക്രിപ്റ്റിലുണ്ടായിരുന്നില്ല. അത് അദ്ദേഹമായി തന്നെ ചെയ്ത യുണീക്‌നെസാണ്. സേതുരാമയ്യര്‍ പിറകോട്ട് കൈ കെട്ടി നടക്കുന്നത് പോലെ ഇത് അദ്ദേഹം തന്നെ ചെയ്തതാണ്. അത് നമ്മള്‍ പോലും പലപ്പോഴും അറിഞ്ഞിട്ടില്ല
ഒരു സീന്‍ ചെയ്ത് കഴിഞ്ഞ് പത്ത് പന്ത്രണ്ട് ദിവസം കഴിഞ്ഞ് അത് വീണ്ടും ചെയ്യുമ്പോള്‍ എഡിറ്റില്‍ നോക്കുമ്പോള്‍ പുള്ളി താടി തടവുന്നത് എന്തിനാണെന്ന് വിചാരിക്കും. പിന്നെ നോക്കുമ്പോള്‍ മനസിലാവും അതിന്റെ കണ്ടിന്യുവിറ്റി അദ്ദേഹം പിറകില്‍ പിടിച്ചിരിക്കുന്നതാണ്,’ റോണി പറഞ്ഞു.
അതേസമയം 50 കോടിയിലേക്കുള്ള കുതിപ്പിലാണ് കണ്ണൂര്‍ സ്‌ക്വാഡ്. ലോകമെമ്പാടും നിന്നും 40 കോടിയിലധികം രൂപ ചിത്രം സ്വന്തമാക്കിയെന്ന് പ്രമുഖ സിനി ട്രാക്കര്‍മാര്‍ പറയുന്നു. വരും ദിവസങ്ങളിലും ട്രെന്‍ഡ് തുടര്‍ന്നാല്‍ മികച്ച കളക്ഷന്‍ സിനിമക്ക് സ്വന്തമാക്കാന്‍ കഴിയും എന്ന് തന്നെയാണ് കരുതപ്പെടുന്നത്.
നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്. കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യും തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.
Content Highlight: Rony David talks about Mammootty’s manarisam in Kannur squad