റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് മമ്മൂട്ടി ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡ്. നടന്‍ റോണി ഡേവിഡാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍.
മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം ഈ വര്‍ഷത്തെ വിജയ ചിത്രമായിരുന്നു. ഇപ്പോള്‍ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്നോട് ഒരാള്‍ പറഞ്ഞ കഥയെ കുറിച്ച് സംസാരിക്കുകയാണ് റോണി.
‘കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ആദ്യം റിജക്റ്റ് ചെയ്തവരൊന്നും പിന്നെ സിനിമ റിലീസായ ശേഷം വിളിച്ചിട്ടില്ല. ചിലപ്പോള്‍ ചമ്മല്‍ കാരണമാകും വിളിക്കാത്തത്. എങ്കിലും എല്ലാം ഒരു ദൈവാദീനമായിട്ടാണ് ഞാന്‍ കാണുന്നത്.
അതുകൊണ്ടാണല്ലോ ഞങ്ങള്‍ കഥയുമായി മമ്മൂക്കയുടെ അടുത്തെത്തിയത്. പലരും കഥ കേള്‍ക്കാന്‍ പറ്റില്ല, ഇത്ര മാസം ഞാന്‍ ഫ്രീ ആകില്ല എന്നൊക്കെയാണ് പറഞ്ഞിരുന്നത്.
അപ്പോള്‍ ഇതൊന്ന് കേട്ട ശേഷം പറഞ്ഞാല്‍ പോരേയെന്ന് ചോദിക്കുമ്പോള്‍, കേട്ടിട്ട് മാത്രം കാര്യമില്ലല്ലോ. ഇത്ര മാസം ഞാന്‍ ഫ്രീയല്ലല്ലോ, പിന്നെ ഞാന്‍ കേട്ടിട്ട് എന്തിനാണെന്ന് ചോദിക്കും. ചിലര് വളരെ റൂഡായിട്ടാകും സംസാരിക്കുക.
നമ്മളുടെ അടുത്ത് പുതിയ ആളുകള്‍ പലരും ഇന്‍സ്റ്റയിലും മറ്റും കഥ പറയാന്‍ വരട്ടേയെന്ന് ചോദിക്കും. അപ്പോള്‍ നമ്പറ് നല്‍കിയിട്ട് ബുദ്ധിമുട്ടാകില്ലെങ്കില്‍ എനിക്ക് ആ നമ്പറില്‍ കഥ എന്താണെന്ന് നാലോ അഞ്ചോ മിനിട്ടിനുള്ളില്‍ മനസിലാകുന്ന തരത്തില്‍ അയക്കാന്‍ പറയും.
അതുകേട്ടിട്ട് നല്ലതായിട്ട് തോന്നിയാല്‍ മെയില്‍ വഴി സ്‌ക്രിപ്റ്റ് അയക്കാന്‍ പറയും. ചില കഥകളൊക്കെ വളരെ നന്നായിരിക്കും. ചിലത് കേട്ടിട്ട് എന്റെ ബോധം പോകേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.
അതില്‍ ഒരാള്‍ പറഞ്ഞ കഥ ഇന്നും ഓര്‍മയുണ്ട്, ഒരു എട്ടാം ക്ലാസ്സുകാരന്‍ സ്‌കൂളില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തി. അമ്മച്ചി എന്തുപറ്റിയെടാ മുഖം വല്ലാതെയിരിക്കുന്നതെന്ന് ചോദിക്കുമ്പോള്‍ ഒന്നുമില്ലെന്ന് പറയുന്നു.
അമ്മച്ചി പിന്നീട് അവന്റെ ബാഗ് തുറന്നു നോക്കുമ്പോള്‍ അതില്‍ അധ്യാപകന്റെ തലയാണ് കാണുന്നത്. ഇത്രയും പറഞ്ഞിട്ട് ഈ കഥ എങ്ങനെയുണ്ട് ഞെട്ടിയില്ലേ എന്ന് ചോദിച്ചു. ഞാന്‍ ഞെട്ടിയെന്ന് മറുപടി പറഞ്ഞു.
എന്തിനാണ് ആ കുട്ടി അധ്യാപകന്റെ തല വെട്ടിയതെന്ന് ചോദിച്ചപ്പോള്‍, മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലാണെന്ന് പറഞ്ഞു. കഥയുടെ ബാക്കി ചോദിച്ചപ്പോള്‍ ബാക്കി എഴുതണമത്രേ.
ഇതില്‍ ഞെട്ടിയിട്ടുണ്ടെങ്കില്‍ ബാക്കി എഴുതിയാല്‍ പോരേന്ന് കരുതിയതാണ്. ഇതില്‍ ഞാന്‍ ഞെട്ടി, എന്തായാലും കഥ ബാക്കി എഴുതേണ്ട എന്ന് ഞാന്‍ പറഞ്ഞു,’ റോണി ഡേവിഡ് പറഞ്ഞു.
Content Highlight: Rony David Talks About His Experience