| Thursday, 30th November 2023, 8:02 pm

മമ്മൂക്കയുടെ മുന്നിൽ അങ്ങനെ ചെയ്യുന്നത് പരമ വിഡ്ഢിത്തരമാണ്, അബദ്ധം ഞങ്ങൾക്കും പറ്റി: റോണി ഡേവിഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വർഷം ഇറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്.

നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയം ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നാൽവർസംഘം ഇന്ത്യയിലുടനീളം നടത്തുന്ന യാത്രയാണ്. ബോക്സ് ഓഫീസിൽ വമ്പൻ ചലനം സൃഷ്ടിച്ച ചിത്രത്തിന്റെ തിരക്കഥാകൃത്തിൽ ഒരാൾ നടൻ കൂടിയായ റോണി ഡേവിഡ് ആയിരുന്നു.

മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് റോണി. മലയാള സിനിമയ്ക്ക് ഒട്ടനവധി പുതുമുഖ സംവിധായകരെ സമ്മാനിച്ച നടനാണ് മമ്മൂട്ടിയെന്നും അദ്ദേഹത്തോട് കഥ പറയുന്ന സമയത്ത് ചില ആളുകൾ ഡയലോഗുകൾ മോഡുലേറ്റ് ചെയ്ത് പറയാറുണ്ടെന്നും അത് ശുദ്ധ മണ്ടത്തരമാണെന്നും റോണി പറയുന്നു. കണ്ണൂർ സ്‌ക്വാഡിന്റെ സമയത്ത് തങ്ങൾക്കും ആ അബദ്ധം പറ്റിയിരുന്നെന്നും മിർച്ചി മലയാളത്തോട് റോണി പറഞ്ഞു.

‘മമ്മൂക്ക എപ്പോഴും പുതിയ ടീമുകളെ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ്. പുതിയ പുതിയ നിർദ്ദേശങ്ങളിലാണെങ്കിലും പുതിയ ഐഡിയകളിലാണെങ്കിലും അദ്ദേഹം എപ്പോഴും താത്പര്യം പ്രകടിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഒരു തോട്ട് പ്രോസസ് അങ്ങനെയാണ്. എൺപതുകളിലും തൊണ്ണൂറുകളിലും രണ്ടായിരത്തിലുമെല്ലാം അദ്ദേഹം അങ്ങനെയായിരുന്നു.

പണ്ട് ലോഹിയേട്ടൻ ആയിരുന്നെങ്കിൽ പിന്നെ അത് ലാൽജോസ് ആയി ബ്ലസിയായി അമൽ നീരദായി അൻവർ റഷീദും മാർട്ടിൻ പ്രകാട്ടും അങ്ങനെ ഒരുപാട് പേരായി മമ്മൂക്ക ഉണ്ടാക്കിയ സൈക്കിൾ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ഫയർ പവർ ഉള്ള ആളുകളെ കാണുമ്പോൾ തിരിച്ചറിയാൻ ഉള്ള അദ്ദേഹത്തിന്റെ കഴിവാണത്.

ഞാൻ പണ്ട് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ചില ആളുകൾ മമ്മൂക്കയോട് കഥ പറയാൻ ചെന്നാൽ അവർ ഡയലോഗുകൾ മോഡുലേറ്റ് ചെയ്ത് മമ്മൂക്കയ്‌ക്ക് പറഞ്ഞുകൊടുക്കും. അദ്ദേഹത്തിന്റെ ഡയലോഗുകൾ നമ്മൾ നേരെ വായിച്ചു കൊടുത്താൽ മാത്രം മതി. അദ്ദേഹത്തിന് മുന്നിൽ മോഡുലേഷൻ ചെയ്യുന്നത് പരമ വിഡ്ഢിത്തരമാണ്.

അത്രയും നന്നായി ഡയലോഗ് പറയുന്ന ആളുടെ അടുത്ത് നമ്മൾ അങ്ങനെ പറയേണ്ട ആവശ്യം എന്താണ്. അത് അദ്ദേഹം ചെയ്തോളും അത് മമ്മൂക്കയുടെ ജോലിയാണ്.

കണ്ണൂർ സ്‌ക്വാഡിന്റെ കഥ പറയുമ്പോൾ പലവട്ടം ഞങ്ങൾക്ക് ആ മണ്ടത്തരം പറ്റിയിട്ടുണ്ട്. പക്ഷേ അത് ആ ഒരു എക്സൈസ്മെന്റിൽ സംഭവിച്ച് പോകുന്നതാണ്. പക്ഷേ ആ കാര്യം അദ്ദേഹത്തിനും നന്നായി അറിയാം,’റോണി ഡേവിഡ് പറയുന്നു.

Content Highlight: Rony David Talk About Mammooty And Kannur Squad Movie

We use cookies to give you the best possible experience. Learn more