വൻ പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം തിയേറ്ററുകളില്‍ വലിയ ചലനമുണ്ടാക്കിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് റോണിയും ഷാഫിയുമാണ്.
കണ്ണൂർ സ്‌ക്വാഡിന്റെ തിരക്കഥ എഴുതിയ സ്ഥലങ്ങളെക്കുറിച്ച് ക്ലബ്ബ് എഫ്.എമ്മിന്റെ റൈറ്റേഴ്‌സ് ക്ലബ്ബ്23 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു റോണി ഡേവിഡ്. സിനിമാട്ടോഗ്രാഫറിന്റെ ഹബ്ബിലും തന്റെ വീട്ടിലും വെച്ചായിരുന്നു കഥ എഴുതിയിരുന്നതെന്ന് റോണി പറഞ്ഞു. കഥ എഴുതാൻ തുടങ്ങിയപ്പോൾ തന്റെ വീടിന്റെ മുന്നിലുള്ള മൂന്ന് വീടുകളുടെ തറപണി തുടങ്ങിയിരുന്നെന്നും എഴുതി തീർന്നപ്പോൾ ഗൃഹപ്രവേശം കഴിഞ്ഞെന്നും ആയെന്നും റോണി പറഞ്ഞു.
‘ഞങ്ങളുടെ സിനിമാറ്റോഗ്രാഫർ റാഹേലിന്റെ ഒരു ഹബ്ബ് ഉണ്ടായിരുന്നു. അവിടെയൊരു സെറ്റിയുണ്ട്. അതിന്റെ മുകളിൽ മിക്കവാറും ഉയരം കൂടിയ സ്ഥലത്ത് ഇവനായിരിക്കും ഇരിക്കുന്നത്. കാരണം അവന് ചമ്രം പടിഞ്ഞിരിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് കുള്ളന്മാരായ ഞാനും റാഹേലും താഴെയാണ് ഇരിക്കുക. റോബിയെ ഞങ്ങൾ ആദ്യമേ മൂലക്കാക്കി. അങ്ങനെ ഞങ്ങൾ അവിടെ ഒരു എഴുത്ത് പരിപാടി ഉണ്ടായിരുന്നു.
പിന്നെ എന്റെ വീടിന്റെ മുകൾഭാഗത്ത് വെച്ച് എഴുതിയിരുന്നു. മുകളിൽ തുറസായ ഒരു സ്ഥലമാണ്. ഞങ്ങൾ എഴുതാൻ തുടങ്ങിയപ്പോൾ ഓപ്പോസിറ്റ് ഉള്ള മൂന്നു വീടുകളുടെ ഫൗണ്ടേഷൻ ആയിരുന്നു, എഴുതി കഴിഞ്ഞപ്പോഴേക്കും മൂന്ന് വീടിന്റെയും ഗൃഹപ്രവേശം കഴിഞ്ഞിരുന്നു . അവരൊക്കെ വീട്ടിൽ കയറി താമസം തുടങ്ങി. അപ്പോഴാണ് എഴുതി തീർന്നത്,’ റോണി ഡേവിഡ് പറഞ്ഞു.
മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അസീസ് നെടുമങ്ങാട്, റോണി ഡേവിഡ്, ശബരീഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ നടത്തിയ കൊലപാതകത്തിന് ശേഷം നോര്‍ത്ത് ഇന്ത്യയിലേക്ക് രക്ഷപ്പെടുന്ന പ്രതികളെ പിടിക്കാനായി ഇറങ്ങി തിരിക്കുന്ന നാലംഗ കണ്ണൂര്‍ സ്‌ക്വാഡിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
Content Highlight: Rony david shares the kannur squad script writing experience