| Sunday, 3rd December 2023, 2:53 pm

നയൻ‌താര വരുന്ന സമയത്ത് ആവശ്യമില്ലാത്ത ആളുകൾ ഉള്ളിൽ ഇരിക്കരുതെന്ന് പറഞ്ഞ് അവരെന്നെ പുറത്താക്കി: റോണി ഡേവിഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രമായിരുന്നു നിഴൽ. അപ്പു എൻ. ഭട്ടതിരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ റോണി ഡേവിഡും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയുടെ ലൊക്കേഷനിൽ വെച്ചുള്ള അനുഭവങ്ങൾ അൺഫിൽറ്റെർഡ് പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു റോണി ഡേവിഡ്. ഷൂട്ടിങ് ലൊക്കേഷനിൽ രാവിലെ നേരത്തെ എത്തിയിരുന്നെന്നും കുഞ്ചാക്കോ ബോബനും നയൻതാരയും നേരത്തെ വരുന്ന ആളുകളാണെന്നും റോണി പറഞ്ഞു.

ഒരു ഫ്ലാറ്റിലാണ് ഷൂട്ട് നടക്കുന്നതെന്നും താനും കുറച്ച് പേരും അവിടെ ഇരിക്കുമ്പോൾ സഫാരി സ്യൂട്ടിൽ അഞ്ചെട്ട് ആളുകൾ വന്നിട്ട് പുറത്തേക്ക് പോകാൻ പറഞ്ഞെന്നും റോണി പറയുന്നുണ്ട്. നയൻ‌താര വരുമ്പോൾ ആവശ്യമില്ലാത്തവർ ഉണ്ടാവാൻ പാടില്ല എന്ന് പറഞ്ഞ് പുറത്താക്കിയെന്നും ഇത് ചാക്കോച്ചനോട് ആരോടും പറയരുതെന്ന് പറഞ്ഞെന്നും റോണി ഡേവിഡ് കൂട്ടിച്ചേർത്തു.

‘നിഴൽ എന്ന സിനിമയിൽ നയൻതാര, കുഞ്ചാക്കോ ബോബൻ ആണല്ലോ അഭിനയിച്ചിട്ടുള്ളത്. ഒരു ഫ്ലാറ്റിലാണ് ഷൂട്ട് നടക്കുന്നത്. ഞാൻ കാലത്ത് 9 മണിക്ക് തന്നെ എത്തി. ചാക്കോച്ചൻ വളരെ നേരത്തെ എത്തുന്ന ആളാണ്. ഞാൻ അതിനുമുമ്പ് എത്തി. ഞാൻ കേട്ടിട്ടുണ്ട് നയൻതാരയും നേരത്തെ വരുന്ന ആളാണെന്ന്. ഞാനും വേറെ രണ്ടു മൂന്നു പേരും ഇങ്ങനെ ഇരിക്കുകയാണ്. പെട്ടെന്ന് സഫാരി സ്യൂട്ടിലെ അഞ്ചെട്ട് പേര് ഇങ്ങോട്ട് വന്നു ചാടി.

നമ്മളോട് എഴുന്നേൽക്കാൻ പറഞ്ഞു. എടോ പുറത്തേക്ക് വാ എന്ന് പറഞ്ഞു. ദൈവമേ ബോംബ് ഭീഷണി വല്ലതുമാണോ എന്നറിയില്ലലോ സഫാരി സ്യൂട്ടിൽ ആണല്ലോ വന്നത്. വേറെ സ്ഥലത്ത് നിന്ന് വരുന്ന ആളുകളാണ്. അമ്മ വരുന്ന സമയത്ത് ആവശ്യമില്ലാത്ത ആൾക്കാരൊന്നും ഇവിടെ നിൽക്കാൻ പാടില്ല എന്ന് പറഞ്ഞു പുറത്താക്കി.

ഞാൻ ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞപ്പോൾ പുറത്തു പോകാനാണ് പറഞ്ഞത്. ഞാൻ ചാക്കോച്ചനോട് എന്നെയൊക്കെ പിടിച്ച് പുറത്താക്കി എന്ന് പറഞ്ഞു. പുറത്ത് പറയണ്ട എന്നെയും അവർക്ക് വലിയ കാര്യമായിട്ടില്ല എന്ന് ചാക്കോച്ചനും എന്നോട് പറഞ്ഞു. ഇങ്ങനെയുള്ള ആളുകളെ പുള്ളിക്കാരി വെച്ചിട്ടുള്ളത് ചിലപ്പോൾ പഴയകാല അനുഭവത്തിന് പുറത്തായിരിക്കും,’ റോണി ഡേവിഡ് പറഞ്ഞു.

Content Highlight: Rony david shared a funny moment in nizhal movie’s location

We use cookies to give you the best possible experience. Learn more