മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കണമെന്ന തന്റെ ആഗ്രഹം വിജയരാഘവന്‍ വെളിപ്പെടുത്തിയത് നേരത്തെ ശ്രദ്ധ നേടിയിരുന്നു. അത് നടക്കാതിരിക്കുന്നതിന് കാരണം പറയുകയാണ് വിജയരാഘവന്‍. പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ഭാഗമായി 24 ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഈ ആഗ്രഹത്തെ പറ്റി ചോദിച്ച അവതാരകനോട് മമ്മൂട്ടി അതിന് സമ്മതിക്കുന്നില്ല എന്നാണ് വിജയരാഘവന്‍ പറഞ്ഞത്. ‘അങ്ങേര് സമ്മതിക്കില്ല. ആ ഒരു കുഴപ്പമേയുള്ളൂ. പല ചാന്‍സുകളും വന്നതാണ്,’ വിജയരാഘവന്‍ പറഞ്ഞു.
അതെന്താ മമ്മൂക്ക അങ്ങനെ പറഞ്ഞത് എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ വെറുതെ പറയുന്നതാണ് എന്നാണ് മമ്മൂട്ടി നല്‍കിയ മറുപടി.
ഈ സമയം ഇരുവരും തമ്മില്‍ ഒരിക്കല്‍ നടന്ന രസകരമായ സംഭാഷണം റോണി ഡേവിഡും വെളിപ്പെടുത്തി. ‘കുട്ടേട്ടന്‍ പറഞ്ഞ ഒരു ഉഗ്രന്‍ തമാശയുണ്ട്. ഒരിക്കല്‍ വളരെ പേഴ്‌സണല്‍ ആയി പറഞ്ഞ കാര്യമാണ്. തന്റെ അച്ഛനായി അഭിനയിക്കണം, വളരെയധികം അഭിനയ പ്രാധാന്യമുള്ള ചലഞ്ചിങ്ങായ കഥാപാത്രമാവണം എന്ന് ഒരിക്കല്‍ ഞാന്‍ മമ്മൂസിനോട് പറഞ്ഞു. എന്നാല്‍ പിന്നെ ഞാന്‍ തന്നെ ചെയ്താല്‍ പോരേ, തനിക്കെന്തിനാണ് തരുന്നത് എന്നാണ് മമ്മൂക്ക കുട്ടേട്ടനോട് പറഞ്ഞത്. അതാണ് നമ്മുടെ ആള്,’ റോണി പറഞ്ഞു.
കണ്ണൂര്‍ സ്‌ക്വാഡിന്റെ ഷൂട്ടിനിടയില്‍ പലപ്പോഴും താന്‍ വിജയരാഘവന്റെ മുഖത്തേക്ക് നോക്കിയെന്ന് മമ്മൂട്ടിയും പറഞ്ഞു. ‘ഷൂട്ടിങ് നടക്കുമ്പോള്‍ ഞാന്‍ പലപ്പോഴും ഇയാളുടെ തന്നെ മുഖത്തേക്ക് നോക്കിയിരുന്നിട്ടുണ്ട്. പൊലീസ് ഓഫീസറാവേണ്ട ആളല്ല ഈ കഥാപാത്രം എന്ന് തോന്നും.
വളരെ സൗമ്യനായ ഒരു പൊലീസ് ഓഫീസര്‍. ഒരു തരത്തിലും ദേഷ്യപ്പെടുന്ന ഒരാളല്ല. നമുക്ക് വേണ്ടി സംസാരിക്കുന്ന ഒരാളാണ്. അദ്ദേഹത്തിന്റേതാണ് ഈ സ്‌ക്വാഡ്. കാസര്‍ഗോഡ് എസ്.പിക്ക് വിട്ടുകൊടുക്കുന്നതാണ്,’ മമ്മൂട്ടി പറഞ്ഞു.
അതേസമയം മികച്ച അഭിപ്രായവുമായി കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററുകളില്‍ മുന്നേറുകയാണ്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന് മുഹമ്മദ് ഷാഫിയാണ് കഥയെഴുതിയത്. ഷാഫിയും റോണി ഡേവിഡും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, റോണി ഡേവിഡ്, മനോജ് കെ.യു, കിഷോര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Rony David reveals the funny conversation between mammootty and Vijayaraghavan