മനസുമുഴുവന്‍ സിനിമയായിരുന്നെങ്കിലും ഡോക്ടര്‍ ജോലി ചെയ്തിരുന്ന കാലത്തെ കുറിച്ച് സംസാരിക്കുകയാണ് നടനും കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാകൃത്തുമായ റോണി ഡേവിഡ് രാജ്. സിനിമ എന്ന ഭ്രാന്ത് ഉണ്ടായിരുന്നെങ്കിലും പഠനം കഴിഞ്ഞ് കുറച്ചു കാലം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളൊക്ക ഏറ്റെടുത്ത് ഡോക്ടറായി ജോലി ചെയ്തിരുന്നെന്നും റോണി പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോണി. സിനിമാ ലൊക്കേഷനില്‍ വെച്ച് മോഹന്‍ലാലിന് അസുഖം വന്നപ്പോള്‍ താന്‍ ചികിത്സിച്ചതിനെ കുറിച്ചുമൊക്കെ റോണി സംസാരിച്ചു.
‘ ഗള്‍ഫിലെ കിംസില്‍ ജോലിക്ക് കയറിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴും ഡോക്ടര്‍ പണി തന്നെയായിരുന്നു ചെയ്തത്. എറണാകുളത്തെ ആശുപത്രികളിലെ കാഷ്വാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്ത ഡോക്ടര്‍മാരില്‍ ഒരാള്‍ ഞാന്‍ തന്നെയാകും.
ഡോക്ടര്‍ പണി ഞാന്‍ സിനിമയിലും എടുത്തിട്ടുണ്ട്. കുരുക്ഷേത്ര സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ലാലേട്ടന് ചുമയും ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. അദ്ദേഹത്തിന്റെ ഡോക്ടറെ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ മേജര്‍ രവി സാറാണ് എന്റെ കാര്യം പറഞ്ഞത്. അങ്ങനെ ഞാന്‍ സ്റ്റെതസ്‌കോപ്പുമായി ലാലേട്ടനെ പരിശോധിക്കാന്‍ പോയി. ലാലേട്ടന്റെ നെഞ്ചില്‍ സ്തെതസ്‌കോപ്പ് വെച്ച് പരിശോധിക്കുമ്പോള്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാന്‍.
ഡോക്ടര്‍ പ്രൊഫഷനിലേക്ക് താന്‍ എത്തിയതിനെ കുറിച്ചും അഭിമുഖത്തില്‍ റോണി സംസാരിച്ചു.’ സത്യത്തില്‍ ബയോളജിയിലെ മാര്‍ക്കാണ് എന്നെ ചതിച്ചത്. ബയോളജിക്ക് നല്ല മാര്‍ക്കുണ്ടെന്ന് പറഞ്ഞാണ് അച്ഛനും അമ്മയും എന്നെ മെഡിസിന് ചേര്‍ത്തത്. തിരുവനന്തപുരം എം.ജി കോളേജില്‍ പഠിക്കുമ്പോള്‍ നാടകമായിരുന്നു തലയില്‍ മുഴുവന്‍.
കോളേജ് നാടകങ്ങളില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരള സര്‍വകലാശാല കലോത്സവത്തില്‍ നാടകത്തില്‍ മികച്ച രണ്ടാമത്തെ നടനായും തിരഞ്ഞെടുക്കപ്പെട്ടതോടെ ആവേശമേറി. അഭനയം തന്നെ ജീവിതം എന്നുറപ്പിച്ച കാലമായിരുന്നു അത്. എന്നാല്‍ എം.ബി.ബി.എസ് കഴിഞ്ഞിട്ട് മതി ബാക്കിയുള്ള പരിപാടികളെല്ലാമെന്നായിരുന്നു അച്ഛന്റേയും അമ്മയുടേയും നിലപാട്.
‘ അച്ഛനാടാ പറയുന്നേ’ എന്ന സിനിമാ ഡയലോഗ് പോലെ അച്ഛന്‍ സ്‌ട്രോങ് ആയതോടെ എം.ബി.ബി.എസ് എടുക്കാതെ രക്ഷയില്ലെന്ന് എനിക്കും മനസിലായി. അങ്ങനെയാണ് തമിഴ്‌നാട് സേലത്തെ വിനായക മെഡിക്കല്‍ കോളേജില്‍ചേരുന്നത്. പിന്നെ ഡോക്ടറാകാതെ അവിടെ നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലല്ലോ.,’ റോണി ഡേവിഡ് പറഞ്ഞു.
Content Highlight: Rony David raj about Mohanlal Health Issues and his treatement