മലയാള സിനിമയിലെ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ച നടനാണ് റോണി ഡേവിഡ് രാജ്. ഹെലന്‍, 2018, ആനന്ദം തുടങ്ങി നിരവധി സിനിമകളില്‍ റോണി അഭിനയിച്ചിട്ടുണ്ട്.
ഡോക്ടര്‍ കൂടിയായ ഇദ്ദേഹം തിരക്കഥ എഴുതിയ മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററില്‍ റിലീസ് ആയിരിക്കുകയാണ്.
മികച്ച പ്രതികരണമാണ് സിനിമക്ക് ആദ്യ ദിനം ലഭിക്കുന്നത്. സിനിമക്ക് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നതിന് ഒപ്പം തന്നെ ചിത്രത്തിന്റെ ഓരോ മേഖലേയും പ്രേക്ഷകര്‍ അഭിനന്ദിക്കുന്നുണ്ട്.
കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് സിനിമയുടെ വലിയ വിജയമെന്ന് പറയുന്നവരും കുറവല്ല. അത്തരത്തില്‍ മികച്ച തിരക്കഥ എഴുതിയ റോണിക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
പലര്‍ക്കും റോണിയാണ് സിനിമയുടെ തിരക്കഥകൃത്ത് എന്ന കാര്യം പുതിയ അറിവ് കൂടിയാണ്. ഇതും പലരിലും കൗതുകം ഉണര്‍ത്തുന്നുണ്ട്.
എന്തായാലും സിനിമയുടെ റിലീസിന് ശേഷം റോണിയും തിരക്കഥയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്.
സിനിമയുടെ കഥ എഴുതിയ ഷാഫിയും റോണിയും ചേര്‍ന്നാണ് കണ്ണൂര്‍ സ്‌ക്വാഡിന് തിരക്കഥ എഴുതിയിരിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് സംവിധാനം ചെയ്തിരിക്കുന്ന നവാഗതനായ റോബി വര്‍ഗീസ് രാജ് റോണിയുടെ സഹോദരന്‍ കൂടിയാണ്.
അതേസമയം തിയേറ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ പൂര്‍ണ സംതൃപ്തിയാണ് ചിത്രം നല്‍കുന്നതെന്നും കണ്ണൂര്‍ സ്‌ക്വാഡിലൂടെ മികച്ച മറ്റൊരു പുതുമുഖ സംവിധായകനെ കൂടി മമ്മൂട്ടി മലയാളത്തിന് നല്‍കിയെന്നും സിനിമ ആദ്യ ഷോ കണ്ടവര്‍ പറഞ്ഞിരുന്നു.
പ്രകടനത്തിലേക്ക് വരുമ്പോള്‍ മമ്മൂട്ടിയുടെ കാര്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ട ആവശ്യമില്ലെന്നും ചിത്രത്തിന്റെ ഭാഗമായ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും അഭിപ്രായങ്ങളുണ്ട്.
സുഷിന്‍ ശ്യാമിന്റെ മ്യൂസിക് ചിത്രത്തിന് മുതല്‍ക്കൂട്ടായെന്നും ഇന്‍വെസ്റ്റിഗേഷന്‍ മാത്രമല്ല, ഇമോഷണലിയും ചിത്രം കണക്ടാവുന്നുണ്ടെന്നും ചിത്രം കണ്ടവര്‍ പറയുന്നു. ആദ്യദിവസത്തെ പ്രതികരണങ്ങള്‍ ഇനി വരുന്ന ദിവസങ്ങളിലും തുടര്‍ന്നാല്‍ ചിത്രം സൂപ്പര്‍ ഹിറ്റാവുമെന്ന പ്രതീക്ഷയാണുള്ളത്.
കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.