കണ്ണൂർ സ്‌ക്വാഡ് തീർത്ത അലയൊലികൾ ബോക്സ് ഓഫീസിൽ കെട്ടടങ്ങിയിട്ടില്ല. റെക്കോഡുകൾ തിരുത്തി കുറിച്ച് മമ്മൂട്ടി ചിത്രം മുന്നേറുമ്പോൾ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ റോണി ഡേവിടും നടൻ അസീസ് നെടുമങ്ങാടും.
കണ്ണൂർ സ്‌ക്വാഡെന്ന നാൽവർ സംഘത്തിൽ പ്രധാന വേഷങ്ങളിലാണ് ഇരുവരും സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ ജയകുമാർ എന്ന റോണിയുടെ കഥാപാത്രവും മമ്മൂട്ടിയും ഒരുമിച്ചുള്ളൊരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് റോണി ഡേവിഡ്.
‘മമ്മൂക്കയെ സംബന്ധിച്ച് ആ ഒരു ഡയലോഗ് മാത്രമേ ഉള്ളു. പക്ഷെ അത് മമ്മൂക്ക പറയുന്ന രീതിയാണ്. മമ്മൂക്ക കരഞ്ഞു കൊണ്ടാണ് ആ ഡയലോഗ് പറയുന്നത്,’റോണി പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരങ്ങൾ
കണ്ണൂർ സ്‌ക്വാഡിൽ ഞാൻ എന്റെ പ്രശ്നങ്ങൾ പറയുന്ന സീനിൽ അത് കേട്ടിട്ട് മമ്മൂക്ക എന്നോട് പറയുന്ന ഒരു കാര്യമുണ്ട്. നീയിത് ഉള്ളിൽ വെച്ചോണ്ടിരുന്നാൽ എങ്ങനെ അറിയാനാണ് എന്ന്. മമ്മൂക്കയെ സംബന്ധിച്ച് ആ ഒരു ഡയലോഗ് മാത്രമേ ഉള്ളു. പക്ഷെ അത് മമ്മൂക്ക പറയുന്ന രീതിയാണ്.
മമ്മൂക്ക കരഞ്ഞു കൊണ്ടാണ് ആ ഡയലോഗ് പറയുന്നത്. ആ സീനിൽ മമ്മൂക്ക എന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ലായിരുന്നു. ആ ഷോട്ട് കഴിഞ്ഞപ്പോൾ മമ്മൂക്ക എന്നോട് പറഞ്ഞു, ഞാൻ മുഖത്ത് നോക്കാത്തതിന് നിനക്ക് വിഷമം തോന്നല്ലെടാ. മുഖത്തേക്ക് നോക്കിയാൽ ചിലപ്പോൾ ഈ സീൻ മൊത്തം കൂട്ടകരച്ചിൽ ആയി മാറും.
അദ്ദേഹം ബുദ്ധിപരമായി ആ സീനിനെ സമീപിച്ച രീതിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അദ്ദേഹത്തിന്റെ എക്സ്പീരിയൻസിനെ കുറിച്ചാണ് ഞാൻ പറയുന്നത്. നൂറാം വൺ ഡേ ഇന്റർനാഷണൽ കളിക്കുന്ന ഒരാളും നാൽപതാം വൺ ഡേ ഇന്റർനാഷണൽ കളിക്കുന്ന ഒരാളും ഒരു വേൾഡ് കപ്പ് സെമി ഫൈനലിൽ ഒന്നിച്ചൊരു ഗ്രൗണ്ടിൽ ഇറങ്ങിയാൽ എങ്ങനെയുണ്ടാവും, അതായിരുന്നു അവസ്ഥ.
സച്ചിൻ ടെണ്ടുൽക്കർ സച്ചിനാണ്, വിരാട് കോഹ്‌ലി കോഹ്‌ലിയുമാണ്. മമ്മൂക്ക അതുപോലെ അത്രയും ഉയരത്തിൽ നിൽക്കുന്ന ഒരാളാണ്. അദ്ദേഹം ഒരു സംഭവമാണ്. മമ്മൂക്ക ഒരു എക്സ്ട്രാ ഓർഡിനറി നടനാണ്.