| Friday, 5th July 2024, 5:25 pm

എന്റെ അഭിനയം പോരാ എന്ന് ആ സംവിധായകന്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞു: റോണി ഡേവിഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ സിനിമാമേഖലയില്‍ വന്ന് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് റോണി വര്‍ഗീസ്. ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിലാണ് റോണിയുടെ ആദ്യ ചിത്രം. പിന്നീട് ഒരുപാട് ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത റോണി, 2016ല്‍ പുറത്തിറങ്ങിയ ആനന്ദത്തിലൂടെയാണ് ശ്രദ്ധേയനായത്.

മലയാള സിനിമ റിയലിസ്റ്റിക്കിലേക്ക് മാറിയ സമയത്താണ് താന്‍ സിനിമയില്‍ സജീവമായതെന്നും ആ സമയത്ത് താന്‍ പഠിച്ചുവെച്ച അഭിനയരീതി മൊത്തം പെളിച്ചെഴുതേണ്ടി വന്നുവെന്നും റോണി പറഞ്ഞു. പലപ്പോഴും അത്തരം രീതികളോട് പൊരുത്തപ്പെടാന്‍ ഒരുപാട് സമയമെടുക്കേണ്ടി വന്നിട്ടുണ്ടെന്നും ചില സമയത്ത് സംവിധായകര്‍ ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.

ഉണ്ട എന്ന സിനിമയില്‍ സുധി കോപ്പക്ക് പകരമായിട്ടാണ് താന്‍ എത്തിയതെന്നും മറ്റ് ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സിലേക്ക് തന്റെ പെര്‍ഫോമന്‍സ് എത്തിക്കാന്‍ പാടുപെട്ടെന്നും റോണി പറഞ്ഞു. ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്റെ അഭിനയം പോരാ എന്ന് ഖാലിദ് തന്നോട് പറഞ്ഞെന്നും റോണി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ പാര്‍ട്‌ണേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘മലയാള സിനിമ റിയലിസ്റ്റിക് രീതിയിലേക്ക് മാറിയ സമയത്താണ് ഞാന്‍ സിനിമയില്‍ സജീവമായത്. അതുവരെ നമ്മളൊക്കെ പഠിച്ചുവെച്ച ആക്ടിങ് രീതിയില്‍ വ്യത്യസ്തമായിട്ടായിരുന്നു ഓരോ സിനിമയിലും ചെയ്യേണ്ടിയിരുന്നത്. ആദ്യമൊക്കെ അത് ഉള്‍ക്കൊള്ളാന്‍ നല്ലവണ്ണം ടൈമെടുത്തിരുന്നു. അതില്‍ തന്നെ മറക്കാന്‍ പറ്റാത്ത അനുഭവം ഉണ്ടയിലേതായിരുന്നു.

ആ സിനിമയില്‍ സുധി കോപ്പ ചെയ്യേണ്ട റോളിലേക്കാണ് എന്നെ വിളിച്ചത്. സുധി ആ സമയത്ത് വേറെ സിനിമയുടെ തിരക്കിലേക്ക് പോയി. ആ സിനിമയുടെ ഫോട്ടോഷൂട്ടൊക്കെ അവനെ വെച്ച് ചെയ്യിച്ചതാണ്. ഞാനാ സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്ത് ആദ്യത്തെ ദിവസം തന്നെ ഖാലിദ് എന്നോട് പറഞ്ഞത്, ‘ചേട്ടാ, നിങ്ങടെ പെര്‍ഫോമന്‍സ് ബാക്കിയുള്ളവരുടേതുമായിട്ട് സിങ്ക് ആവുന്നില്ല. കാണുമ്പോള്‍ എനിക്ക് തന്നെ അത് പോരാ എന്ന് തോന്നുകയാണ്’ എന്നായിരുന്നു. അതെല്ലാം മറികടന്നാണ് ഇന്ന് ഈ കാണുന്ന ലെവലില്‍ എത്തിയിരിക്കുന്നത്,’ റോണി പറഞ്ഞു.

Content Highlight: Rony David about the shooting experience of Unda movie and Khalid Rahman

We use cookies to give you the best possible experience. Learn more