ചെറിയ വേഷങ്ങളിലൂടെ സിനിമാമേഖലയില്‍ വന്ന് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് റോണി വര്‍ഗീസ്. ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിലാണ് റോണിയുടെ ആദ്യ ചിത്രം. പിന്നീട് ഒരുപാട് ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത റോണി, 2016ല്‍ പുറത്തിറങ്ങിയ ആനന്ദത്തിലൂടെയാണ് ശ്രദ്ധേയനായത്.
നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലും താരം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സി.പി.ഓ സുബൈര്‍ എന്ന കഥാപാത്രത്തെയാണ് റോണി ചിത്രത്തില്‍ അവതരിപ്പിച്ചത്. അതുവരെ കണ്ടു ശീലിച്ച പൊലീസ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അവതരണമായിരുന്നു ആക്ഷന്‍ ഹീറോ ബിജുവിലേത്.
ചിത്രത്തിലേക്ക് സംവിധായകന്‍ എബ്രിഡ് ഷൈന്‍ ആര്‍ട്ടിസ്റ്റുകളെ തെരഞ്ഞെടുത്ത അനുഭവം പങ്കുവെക്കുകയാണ് റോണി ഡേവിഡ്. സിനിമയുടെ ഓഡിഷന് വേണ്ടി ഒരുപാട് ആളുകള്‍ വന്നിരുന്നുവെന്നും അതില്‍ പലരും ഒരുപാട് സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചവരായിരുന്നുവെന്നും റോണി പറഞ്ഞു. എന്നാല്‍ സിനിമയില്‍ അതുവരെ മുഖം കാണിച്ചിട്ടില്ലാത്തവരെയാണ് എബ്രിഡ് സെലക്ട് ചെയ്തതെന്നും താന്‍ അതു കണ്ട് അന്തം വിട്ടുപോയെന്നും റോണി കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ആക്ഷന്‍ ഹീറോ ബിജുവിന്റെ സെറ്റില്‍ വെച്ച് ഒരു സംഭവമുണ്ടായിട്ടുണ്ട്. ഞാനത് ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല. കൊച്ചിയില്‍ ഇതിന്റെ ഷൂട്ട് നടക്കുകയായിരുന്നു. ഇനിയും ആര്‍ട്ടിസ്റ്റുകളെ ആവശ്യമുള്ളതുകൊണ്ട് അവിടെ വെച്ച് ഒരു ഓഡിഷന്‍ നടന്നിട്ടുണ്ടായിരുന്നു. ഒരുപാട് പേര്‍ അതിന് വേണ്ടി വന്നിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ എബ്രിഡ് വന്ന് എല്ലാവരുടെയും നടുക്ക് കയറി നിന്നിട്ട് തന്റെ ചുറ്റും വന്ന് നില്‍ക്കാന്‍ എല്ലാവരോടും പറഞ്ഞു.
എന്നിട്ട്, ‘ഇതില്‍ ആരൊക്കെ മുമ്പ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്’ എന്ന് ചോദിച്ചു. കേട്ട ഉടനെ കുറേപ്പേര്‍ കൈ പൊക്കി. വേറെ കുറച്ചുപേര്‍ ഒന്ന് ആലോചിച്ച ശേഷം കൈ പൊക്കി. 60-70 പേര്‍ ആ കൂട്ടത്തിലുണ്ടായിരുന്നു. ആറോ എഴോ പേര്‍ മാത്രമേ കൈ പൊക്കാതെ ഇരുന്നുള്ളൂ. അവരോട് മുന്നോട്ട് വരാന്‍ പറഞ്ഞിട്ട് ‘നിങ്ങളെ ഈ സിനിമയിലേക്ക് സെലക്ട് ചെയ്തു. ബാക്കിയുള്ളവരെ പിന്നീട് വിളിക്കാം’ എന്ന് പറഞ്ഞു. ഇതുവരെ അഭിനയിക്കാത്തവരെയായിരുന്നു ഷൈനിന് വേണ്ടിയിരുന്നത്. അങ്ങനെയൊരു സെലക്ഷന്‍ പ്രൊസസ്സ് ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല,’ റോണി ഡേവിഡ് പറഞ്ഞു.
Content Highlight: Rony David about the audition process of Action Hero Biju movie