| Monday, 9th October 2023, 9:10 am

ഡ്യൂപ്പല്ല, മമ്മൂക്കയാണിരിക്കുന്നത്, വണ്ടി മറിഞ്ഞുവെന്ന് വിചാരിച്ച് റോബി കണ്ണടച്ചുപോയി: റോണി ഡേവിഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂർ സ്‌ക്വാഡിലെ ചെയ്‌സിങ് സീനുകളെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡ്. സ്റ്റണ്ട് മാസ്റ്റർ ജോളി കാർ ഓടിച്ച സീനിൽ മമ്മൂട്ടിയുടെ ആവശ്യം ഇല്ലായിരുന്നെന്നും റോബിയുടെ നിർബന്ധത്തിന് ഇരുത്തിയതാണെന്നും റോണി പറഞ്ഞു.

ഒരു ചെയ്‌സിങ് സീൻ ചെയ്യുമ്പോൾ വണ്ടി മറിഞ്ഞു എന്ന് എല്ലാവരും കരുതിയെന്നും താരം കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റോണി വർഗീസ്.

‘ലോറിയിൽ തട്ടി തട്ടിയില്ല എന്ന് പറയുന്ന ഒരു സീനുണ്ട്. അത് ഗംഭീരം ആയിരുന്നു. റോബി വർഗീസിനെ പ്രാകി പോയിട്ടുള്ള സീനാണ്, അവൻ എന്റെ അനുജനാണെങ്കിൽ പോലും. വണ്ടിക്കകത്ത് മമ്മൂക്ക ഇരിക്കണം.


അവിടുന്നും ഇവിടുന്നും വരുന്ന ലോറികൾക്കിടയിലൂടെ പുള്ളി വണ്ടി ഓവർടേക്ക് ചെയ്യണം. പുള്ളി വണ്ടി കുതിരയെ പെടപ്പിക്കുന്നതുപോലെ മെല്ലെ മെല്ലെ പെടപ്പിച്ച് മുന്നിൽ നിന്ന് വരുന്ന ലോറിയുടെയും പിന്നിൽ നിന്ന് വരുന്ന ലോറിയുടെയും ഇടയിൽ കൂടെ വണ്ടി എടുക്കണം.
അതിൽ മമ്മൂക്ക ഇരിക്കേണ്ട ഒരു കാര്യവുമില്ല, ഏതെങ്കിലും ഡ്യൂപിനെ വെച്ച് ചെയ്താൽ മതി. പക്ഷേ ഇതിലേതെങ്കിലും ആംഗിളിൽ പെടുമെന്ന് പറഞ്ഞിട്ട് മമ്മൂക്കയെ അതിൽ ഇരുത്തിയത് റോബിയാണ്. വണ്ടി ഇങ്ങനെ തട്ടി തട്ടിയില്ല എന്ന് പറഞ്ഞ് ഓടിക്കാൻ ജോളി മാസ്റ്ററിന് ഭയങ്കര കമ്പമാണ്.

അതിലെ ഏതോ ഒരു സീനിൽ ഞാൻ നോക്കുമ്പോൾ അസോസിയേറ്റ്‌സും റോബിയുമൊക്കെ കണ്ണടച്ചിരിക്കുകയാണ്. അവർ വിചാരിച്ചത് വണ്ടി മറഞ്ഞു എന്നാണ്. മമ്മൂക്ക അല്ല വണ്ടി ഓടിക്കുന്നത് ജോളി മാസ്റ്റർ ആണ്. അനിയനും എല്ലാവരും കണ്ണടച്ചു. എന്നിട്ട് ഷോട്ട് കഴിഞ്ഞിട്ട് റോബി അവരോട് കൊള്ളാം എന്ന് പറഞ്ഞു. എന്നിട്ട് ഇങ്ങോട്ട് തിരിഞ്ഞിട്ട് ‘കുഴപ്പമില്ല വണ്ടി മറഞ്ഞിട്ടില്ല’ എന്നും പറഞ്ഞു.


അപ്പോൾ ഞാൻ റോബിയോടൊക്കെ വണ്ടി മറിയാൻ പോയോ എന്ന് ചോദിച്ചു. ‘വണ്ടി മറഞ്ഞു എന്ന് വിചാരിച്ചിട്ട്, ഞങ്ങളെല്ലാവരും കണ്ണ് അടച്ചിരിക്കുകയായിരുന്നു’എന്ന് അസോസിയേറ്റ് ജിബിൻ എന്റെ അടുത്ത് പറഞ്ഞു.

നന്നായിരുന്നു, നല്ല പരീക്ഷണം. ഞാനിതെല്ലാം അനുഭവിക്കാൻ വിധേയൻ ആണല്ലോ. എഴുത്തുകാരന് കൂടിയായി പോയില്ലേ എന്നാണ് ഞാൻ അപ്പോൾ അവരോട് പറഞ്ഞത്,’ റോണി ഡേവിഡ് പറഞ്ഞു.
ജോളി മാസ്റ്റർ നല്ല ഒരു സ്റ്റണ്ട് മാസ്റ്റർ ആണെന്നും ഓട്ടോറിക്ഷയൊക്കെ രണ്ട് വീലിലൊക്കെ ഓടിക്കുമെന്നും റോണി കൂട്ടിച്ചേർത്തു.

Content Highlight: Rony david about Mammootty’s chasing scene in kannur squad

We use cookies to give you the best possible experience. Learn more