മമ്മൂട്ടിക്കും മോഹൻലാലിനും താൻ നൽകുന്ന ബഹുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ റോണി ഡേവിഡ്. മമ്മൂട്ടിയെ ഒരു സ്റ്റാർ എന്ന രീതിയിലല്ല മറിച്ച് ഒരു നടൻ എന്ന നിലക്ക് തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് റോണി പറയുന്നുണ്ട്. താൻ ഡാഡികൂളിൽ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഉണ്ട എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോഴാണ് കൂടെ നിന്ന് ഫോട്ടോ എടുത്തതെന്ന് റോണി പറയുന്നുണ്ട്.
മമ്മൂട്ടിയെയോ മോഹൻലാലിനെയോ ആണെങ്കിലും ബുദ്ധിമുട്ടിക്കുന്നത് തനിക്ക് ഇഷ്ടമില്ലെന്നും റോണി പറഞ്ഞു. അവരുടെ കൂടെ അഭിനയിക്കുമ്പോൾ താൻ കാരണം റീടേക്ക് പോകാതിരിക്കാൻ ശ്രമിക്കാറുണ്ടെന്നും റോണി കൂട്ടിച്ചേർത്തു. യെസ്27 എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്കയെ ഒരു സ്റ്റാർ എന്ന രീതിയിലല്ല, മമ്മൂക്ക എന്ന ആക്ടറിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ലാലേട്ടനെയും ഇഷ്ടമാണ്. 2009ലെ ഡാഡികൂൾ പടം വർക്ക് ചെയ്തിട്ട് ഞാൻ മമ്മൂക്കയുടെ കൂടെ ഒരു സെൽഫി എടുക്കുന്നത് ഉണ്ട എന്ന സിനിമയിലാണ്. ഞാനതുവരെ മമ്മൂക്കയുടെ അടുത്ത് പോയിട്ട് ഒരു ഫോട്ടോയും ചോദിച്ചിട്ടില്ല. അവരെ ഞാൻ ബുദ്ധിമുട്ടിക്കാറില്ല.
നമ്മുടെ കോളേജിൽ പഠിപ്പിക്കുന്ന സാറിന്റെ അടുത്തുള്ള ബഹുമാനത്തോടുകൂടിയാണ് ഞാൻ പെർഫോം ചെയ്യുക. പെർഫോം ചെയ്യുമ്പോൾ ഒറ്റ കാര്യം മാത്രമേ നോക്കാറുള്ളൂ, അവരുടെ ഓപ്പോസിറ്റ് നിൽക്കുന്ന സമയത്ത് നമ്മൾ കാരണം ഒരു എക്സ്ട്രാ ടേക്ക് പോകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
കണ്ണൂർ സ്‌ക്വാഡിൽ വർക്ക് ചെയ്യുമ്പോൾ പോലും നമ്മുടെ ഭാഗത്തുനിന്നുള്ള ഒരു പിഴവ് കാരണം പുള്ളിയുടെ ഒരു സെക്കൻഡ് സമയം പോലും ഞാൻ കളഞ്ഞിട്ടില്ല. ലാൽ സാറിന്റെ ഓപ്പോസിറ്റ് ആയപ്പോഴും അങ്ങനെ തന്നെയാണ്. ആറാട്ട് പടം ചെയ്യുമ്പോഴും നമ്മൾ കാരണം അവരുടെ ഒരു സെക്കൻഡ് പോകരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അവരുടെ എക്സ്പീരിയൻസ് നമ്മൾ കൊടുക്കുന്ന ഗുരുദക്ഷിണയാണ്. അങ്ങനെയാണ് ഞാൻ മര്യാദ കാണിക്കുന്നത്,’ റോണി ഡേവിഡ് പറഞ്ഞു.
Content Highlight: Rony david about Mammootty