| Friday, 3rd January 2025, 10:27 am

ആളില്ലാത്തതിനാൽ ആ ആസിഫ് അലി ചിത്രം പ്രദർശിപ്പിച്ചില്ല, ഞാൻ അടിയുണ്ടാക്കി: റോണി ഡേവിഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ വിജയമായി മാറിയ മമ്മൂട്ടി ചിത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത സിനിമ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യ മുഴുവൻ യാത്ര ചെയ്യുന്ന നാല് പൊലീസുകാരുടെ കഥയാണ് പറയുന്നത്.

ഏകദേശം സമാന ത്രെഡുമായി ഇറങ്ങിയ മറ്റൊരു സിനിമയായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും. ആസിഫ് അലിയായിരുന്നു സിനിമയിൽ നായകൻ.

കുറ്റവും ശിക്ഷയും എന്ന സിനിമ അന്ന് വലിയ വിജയമായിരുന്നെങ്കില്‍ കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമ ഉണ്ടാകുമായിരുന്നില്ലെന്ന് പറയുകയാണ് നടനും കണ്ണൂർ സ്‌ക്വാഡിന്റെ തിരക്കഥാകൃത്തുമായ റോണി ഡേവിഡ്. കുറ്റവും ശിക്ഷയും ഇഷ്ടപ്പെടുന്ന കുറച്ച് പേര്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ ആ പടം ഓടിയേനെയെന്നും കുറ്റവും ശിക്ഷയും കാണാൻ പോയപ്പോൾ ആളില്ലാത്തതിനാൽ ഷോ മുടങ്ങിയിരുന്നുവെന്നും റോണി പറയുന്നു.

‘കുറ്റവും ശിക്ഷയും റിലീസിനൊരുങ്ങുമ്പോള്‍ എനിക്ക് വലിയ ടെന്‍ഷനുണ്ടായിരുന്നു. കുറ്റവും ശിക്ഷയും റിലീസ് ആവുന്നതിന്റെ തലേ ദിവസം ഞാന്‍ ഉറങ്ങിയിട്ടില്ലെന്ന് പറയാം. ആ സിനിമയുടെ സ്‌ക്രിപ്റ്റ് ഒരുക്കിയ സിബി തോമസ് സാര്‍ നേരത്തെ തന്നെ സഫാരി ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ജ്വല്ലറി കൊള്ള നടത്തിയിട്ട് പോകുന്ന ഗ്യാങ്ങിന്റെ കഥയാണ് ഇതെന്ന് പറഞ്ഞിരുന്നു. രാജീവേട്ടന്‍ അത് എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ലായിരുന്നു. രാജീവേട്ടന്‍ ബേസിക്കലി ഒരു റിയലിസത്തിന്റെ ആളാണ്.

തീരന്‍ അധികാരമൊന്‍ട്ര്, കുറ്റവും ശിക്ഷയും പോലുള്ള സിനിമയല്ലേ കണ്ണൂര്‍ സ്‌ക്വാഡ് എന്ന് എന്നോട് ചോദിച്ചവരുണ്ട്. എന്നാല്‍ ഈ കുറ്റവും ശിക്ഷയും ഇഷ്ടപ്പെടുന്ന കുറച്ച് പേര്‍ അന്ന് ഉണ്ടായിരുന്നെങ്കില്‍ ആ പടം ഓടിയേനെ. ഞാന്‍ മൂന്നാമത്തെ ദിവസം തിയേറ്ററില്‍ ചെന്ന് അടിയുണ്ടാക്കിയിട്ടാണ് പടം കാണുന്നത്. എന്തിനാണെന്നോ അടിയുണ്ടാക്കിയത്, പത്ത് പേര്‍ ആ പടം കാണാനില്ലാത്തതിനാല്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞതുകൊണ്ട്.

ഒരിക്കലും ഞാന്‍ ആ പടത്തിനെ ഡീഗ്രേഡ് ചെയ്യുകയല്ല. ആ പടം അന്ന് വലിയ വിജയമായിരുന്നെങ്കില്‍ ഇന്ന് കണ്ണൂര്‍ സ്‌ക്വാഡ് ഉണ്ടാവില്ല. കാരണം ആ പടം വിജയിച്ചാല്‍ പിന്നെ കണ്ണൂര്‍ സ്‌ക്വാഡ് കയറില്ല. രണ്ടിന്റേയും ടോപ്പിക് സിമിലര്‍ ആണല്ലോ. ഒന്നില്‍ ജ്വല്ലറി എഫക്ടഡ് ആകുന്നു. ഇതില്‍ ഫാമിലി എഫക്ടഡ് ആകുന്നു. ഫാമിലി എഫ്ക്ടഡ് ആയതുകൊണ്ടാണ് പ്രേക്ഷകര്‍ ഒപ്പം നില്‍ക്കുന്നത്, ആ യാത്ര അത്രയും ഇന്ററസ്റ്റിങ് ആയി ആള്‍ക്കാര്‍ക്ക് തോന്നിയത്.

ഒരു കുടുംബത്തെ ബാധിക്കുകയാണല്ലോ. ഒരു കുടുംബസ്ഥനെ കൊലപ്പെടുത്തി ഗ്യാങ് കടന്നുകളയുന്നു. ഫസ്റ്റ് ഹാഫിന്റെ അവസാനം എല്ലാവരേയും നമ്മള്‍ റിവീല്‍ ചെയ്തു. എത്ര പ്രതികളുണ്ട്. ആരൊക്കെയാണ് ചെയ്ത്, എല്ലാം പറഞ്ഞു. പിന്നെ അവരിലേക്ക് എത്താനുള്ള ദൂരമാണ് സെക്കന്റ് ഹാഫ്. ചിലപ്പോള്‍ ഒരിടത്ത് നിന്ന് രണ്ട് പേരെ കിട്ടും. മറ്റുള്ളവര്‍ വേറെ എവിടെയോ ആണെന്ന് പറയും. സത്യമേത് കള്ളമേത് എന്നറിയില്ല. ആ രീതിയില്‍ ഓടിക്കൊണ്ടിരിക്കുകയാണല്ലോ,’ റോണി ഡേവിഡ് പറഞ്ഞു.

Content Highlight: Rony David About Kuttavum Shikshayum Movie

Latest Stories

We use cookies to give you the best possible experience. Learn more