ചെറിയ വേഷങ്ങളിലൂടെ സിനിമാമേഖലയില്‍ വന്ന് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് റോണി വര്‍ഗീസ്. ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിലാണ് റോണിയുടെ ആദ്യ ചിത്രം. പിന്നീട് ഒരുപാട് ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത റോണി, 2016ല്‍ പുറത്തിറങ്ങിയ ആനന്ദത്തിലൂടെയാണ് ശ്രദ്ധേയനായത്.
2023ലെ വലിയ വിജയമായി കണ്ണൂര്‍ സ്‌ക്വാഡിന് തിരക്കഥ ഒരുക്കിക്കൊണ്ട് തിരക്കഥാരചനയിലും റോണി തന്റെ കയ്യൊപ്പ് പതിപ്പിച്ചു. പല നടന്മാരും സ്‌ക്രിപ്റ്റ് റിജക്ട് ചെയ്തിരുന്നുവെന്നും മറ്റ് ചിലര്‍ തിരക്കഥയില്‍ മാറ്റങ്ങള്‍ വേണമെന്ന് പറയുകയും ചെയ്‌തെന്ന് റോണി പറഞ്ഞു. എന്നാല്‍ കഥ കേട്ട മമ്മൂട്ടി ആ സിനിമ നിര്‍മിക്കാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നെന്നും റോണി പറഞ്ഞു.
ഭീമന്റെ കൈയില്‍ ഗദ കിട്ടണമെന്ന് പറഞ്ഞതുപോലെയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ മമ്മൂട്ടിയുടെ കൈയില്‍ കിട്ടിയതെന്നും മറ്റാരുടെയും കൈയില്‍ ആ ഗദ കിട്ടിയിട്ട് കാര്യമില്ലെന്നും താരം പറഞ്ഞു. തങ്ങളുടെ കഥ ചെയ്യേണ്ടിയിരുന്ന ഭീമന്‍ മമ്മൂട്ടിയാണെന്നും റോണി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ പാര്‍ട്‌ണേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥയും കൊണ്ട് ഞങ്ങള്‍ ഒരുപാട് നടന്നിട്ടുണ്ട്. പല നടന്മാരും കഥ പോലും കേള്‍ക്കാതെ വേണ്ടെന്ന് വെച്ചിട്ടുണ്ട്. ചിലര്‍ കഥ കേട്ടിട്ട് ചില മാറ്റങ്ങള്‍ വേണമെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ മാറ്റാന്‍ പറ്റുന്ന കഥയായിരുന്നില്ല ആ സിനിമയുടേത്. ഏറ്റവും ലാസ്റ്റ് ഭീമന്റെ കൈയില്‍ ഗദ കിട്ടണമെന്ന് പറഞ്ഞതുപോലെ മമ്മൂക്കയുടെ കൈയില്‍ ആ കഥ കിട്ടി.
ഗദ നകുലന്റെ കൈയിലോ, അര്‍ജുനന്റെ കൈയിലോ കിട്ടിയിട്ട് കാര്യമില്ല. കറക്ടായിട്ട് ഉപയോഗിക്കണമെങ്കില്‍ ഭീമന്റെ കൈയിലേക്ക് ഗദ എത്തണമെന്ന് പറഞ്ഞതുപോലെ ആ കഥ മമ്മൂക്കയുടെ കൈയില്‍ കിട്ടി. പുള്ളി ഞങ്ങളുടെ ഭീമനായി മാറി. അത് നിര്‍മിക്കാനും മുന്നോട്ടേക്ക് വന്നു. ഇതൊന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല,’ റോണി പറഞ്ഞു.
Content Highlight: Rony David about Kannur Squad and Mammootty