| Thursday, 7th December 2023, 11:41 pm

ആ പടം കഴിഞ്ഞപ്പോഴാണ് ഒരു നടന്റെ ജീവിതം മാറിമറിയുമെന്ന് എനിക്ക് മനസിലായത്: റോണി ഡേവിഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ ഒരുപാട് ക്യാരക്ടർ റോളുകൾ ചെയ്ത് പ്രേക്ഷകർക്ക് പരിചിതനാണ് റോണി ഡേവിഡ്. കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും റോണി ഡേവിഡ് എന്ന വ്യക്തി മലയാളികളുടെ മനസിൽ ഒരു ഇടം നേടി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലെ ചാക്കോ മാഷിലൂടെയാണ് റോണി എന്ന നടനെ ആളുകൾ തിരിച്ചറിയുന്നത്.

തന്റെ ജീവിതത്തിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കിയ ചിത്രം ആനന്ദമാണെന്ന് റോണി ഡേവിഡ് അൺഫിൽ പോട്ട്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആനന്ദം ഇറങ്ങുന്നതിനു മുൻപ് വരെ ഇത്രയും സിനിമ ചെയ്തിട്ടും എന്തുകൊണ്ടാണ് പുതിയ ഓഫറുകൾ വരാത്തതെന്ന് കരുതിയിരുന്നെന്ന് റോണി പറയുന്നുണ്ട്. എന്നാൽ ആനന്ദം ഇറങ്ങിയതിന് ശേഷം ഒരുപാട് മാറ്റം ഉണ്ടായെന്നും റോണി കൂട്ടിച്ചേർത്തു.

‘ജീവിതത്തിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കിയത് ആനന്ദം സിനിമ കഴിഞ്ഞതിനുശേഷം ആണ്. ആനന്ദം കഴിഞ്ഞപ്പോഴാണ് ഒരു ക്യാരക്ടർ ക്ലിക്കായി കഴിഞ്ഞാൽ ഒരു നടന്റെ ജീവിതം മാറുക എന്നെനിക്ക് മനസ്സിലായത്. ഇത്രയും പടങ്ങൾ ചെയ്യുന്നുണ്ടല്ലോ എന്തുകൊണ്ടാണ് പുതിയ ഓഫേഴ്സ് വരാത്തത് എന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. ജീവിതത്തിൽ ഒരു നടന് എന്നനിലക്ക് ബ്രേക്ക് കിട്ടുന്നത് ആദ്യമായിട്ട് ആനന്ദം ഇറങ്ങിയപ്പോഴാണ്,’ റോണി ഡേവിഡ് പറഞ്ഞു.

ബിനീഷ് കളരിക്കൽ സംവിധാനം ചെയ്ത പഴഞ്ചൻ പ്രണയമാണ് റോണി നായകനായി അഭിനയിച്ച് പുറത്തിറങ്ങിയ പുതിയ ചിത്രം. ചിത്രത്തിൽ റോണിയുടെ നായികയായി ബിൻസി അലോഷ്യസ് ആണ് അഭിനയിച്ചത്. അസീസ് നെടുമങ്ങാട് പടത്തിൽ നല്ലൊരു കഥാപാത്രം ചെയ്തിട്ടുണ്ട്. റോണി ഡേവിഡ് ആദ്യമായി നായകനായി എത്തുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിൽ മോഹൻ എന്ന കഥാപാത്രത്തെയാണ് റോണി അവതരിപ്പിക്കുന്നത്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ ചിത്രീകരിച്ച പടമാണ് പഴഞ്ചൻ പ്രണയം. പഴഞ്ചനായ മോഹനന് മായയോട് തോന്നുന്ന പ്രണയത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

Content Highlight: Rony david about his lucky character

We use cookies to give you the best possible experience. Learn more