വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായൊരിടം സൃഷ്‌ടിച്ച നടനാണ് റോണി ഡേവിഡ്. എന്നാൽ റോണി എന്ന നടനെ പ്രേക്ഷകർ തിരിച്ചറിയാൻ കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രം വേണ്ടി വന്നു. പലപ്പോഴും തന്റെ കഥാപാത്രങ്ങളിലൂടെയാണ് റോണി അറിയപ്പെട്ടിരുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലെ ചാക്കോ മാഷ് എന്ന റോണിയിയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
2018ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018ലും റോണി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള പരിപാടിയിൽ തനിക്ക് നേരിടേണ്ടി വന്ന ഒരനുഭവം പങ്കുവെക്കുകയാണ് താരം. ക്ലബ്ബ് എഫ്.എമ്മിന്റെ റൈറ്റേഴ്‌സ് ക്ലബ്ബ്2023 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. പ്രൊമോഷൻ പരിപാടിയിൽ തനിക്ക് ഒരബദ്ധം പറ്റിയിട്ടുണ്ടെന്ന് റോണി പറഞ്ഞു. 2018ന്റെ പരിപാടിയിൽ തന്നെ ഇറക്കി വിട്ട അതേ മീഡിയക്കാർ കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിന് ശേഷം കസേര ഇട്ടു തന്നെന്നും റോണി പറഞ്ഞു.
‘2018 പ്രൊമോഷൻ പരിപാടിയിൽ എനിക്കൊരു അബദ്ധം പറ്റിയിട്ടുണ്ട്. എന്നോട് ആരോ പറഞ്ഞു ‘ചേട്ടാ നിങ്ങളെ ആരോ വിളിക്കുന്നുണ്ടെന്ന്. ഇരിക്കൂ പിന്നെ വിളിക്കാം എന്നാണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് തോന്നുന്നു. എനിക്കത് മനസ്സിലായില്ല. ഞാൻ നോക്കിയപ്പോൾ അവിടെ അഞ്ചു ചെയർ മാത്രമേ ഉള്ളൂ. അയ്യോ ചെയർ ഇല്ലല്ലോ, ലാൽ അങ്കിളുണ്ട്, നരേനുണ്ട്, അജുവുമൊക്കെയുണ്ട്.
ഞാൻ എവിടുന്നൊക്കെ പോയിട്ട് ഒരു ചെയർ കൊണ്ടുവന്ന് ഇട്ടു. ‘എന്തിനാ ചേട്ടാ ഈ ചെയർ, ചേട്ടനോട് ഇരിക്കാൻ പറഞ്ഞിട്ടില്ല’ എന്ന് പറഞ്ഞു. എന്ത് ചെയ്യാൻ പറ്റും. ഇതിൽ കൂടുതൽ ചമ്മൽ വേറെയുണ്ടോ. അതേ മീഡിയക്കാർ അവസാനം കണ്ണൂർ സ്‌ക്വാഡ് വന്നപ്പോൾ നമുക്ക് കസേരയിട്ട് ചേട്ടാ വന്നിരിക്കൂ എന്ന് പറഞ്ഞു,’ റോണി ഡേവിഡ് പറഞ്ഞു.
Content Highlight: Rony david about his bad experience