| Monday, 4th December 2023, 9:36 am

ദുൽഖർ ചോദിക്കുന്നില്ലായിരിക്കാം, ഒരു മാസ്റ്റർ ഇരിക്കുകയല്ലേ വീട്ടിൽ: റോണി ഡേവിഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വർഷങ്ങളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് റോണി ഡേവിഡ്. എന്നാൽ തന്റേതായൊരിടം സൃഷ്ട്ടിക്കാൻ റോണിക്ക് സാധിച്ചിരുന്നില്ല. എന്നാൽ ആനന്ദത്തിലെ ചാക്കോ മാഷിനെ എല്ലാവർക്കും സുപരിചിതമാണ്. പക്ഷെ റോണി ഡേവിഡ് എന്ന നടനെ കഥാപാത്രത്തിലൂടെ അല്ലാതെ പരിചിതമാക്കിയത് കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രമാണ്. കൃത്യമായി കാര്യങ്ങൾ നിരീക്ഷിക്കുന്ന ഒരാളാണ് റോണി ഡേവിഡ്. സിനിമ എന്നത് പാഷൻ ആയി കണ്ട് കഷ്ടപ്പെട്ട് എത്തിപ്പെട്ട നടനാണ് റോണി.

ഓരോ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാളല്ലേ എന്ന ചോദ്യത്തിന് സ്വയം പഠിക്കുകയല്ലാതെ തനിക്ക് പറഞ്ഞു തരാൻ ആരുമില്ല എന്നാണ് റോണിയുടെ മറുപടി. അതേസമയം കാര്യങ്ങൾ ചോദിച്ച് മനസിലാക്കാൻ ദുൽഖർ സൽമാന്റെ ഏറ്റവുംവലിയ ഭാഗ്യമാണ് മമ്മൂട്ടിയെന്നും റോണി പറഞ്ഞു. ദുൽഖറിന്റെ വീട്ടിൽ ഒരു മാസ്റ്റർ ഇരിക്കുകയല്ലേയെന്നും റോണി കൂട്ടിച്ചേർത്തു. മമ്മൂട്ടി എപ്പോഴും തേച്ച് മിനിക്കികൊണ്ടിരിക്കുന്ന ഒരാളാണെന്നും റോണി അൺ ഫിൽറ്റെർഡ് പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘വേറെ ആരും ഇല്ലല്ലോ പറഞ്ഞു തരാൻ. നമ്മൾ സ്വയം പഠിക്കുകയല്ലാതെ ആരു പറഞ്ഞു തരാനാണ്. ദുൽഖറിനൊക്കെയുള്ള ഏറ്റവും വലിയ ഭാഗ്യം അതാണ്. ദുൽഖർ ചോദിക്കുന്നില്ലായിരിക്കാം. ഒരു മാസ്റ്റർ ഇരിക്കുകയല്ലേ വീട്ടിൽ.

ആയിരക്കണക്കിന് മോഡുലേഷനും ആയിരക്കണക്കിന് ഉച്ചാരണവും ഇത്രയും ക്ലിയർ കട്ടായിട്ട് നമ്മൾ നാവ് തൊട്ട് പോകുന്ന ഒരു ആർട്ടിസ്റ്റ് ഉണ്ടോ? ലാൽ സാറുണ്ട്, എന്നാൽ പോലും. മമ്മൂക്ക എപ്പോഴും തേച്ചു മിനിക്കി കൊണ്ടേയിരിക്കും,’ റോണി ഡേവിഡ് പറഞ്ഞു.

കണ്ണൂർ സ്‌ക്വാഡിന് ശേഷം റോണി ഡേവിഡ് എന്ന നടനെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച ചിത്രമാണ് ‘പഴഞ്ചൻ പ്രണയം’. റോണി ഡേവിഡിനെയും വിൻസിയെയും പ്രധാന കഥാപാത്രങ്ങളാക്കി ബിനീഷ് കളരിക്കൽ സംവിധാനം ചെയ്ത ചിത്രം നവംബർ 24നാണ് തിയേറ്ററിലെത്തിയത്. പഴഞ്ചനായ മോഹന്റെ ജീവിതത്തിലേക്ക് മായ എന്ന സാധാരണ പെൺകുട്ടി കടന്നുവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വീട്ട് ജോലിക്കാരിയായ മായ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിൻസി അലോഷ്യസാണ്.

Content Highlight: Rony david about dulqer salman’s advantages

Latest Stories

We use cookies to give you the best possible experience. Learn more