അന്ന് മമ്മൂക്കയെ വെച്ച് ചെയ്ത പടം പൊട്ടി നാടുവിടേണ്ടി വന്നു; ഇത് ഞങ്ങളുടെ പ്രതികാരം: റോണി ഡേവിഡ്
Film News
അന്ന് മമ്മൂക്കയെ വെച്ച് ചെയ്ത പടം പൊട്ടി നാടുവിടേണ്ടി വന്നു; ഇത് ഞങ്ങളുടെ പ്രതികാരം: റോണി ഡേവിഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd October 2023, 12:55 pm

മമ്മൂട്ടിയെ വെച്ച് നിര്‍മിച്ച സിനിമ പരാജയപ്പെട്ടതോടെ നാടുവിടേണ്ടി വന്ന കുടുംബമാണ് തങ്ങളുടേതെന്ന് കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡ്. 35 വർഷങ്ങൾക്ക് മുൻപ് മഹായാനം സിനിമ പ്രൊഡ്യൂസ് ചെയ്തത് തന്റെ അച്ഛനാണെന്നും കണ്ണൂർ സ്‌ക്വാഡ് തന്റെയും അനുജന്റെയും പ്രതികാരമാണെന്നും റോണി പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്കയുടെ പഴയ പടം പ്രൊഡ്യൂസ് ചെയ്തത് എന്റെ അപ്പനാണ്. ജോഷി സാർ സംവിധാനം ചെയ്ത മഹായാനം. അത് അന്ന് കൃത്യമായ രീതിയിൽ എക്സിക്യുട്ട് ചെയ്യാൻ കഴിയാത്തതുകൊണ്ട് വലിയ സാമ്പത്തികമായ പ്രശ്നങ്ങൾ വന്നിട്ട് നാട് വിട്ട ആൾക്കാരാണ്. അപ്പോൾ ഇന്ന് ഞങ്ങളുടെ പ്രതികാരമാണ്. ചേട്ടന്റെയും അനുജന്റെയും പ്രതികാരമാണെന്ന് പറയാം, അതേ നായകനെ വെച്ച് 35 വർഷം കഴിഞ്ഞ് ഞങ്ങൾ ഹിറ്റ് അടിച്ചു. അതൊരു മരണമാസാണ്. ഇത് വരെ ഞാനിത് ഒരിടത്തും പറഞ്ഞിട്ടില്ല.

നാളെ ഇപ്പോൾ ഒരു ഓസ്കാർ വിൻ ചെയ്താൽ പോലും ഇത്ര ആഹ്ലാദം കിട്ടില്ല. പടം കഴിഞ്ഞിട്ട് അനുജനെ കെട്ടിപിടിച്ച് കരയുകയായിരുന്നു. മീഡിയക്കാരോട് അത് എടുക്കല്ലേ എന്ന് ഞാൻ പറഞ്ഞതാണ്. നമ്മുടെ ഒരു ഇമോഷണൽ മോമെന്റ്റ് എടുക്കല്ലേ എന്ന് പറഞ്ഞാൽ മനസ്സിലാവാത്ത ആളുകളാണ്. ഞാൻ ഒരു മൂലക്ക് മാറി നിന്ന് അവനെ ഇരുട്ടത്ത് കൊണ്ട് പോയി കെട്ടിപിടിച്ച് കരയുകയായിരുന്നു. നമ്മുടെ ഷൂട്ട് തുടങ്ങിയത് ഡിസംബർ 27നാണ്. സെപ്റ്റംബർ 28ന് പടം റിലീസ് ആണ്.

ആ പടത്തിന്റെ പരാജയ സമയത്ത് റോബിക്ക് നാല് വയസാണ്, ഞാൻ അന്ന് കുറച്ചുകൂടെ മുതിർന്നതാണ്, ഞങ്ങൾ താമസിച്ചുകൊണ്ടിരുന്ന വീടും പണിതുകൊണ്ടിരുന്ന വീടും വിറ്റിട്ടാണ് നാട് വിടുന്നത്. അത്രമാത്രം ഫിനാൻഷ്യൽ ക്രൈസിസിൽ ആയിരുന്നു.
പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് നാടകങ്ങളൊക്കെ ചെയ്യുന്നത് അച്ഛന് ഇഷ്ടമില്ലായിരുന്നു. ‘സിനിമയിലോട്ടാണ് നിന്റെ പോക്ക്, ഞാൻ തന്നെ ജീവിതം കളഞ്ഞ ആളാണ്, ആവശ്യത്തിന് മാർക്ക് ഉണ്ടല്ലോ, പിന്നെ നീ അങ്ങോട്ട് പോകല്ലേ’ എന്ന് എന്റെ അടുത്ത് പറയുമായിരുന്നു. ഫിസിക്സിലും കെമിസ്ട്രിയിലുമൊക്കെ മാർക്ക് ഉണ്ടെന്ന് പറഞ്ഞ് പുള്ളി എന്നെ നിർബന്ധിച്ച് മെഡിസിന് കൊണ്ട് ചേർത്തു.

 

അവിടെ ചെന്നപ്പോൾ നമ്മൾ ഇവിടെ കളിച്ചിരുന്ന ശങ്കരപ്പിള്ള സാറിന്റെ നാടകങ്ങളും അയ്യപ്പപണിക്കർ സാറിന്റെ സ്കിറ്റുകളുമൊക്കെ തമിഴ് നാടകങ്ങളായി മാറി. ഇതാണ് അതിന്റെ വ്യത്യാസം. അവിടെ ഗൗരി ശങ്കർ സാറിന്റെ സ്ക്രിപ്റ്റുകളായിരുന്നു ഞാൻ നാടകമായി എല്ലാ ആനിവേഴ്സറിക്കും ചെയ്തുകൊണ്ടിരുന്നത്.
റോബി ആണെങ്കിൽ വിഷ്കോം പഠിക്കാൻ പോയി, സോഫ്റ്റ്‌വെയർ പഠിച്ച്‌ സോഹോ കമ്പനിയിൽ ആയിരുന്നു ജോലി. പുള്ളിയും തിരിഞ്ഞ് സിനിമാട്ടോഗ്രാഫർ ആയി. പത്തു വർഷത്തിന് ശേഷം ഇൻഡിപെൻഡന്റ് ഡയറക്ടറായി. ഞാനും ഇപ്പുറത്തും കൂടെ തിരിഞ്ഞ് ഇങ്ങനെയുമായി,’ റോണി പറഞ്ഞു.

Content Highlight:  Roni says that they belong to a family that had to leave the country after the film made with Mammootty failed