മമ്മൂക്കയായിരുന്നില്ല കണ്ണൂര്‍ സ്‌ക്വാഡിലെ നായകന്‍, മറ്റൊരു നടനോട് കഥ പറഞ്ഞെങ്കിലും അദ്ദേഹത്തിന് വര്‍ക്കായില്ല
കണ്ണൂര്‍ സ്‌ക്വാഡ് മമ്മൂക്കയെ പ്ലാന്‍ ചെയ്ത് എഴുതിയ സിനിമയല്ലെന്ന് ചിത്രത്തിന്റെ സഹതിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡ്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായ ശേഷം ആദ്യം വേറൊരു നടന്റെ അടുത്താണ് പോയതെന്നും എന്നാല്‍ അദ്ദേഹത്തിന് സിനിമയുടെ സെക്കന്റ് ഹാഫ് വര്‍ക്കായില്ലെന്നും റോണി പറഞ്ഞു.
‘സ്‌ക്രിപ്റ്റ് എഴുതിയ ശേഷം ആദ്യം വേറൊരു നടന്റെ അടുത്താണ് പോയത്. സെക്കന്റ് ഹാഫ് പൂര്‍ണമായിട്ടും ഡോക്യുമെന്ററി രൂപത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞങ്ങള്‍ സെക്കന്റ് ഹാഫ് പൂര്‍ണമായും പൊളിച്ചു. കൊവിഡിന്റെ സമയത്താണ്. ഇഷ്ടം പോലെ സമയമുണ്ട്. റോബിയും ഞങ്ങള്‍ മൂന്ന് പേരും സൂം കോളിലൊക്കെ ഇരിക്കും. ഒരുപാട് സമയം ഇരുന്ന് കഥ പൊളിച്ചു. മമ്മൂട്ടിയെ പോലുള്ള ഒരാള്‍ വന്നാലേ ഈ പ്രൊജക്ട് കയറുള്ളൂ എന്ന് അപ്പോള്‍ തന്നെ മനസിലായി. സ്‌ക്രിപ്റ്റ് ശരിയാക്കിയ ശേഷം സാറിന്റെ അടുത്ത് പോയി.
കഥ പറഞ്ഞു. കണ്ണൂര്‍ എസ്.പി ഫോം ചെയ്ത സ്‌ക്വാഡ് ആണ് ഇതെന്നും ആക്ടീവായ സ്‌ക്വാഡ് ആയിരുന്നെന്നും അതില്‍ ഒരു കേസാണ് നമ്മള്‍ എടുത്തതെന്നും ബാക്കി ഒരു കഥ ഫിക്ഷണലാണെന്നും പറഞ്ഞു. രണ്ട് സിറ്റിങ് ഇരുന്നു. അതിന് ശേഷം മമ്മൂക്ക സംഗതി ക്രിസ്റ്റല്‍ ക്ലിയര്‍ ആണെന്നും ഇത് വേറാരും ചെയ്യുന്നില്ല, എന്റെ കമ്പനിയാണ് ചെയ്യുന്നത് എന്നും പറഞ്ഞു.
വേറെ ഒരു കണ്‍ഫ്യൂഷനും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ തന്നെയാണ് മറ്റൊരു സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്നത്. അതേ സമയത്ത് തന്നെ അടുത്തതായി ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ ഫിക്‌സ് ചെയ്യുന്നത്. അത്തരത്തില്‍ എല്ലാ കാര്യങ്ങളിലും ഇത്രയും കൃത്യമായി ഇടപെടുന്ന മറ്റൊരു നടന്‍ ഉണ്ടാവില്ല.
ഇപ്പോള്‍ നടക്കുന്ന കാര്യം ഇനി എന്തൊക്കെയാണ്, നടക്കാന്‍ പോകുന്നത് എന്തൊക്കെയാണ്. ഇതിലെല്ലാം അദ്ദേഹത്തിന് വ്യക്തതയുണ്ട്. ഇത് പറയുമ്പോള്‍ എന്നെ നോക്കി പേടിപ്പിക്കുമെന്ന് അറിയാം. അതുകൊണ്ട് മുഖത്ത് നോക്കുന്നില്ല,’ റോണി പറഞ്ഞു.
മമ്മൂട്ടിയുടെ ഇഷ്ടപ്പെട്ട പൊലീസ് കഥാപാത്രങ്ങളെ കുറിച്ചും റോണി സംസാരിച്ചു. മമ്മൂക്കയുടെ പെരുമാള്‍, സേതുരാമയ്യര്‍ ഉണ്ടയിലെ മണി സാര്‍ പിന്നെ യവനികയിലെ ജേക്കബ്ബ് ഈരാളി ഇത്തരത്തില്‍ പറഞ്ഞാല്‍ തീരാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍ ഉണ്ടെന്നായിരുന്നു റോണി പറഞ്ഞത്.
Content Highlight: Roni David on Kannur Squad Mammootty