ഭ്രമയുഗത്തിലെ ലുക്കിന് പിന്നിലെ മമ്മൂക്കയുടെ പ്ലാൻ, ആ കഥാപാത്രത്തിനും പ്രത്യേകതയുണ്ട്: റോണക്സ് സേവ്യർ
Entertainment
ഭ്രമയുഗത്തിലെ ലുക്കിന് പിന്നിലെ മമ്മൂക്കയുടെ പ്ലാൻ, ആ കഥാപാത്രത്തിനും പ്രത്യേകതയുണ്ട്: റോണക്സ് സേവ്യർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th January 2024, 12:58 pm

കുറച്ച് നാളായി മലയാള സിനിമയിൽ മുഴങ്ങി കേൾക്കുന്ന പേരാണ് റോണക്സ് സേവ്യർ. ഈയിടെ ഇറങ്ങിയ പല സിനിമകളിലും അഭിനേതാക്കളുടെ വ്യത്യസ്ത ഗേറ്റപ്പിന് പിന്നിൽ കൈ ചലിപ്പിച്ചത് റോണക്സ് ആയിരുന്നു. ഭീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡും റോണക്സ് സ്വന്തമാക്കിയിരുന്നു.

മമ്മൂട്ടിയോടൊപ്പം റോണക്സ് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിന്റെ പുറത്തിറങ്ങിയ പോസ്റ്ററിലെ മമ്മൂട്ടിയുടെ ലുക്ക്‌ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ആ ഗെറ്റപ്പ് കണ്ടെത്താൻ ഒന്ന് രണ്ട് വട്ടം മീറ്റിങ് ഇരുന്നിരുന്നുവെന്നും മമ്മൂട്ടിക്ക്‌ തന്റെ ഗെറ്റപ്പിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും റോണക്സ് പറയുന്നു.

‘മമ്മൂക്കയുടേത് ഭയങ്കര സ്പെഷ്യൽ ക്യാരക്ടറാണ് ആ ചിത്രത്തിൽ. അദ്ദേഹം ആ വേഷം അത്രയും ഇഷ്ടപെട്ടിട്ടാണ് ചെയ്യാൻ തീരുമാനിച്ചത്.

മമ്മൂക്കയുടെ ഇപ്പോഴത്തെ ലുക്ക്‌ വെച്ച് ഞങ്ങൾക്ക്‌ കൊടുക്കാൻ പറ്റുന്ന ഗെറ്റപ്പ് എന്താണെന്ന് നോക്കി അതനുസരിച്ച് വ്യത്യസ്തമായ അതേ സമയം നാച്ചുറലായ ലുക്കാണ് കഥാപാത്രത്തിന് കൊടുക്കാൻ ശ്രമിച്ചത്.

കഥാപാത്രത്തിനായി ഒരു പല്ല് എക്സ്ട്രാ വെച്ചിട്ടുണ്ട്. അതൊക്കെ ലാസ്റ്റ് ചർച്ചയിൽ വന്ന കണ്ടെത്തലുകളാണ്. ഒന്ന് രണ്ട് വട്ടം ഞങ്ങൾ അതിനായി മീറ്റിങ് ഇരുന്നു. പിന്നെ ഇങ്ങനെ പ്ലാൻ ചെയ്യാമെന്ന് പറഞ്ഞപ്പോൾ സംവിധായകന് അത് ഓക്കെ ആയിരുന്നു. അങ്ങനെ അത് പരീക്ഷിച്ചു നോക്കി, മമ്മൂക്കയെ വിളിച്ച് സംസാരിച്ചു.

മമ്മൂക്ക ഭയങ്കര സപ്പോർട്ട് ആയിരുന്നു. അതിനായി അദ്ദേഹം ഒരു വലിയ പ്ലാൻ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഒരു സിനിമയിൽ എങ്ങനെയുള്ള ലുക്കാണ് നമുക്ക് വേണ്ടതെന്ന് വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട്.

ഒരു ക്യാരക്ടർ ചെയ്യാൻ തയ്യാറായാൽ അതിന്റെ ലുക്കിനെ കുറിച്ച് അദ്ദേഹം നമ്മളോട് സംസാരിക്കും,’റോണക്സ് സേവ്യർ പറയുന്നു.

Content Highlight: Ronex Xavier Talk About Bramayugham Movie And Look Of Mammooty