| Tuesday, 21st June 2022, 2:17 pm

സൂപ്പര്‍ കാര്‍ ഇടിച്ചുകേറ്റി; സി.ആര്‍.സെവനിന്റെ വണ്ടിക്കെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കറായ ഇതിഹാസ താരം ക്രിസ്റ്റയാനൊ റൊണാള്‍ഡൊയുടെ കാര്‍ വീട്ടുമതിലില്‍ ഇടിച്ചു തകര്‍ന്നു. റോണൊയുടെ ബോഡിഗാര്‍ഡാണ് വണ്ടി ഓടിച്ചതെന്നാണ് ലാറ്റിന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

21 കോടി രൂപ വരുന്ന ബുഗാട്ടി വെയ്‌റോണാണ് അപകടത്തില്‍പ്പെട്ടത്. വാഹത്തില്‍ താരം ഇല്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്പെയിനിലെ പാല്‍മ ഡെ മജോര്‍കയിലുള്ള റസിഡന്‍ഷ്യല്‍ എസ്റ്റേറ്റില്‍ അവധി ആഘോഷിക്കാന്‍ എത്തിയതാണ് റോണാള്‍ഡൊയും ഫാമിലിയും

മജോര്‍കയില്‍ വെച്ച് തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായി വാഹനം സമീപത്തെ വീടിന്റെ മതിലില്‍ ചെന്നിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. ഡ്രൈവറിന് പരിക്കൊന്നും സംഭവിച്ചിട്ടില്ല. കാര്‍ നീല ടാര്‍പോളിന്‍ ഷീറ്റു കൊണ്ട് മറച്ചിട്ടുണ്ട്.

‘ജോണ്‍ മാര്‍ച്ച് ഹോസ്പിറ്റിലിനടുത്തുള്ള ചെറിയ ഒരു റോഡില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. എന്നാല്‍ ആളുകള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. അപകടത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഡ്രൈവര്‍ ഏറ്റെടുത്തു,’ പ്രദേശവാസികള്‍ പറഞ്ഞതായി ലാറ്റിന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 14നായിരുന്നു റൊണാള്‍ഡോയും കുടംബവും സ്‌പെയിലെത്തിയത്. ഇപ്പോള്‍ മത്സരങ്ങല്‍ ഒന്നും ഇല്ലാത്തതിനാല്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ എത്തിയതാണ് റോണൊയും കുടുംബവും.

നേഷന്‍സ് ലീഗ് ആദ്യ റൗണ്ടിന് ശേഷമായിരുന്നു താരവും കുടംബവും സ്‌പെയിനിലെത്തിയത്. നേഷന്‍സ് ലീഗില്‍ ഗ്രൂപ്പ് ബിയില്‍ സ്‌പെയിനിന് പിറകില്‍ രണ്ടാം സ്ഥാനത്താണ് റൊണോയുടെ പോര്‍ച്ചുഗല്‍.

Content Highlights: Ronaldos Luxury car met with an accident

We use cookies to give you the best possible experience. Learn more