| Thursday, 8th December 2022, 10:37 pm

റൊണാൾഡോ 19 കൊല്ലമായിട്ടിവിടുണ്ട്, ഇനിയും ഇവിടെതന്നെ കാണും ; പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ്‌ എച്ചിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാൻ സാധിച്ച പോർച്ചുഗൽ ടീം, പ്രീ ക്വാർട്ടർ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്ത് ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിയിരുന്നു.

എന്നാൽ പ്രീ ക്വാർട്ടർ മത്സരം അവസാനിച്ച ശേഷം റൊണാൾഡോ ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ ഉപേക്ഷിക്കുന്നു എന്ന മട്ടിൽ വ്യാപക പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ അടക്കം നടന്നത്.

സ്വിറ്റ്സർലൻഡിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കിയിരുന്നില്ല. റൊണാൾഡോക്ക് പകരക്കാരനായി എത്തിയ ഗോൺസാലോ റാമോസ് മത്സരത്തിൽ പോർച്ചുഗലിനായി ഹാട്രിക്കും നേടിയിരുന്നു.

ഇതോടെയാണ് റൊണാൾഡോ പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷനുമായി പിണങ്ങി ലോകകപ്പിലെ ബാക്കി മത്സരങ്ങൾ ഉപേക്ഷിക്കും എന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നത്.

എന്നാൽ ഈ വ്യാജ പ്രചാരണങ്ങളെയൊക്കെ തള്ളിക്കൊണ്ട് പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷൻ രംഗത്ത് വന്നിരിക്കുകയാണ്.

ചൊവ്വാഴ്ചയാണ് റൊണാൾഡോ ടീം വിടുന്നു എന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷൻ രംഗത്ത് വന്നത്.

“റൊണാൾഡോ എല്ലാ ദിവസവും ദേശീയ ടീമിനായും രാജ്യത്തിനായും മികച്ച ട്രാക്ക് റെക്കോർഡ്‌ ഉണ്ടാക്കുന്ന താരമാണ്. അദേഹത്തിന്റെ ദേശീയ ടീമിനോടുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാൻ പാടില്ലാത്ത തരത്തിൽ മികച്ചതാണ്,’ എന്നാണ് റൊണാൾഡോ ടീം വിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങളോട് പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷൻ പ്രതികരിച്ചത്.

ഇതോടൊപ്പം പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനെ പ്രകീർത്തിച്ച് റൊണാൾഡോ ട്വിറ്ററിൽ ട്വീറ്റും ചെയ്തിരുന്നു.

പ്രീ ക്വാർട്ടർ മത്സരത്തിലെ ടോപ്പ് സ്കോറർ ആയിരുന്ന ഗോൺസാലോ റാമോസും റൊണാൾഡോയും താനും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ച് പരാമർശിച്ച് രംഗത്തെത്തിയിരുന്നു.

കൂടാതെ പോർച്ചുഗൽ കോച്ച് സാന്റോസും റൊണാൾഡോയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പത്തെ പരാമർശിച്ച് രംഗത്തെത്തി.

” എനിക്ക് അടുത്ത ബന്ധം ഉണ്ട്. അദ്ദേഹത്തിന് 19 വയസുള്ളപ്പോൾ മുതൽ ഞങ്ങൾ പരിചയക്കാരാണ്. കളിക്കാരനും കോച്ചും തമ്മിലുള്ളതിനേക്കാൾ ആഴത്തിലുള്ള ബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്.
അദ്ദേഹത്തെ ടീമിന്റെ ഏറ്റവും അനിവാര്യമുള്ള കളിക്കാരനായാണ് ഞാൻ എപ്പോഴും കണ്ടിട്ടുള്ളത്,’ സാന്റോസ് പറഞ്ഞു


അതേസമയം ഡിസംബർ പത്തിന് ഇന്ത്യൻ സമയം രാത്രി 8:30 ന് മൊറോക്കോക്കെതിരെയാണ് പോർച്ചുഗലിന്റെ ക്വാർട്ടർ ഫൈനൽ മത്സരം.

Content Highlights:Ronaldo will still be here Portuguese Football Association

We use cookies to give you the best possible experience. Learn more