റൊണാൾഡോ സൗദി ക്ലബ്ബിൽ രണ്ടര വർഷം കളിക്കും; ക്ലബ്ബിൽ ചേരുക ജനുവരി ഒന്നിന്
club football
റൊണാൾഡോ സൗദി ക്ലബ്ബിൽ രണ്ടര വർഷം കളിക്കും; ക്ലബ്ബിൽ ചേരുക ജനുവരി ഒന്നിന്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th December 2022, 8:39 pm

പോർച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ-നാസറിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്കയാണ് വാർത്ത പുറത്ത് വിട്ടത്.


അടുത്ത വർഷം ജനുവരി ഒന്നാം തീയതി വീണ്ടും തുറക്കുന്ന ഫുട്ബോൾ ട്രാൻസ്ഫർ ജാലകത്തിലൂടെയാ യിരിക്കും റൊണാൾഡോ അൽ-നാസറിൽ എത്തുക.

രണ്ടര വർഷത്തെ കരാറിലായിരിക്കും നിലവിൽ ഫ്രീ ഏജന്റായ താരത്തിന്റെ സൗദി ക്ലബ്ബിലേക്കുള്ള കൂടുമാറ്റമെന്നും മാർക്ക റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഖത്തർ ലോകകപ്പിന് തൊട്ട് മുമ്പ് പിരിഞ്ഞ താരം ചെൽസി, ബയേൺ അടക്കം പല പ്രമുഖ യൂറോപ്യൻ ക്ലബ്ബുകളെയും സമീപിച്ചിരുന്നെങ്കിലും അവരൊന്നും താൽപര്യം അറിയിച്ചിരുന്നില്ല.

സീസണിൽ 200 മില്യൺ യൂറോക്ക് അടുത്തുള്ള തുകയ്ക്കാണ് റോണോ അൽ-നാസറിലേക്ക് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കായികതാരങ്ങളിലൊരാളായ റൊണാൾഡോയിൽ നിന്നുള്ള പരസ്യ വരുമാനമാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.

മത്സരങ്ങൾക്കുള്ള പ്രതിഫലത്തോടൊപ്പം ക്ലബ്ബിനായി പരസ്യങ്ങൾ ചെയ്യുന്നതിന് വേണ്ടി കൂടിയാണ് വമ്പൻ പ്രതിഫലം അൽ-നാസർ റൊണാൾഡോക്ക് മുമ്പിലേക്ക് വെയ്ക്കുന്നത്.നിലവിൽ സൗദി ഒന്നാം ഡിവിഷൻ ലീഗായ സൗദി പ്രൊ ലീഗിൽ രണ്ടാം സ്ഥാനക്കാരായ അൽ-നാസർ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് അടക്കം വിജയിച്ചിട്ടുണ്ട്.

 

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടർച്ചയായി ബെഞ്ചിലിരിക്കേണ്ടി വന്നതിൽ പ്രതിഷേധിച്ച് കളി അവസാനിക്കും മുമ്പ് മൈതാനം വിട്ടതോടെയാണ് റോണോയും മാൻയുണൈറ്റഡും തമ്മിൽ അ സ്വാരസ്യങ്ങൾ ആരംഭിക്കുന്നത്.

പിന്നീട് ക്ലബ്ബിനെ പരസ്യമായി വിമർശിച്ചു പിയേഴ്സ് മോർഗന് റൊണാൾഡോ ഇന്റർവ്യൂ നൽകുകയും, തുടർന്ന് ഉഭയകക്ഷി സമ്മതത്തോടെ റൊണാൾഡോയും യുണൈറ്റഡും തമ്മിൽ വേർപിരിയുകയുമായിരുന്നു.
നിലവിൽ ലോകകപ്പ് കളിക്കുന്ന പോർച്ചുഗീസ് ടീമിൽ അംഗമാണ് റൊണാൾഡോ. ഡിസംബർ 7 ന് സ്വിറ്റ്സർലൻടിനെതിരെയാണ് പോർച്ചുഗലിന്റെ പ്രീ ക്വാർട്ടർ മത്സരം.

Content Highlights:Ronaldo will play in the Saudi club Al-Nassar for two and a half years Join the club on January 1st