റോണോ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കളിക്കും;വിലക്ക് ഒരു മത്സരത്തില്‍ മാത്രം
UEFA Champions
റോണോ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കളിക്കും;വിലക്ക് ഒരു മത്സരത്തില്‍ മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th September 2018, 6:58 pm

സൂറിച്ച്:യുവന്‌റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചാംപ്യന്‍സ് ലീഗില്‍ ഒരു മല്‍സരം മാത്രം നഷ്ടമാകുകയുള്ളുവെന്ന് യുവേഫ റെഗുലേറ്ററി ബോര്‍ഡിന്‌റെ റിപ്പോര്‍ട്ട്. ഇതോടെ ഒക്ടോബര്‍ 23ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ഒള്‍ഡ് ട്രഫോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ താരത്തിന് കളിക്കാനാകും. നേരത്തെ മൂന്ന് മല്‍സരങ്ങള്‍ നഷ്ടമാകുമെന്നാണ് പറഞ്ഞിരുന്നത്.

ചാംപ്യന്‍സ് ലീഗില്‍ വലന്‍സിയയ്‌ക്കെതിരായ മത്സരത്തിനിടെയാണ് എതിര്‍ താരത്തിന്‌റെ മുടിയില്‍ വലിച്ചെന്നാരോപിച്ച് റൊണാള്‍ഡോയ്ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി നിരവധി മുതിര്‍ന്ന താരങ്ങളും പരിശീലകരും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് യുവന്‌റസ്് യുവേഫയില്‍ അപ്പീല്‍ പോകുകയും യുവേഫ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കുകയും ചെയ്തു.

ALSO READ: സ്പിന്നിനെ മറികടക്കാന്‍ രണ്ടും കല്‍പ്പിച്ച് ഓസീസ്; കളി പഠിപ്പിക്കാന്‍ കോഴിക്കോട്ടുകാരന്‍ ജിയാസും

മൂന്ന് മല്‍സരങ്ങളില്‍ പുറത്തിരിക്കേണ്ട പിഴവ് റൊണാള്‍ഡോ ചെയ്തട്ടില്ലെന്ന് കണ്ടെത്തിയ യുവേഫ റെഗുലേഷന്‍ കമ്മിറ്റിയാണ് മല്‍സരം ഒന്നാക്കി കുറച്ചത്.അപ്രതീക്ഷിതമായി ലഭിച്ച ചുവപ്പ് കാര്‍ഡിനെ തുടര്‍ന്ന് താരം കരഞ്ഞുകൊണ്ടാണ് മൈതാനം വിട്ടത്.

അഞ്ചു തവണ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ റൊണാള്‍ഡോ ഈ സീസണിലാണ് റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്‌റസിലേക്കെത്തുന്നത്. മൂന്ന് മല്‍സരങ്ങളില്‍ നിന്നുള്ള വിലക്ക് നീക്കിയതോടെ ലോകത്താകമാനുള്ള റൊണാള്‍ഡോ ആരാധകര്‍ ആവേശത്തിലാണ്.