സൗദി പ്രോ ലീഗിലേക്ക് ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു റൊണാൾഡോയുടെ രംഗ പ്രവേശം. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ 225 മില്യൺ യൂറോ പ്രതിവർഷം പ്രതിഫലം നൽകിയാണ് റൊണാൾഡോയെ അൽ നസർ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
ക്ലബ്ബിലെത്തിയ ശേഷം അൽ ആലമിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു. 12 മത്സരങ്ങളിൽ നിന്നും 11ഗോളുകളാണ് അൽ നസറിനായി റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്.
എന്നാൽ താരത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അൽ നസറിന്റെ ഇതിഹാസ താരമായ ഹുസൈൻ അബ്ദുൽ ഗനി.
റൊണാൾഡോ അൽ നസറിൽ ചേർന്നത് തെറ്റായ തീരുമാനമായിപ്പോയെന്നും റൊണാൾഡോയെ കൊണ്ട് അൽ നസറിന് ഗുണങ്ങളൊന്നുമില്ലെന്നുമാണ് അബ്ദുൽ ഗനി അഭിപ്രായപ്പെട്ടിരിക്കുന്നത്.
രണ്ടര വർഷത്തെ കരാറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട റൊണാൾഡോയെ അൽ നസർ തങ്ങളുടെ തട്ടകത്തിലേക്കെത്തിച്ചത്.
“റൊണാൾഡോയെ കൊണ്ട് അൽ നസറിന് മെച്ചമൊന്നുമില്ല.
മാർക്കറ്റിങ് ടെക്ക്നിക്കൽ രീതികളിൽ വിശകലനം ചെയ്യുമ്പോൾ റൊണാൾഡോ അൽ നസറിൽ സൈൻ ചെയ്യേണ്ടെന്നായിരുന്നു എനിക്ക് മനസിലാക്കാൻ സാധിച്ചത്. റൊണാൾഡോയെ സൈൻ ചെയ്യാനുള്ള തീരുമാനം പാളിപ്പോയി,’ ഹുസൈൻ അബ്ദുൽ ഗനി പറഞ്ഞു.
അൽ നസറിന്റെ കളിശൈലിക്ക് യോജിച്ച താരമല്ലെങ്കിലും റൊണാൾഡോ മികച്ച താരമാണെന്നതിൽ തനിക്ക് യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.