മൂന്ന് മിനിട്ടില്‍ രണ്ട് ഗോള്‍, 52ാം മത്സരത്തിലെ 48ാം ഗോള്‍; ആരുണ്ട് ഇവനെ പിടിച്ചുകെട്ടാന്‍?
Sports News
മൂന്ന് മിനിട്ടില്‍ രണ്ട് ഗോള്‍, 52ാം മത്സരത്തിലെ 48ാം ഗോള്‍; ആരുണ്ട് ഇവനെ പിടിച്ചുകെട്ടാന്‍?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th November 2023, 8:27 am

സൗദി പ്രോ ലീഗില്‍ വീണ്ടും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആറാട്ട്. കഴിഞ്ഞ ദിവസം അല്‍ അവ്വല്‍ പാര്‍ക് സ്റ്റേഡിയത്തില്‍ അല്‍ അഖ്ദൂതിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് റൊണാള്‍ഡോ തരംഗമായത്. സി.ആര്‍. സെവന്റെ ഇരട്ട ഗോളിന്റെ ബലത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് അല്‍ അലാമി മത്സരം വിജയിച്ചു.

4-2-3-1 എന്ന ഫോര്‍മേഷനില്‍ അല്‍ നസര്‍ കളത്തിലിറങ്ങിയപ്പോള്‍ 5-4-1 എന്ന ഫോര്‍മേഷനാണ് അല്‍ അഖ്ദൂത് അവലംബിച്ചത്.

മത്സരത്തിലുടനീളം അല്‍ നസറിന്റെ ആധിപത്യമായിരുന്നു ആരാധര്‍ കണ്ടത്. ബോള്‍ പൊസഷനിലും ഷോട്ടിലും ഷോട്ട് ഓണ്‍ ടാര്‍ഗെറ്റിലുമെല്ലാം മൃഗീയ ആധിപത്യമാണ് അല്‍ നസര്‍ കാത്തുസൂക്ഷിച്ചത്.

മത്സരത്തിന്റെ 13ാം മിനിട്ടില്‍ അല്‍ നസര്‍ ആദ്യ ഗോള്‍ നേടി. സുല്‍ത്താന്‍ അല്‍ ഗാനത്തിന്റെ അസിസ്റ്റില്‍ സാമി അല്‍ നെജെയ്‌യാണ് അല്‍ നസറിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്നും പല തവണ അല്‍ നസര്‍ അഖ്ദൂത് ഗോള്‍മുഖത്തേക്ക് ആക്രമണമഴിച്ചുവിട്ടെങ്കിലും ഒന്നും ഫലം കണ്ടില്ല.

ആദ്യ ഗോള്‍ വീണ് 64 മിനിട്ട് മറ്റൊരു ഗോള്‍ മടക്കാതെ അല്‍ നസറിനെ എതിരാളികള്‍ തടഞ്ഞുനിര്‍ത്തിയെങ്കിലും 77ാം മിനിട്ടില്‍ മഞ്ഞക്കുപ്പായക്കാര്‍ ലീഡ് നേടി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയാണ് അല്‍ നസര്‍ ലീഡ് ഇരട്ടിയാക്കിയത്.

സര്‍ജിക്കല്‍ പ്രിസഷനിലൂടെ റൊണാള്‍ഡോയുടെ ഷോട്ട് ഗോള്‍ വലയിലേക്ക് പറന്നിറങ്ങിയപ്പോള്‍ അല്‍ അവ്വാല്‍ പാര്‍ക് ആവേശത്തിലാറാടി. മൂന്ന് മിനിട്ടിനിപ്പുറം 80ാം മിനിട്ടില്‍ റൊണാള്‍ഡോ വീണ്ടും അവതരിച്ചു. താന്‍ എന്തുകൊണ്ടാണ് ഫുട്‌ബോള്‍ ലോകത്ത് രാജാവായി ഇന്നും തുടരുന്നത് എന്ന വ്യക്തമാക്കുന്ന ഗോളായിരുന്നു അത്.

2023ല്‍ റൊണാള്‍ഡോ നേടുന്ന 48ാം ഗോളാണിത്. ഇതിന് പുറമെ ഈ വര്‍ഷം മാത്രം 13 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.

ഈ വിജയത്തിന് പിന്നാലെ രണ്ടാം സ്ഥാനത്ത് തുടരാനും അല്‍ നസറിനായി. 14 മത്സരത്തില്‍ നിന്നും 11 ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമടക്കം 34 പോയിന്റാണ് അല്‍ നസറിനുള്ളത്. ഒരു പോയിന്റ് വ്യത്യാസത്തില്‍ ചിരവൈരികളായ അല്‍ ഹിലാലാണ് പട്ടികയില്‍ ഒന്നാമത്.

നവംബര്‍ 27നാണ് അല്‍ നസറിന്റെ അടുത്ത മത്സരം. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ പെര്‍സപൊലിസിനിനെതിരെയാണ് റൊണാള്‍ഡോയും സംഘവും കളത്തിലിറങ്ങുക. അല്‍ അവ്വല്‍ പാര്‍ക്കാണ് വേദി.

അല്‍ നസര്‍ – പെര്‍സപൊലിസ് ആദ്യ പാദ മത്സരത്തില്‍ റൊണാള്‍ഡോയും സംഘവും എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചിരുന്നു.

 

ഡിസംബര്‍ ഒന്നിനാണ് സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ അടുത്ത മത്സരം. കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സൗദി എല്‍ ക്ലാസിക്കോയില്‍ അല്‍ ഹിലാലാണ് എതിരാളികള്‍.

 

Content highlight: Ronaldo strike twice, Al Nassr defeated AL Akhdoud