225 മില്യൺ പ്രതിവർഷം നൽകി റൊണാൾഡോയെ ക്ലബ്ബിലെത്തിച്ച അൽ നസർ ഫുട്ബോൾ ക്ലബ്ബിന്റെ തീരുമാനം ലോകമാകെയുള്ള ഫുട്ബോൾ പ്രേമികൾ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.
റോണോയെ ക്ലബ്ബിലെത്തിച്ചതോടെ അൽ നസറിന്റെ ബ്രാൻഡ് മൂല്യവും ഓഹരി മൂല്യവും കുതിച്ചുയർന്നിരുന്നു. ഇതോടെ റൊണാൾഡോയെക്കൂടാതെ കൂടുതൽ യൂറോപ്യൻ താരങ്ങളെ ക്ലബ്ബിലെത്തിക്കാനുള്ള ശ്രമത്തിലാണ് അൽ നസർ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ ക്ലബ്ബിൽ സൈൻ ചെയ്ത ശേഷം റൊണാൾഡോ ആദ്യമായി അൽ നസർ ജേഴ്സിയണിഞ്ഞ മത്സരത്തിൽ ഇത്തിഫാഖിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ക്ലബ്ബ് പരാജയപ്പെടുത്തിയത്.
കളിയിൽ ഗോളുകളോ അസിസ്റ്റുകളോ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മികച്ച പ്രകടനമാണ് റൊണാൾഡോ കാഴ്ച വെച്ചത്. ബൈസിക്കിൾ ഷോട്ടടക്കമുള്ള കിക്കുകളും മത്സരത്തിൽ റോണോ പുറത്തെടുത്തിരുന്നു.
എന്നാൽ റൊണാൾഡോയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇത്തിഫാഖ് താരം മാഴ്സെൽ ടിസറാന്റ്. റൊണാൾഡോ ഈ പ്രായത്തിലും വളരെ അപകടകാരിയാണെന്നും റൊണാൾഡോ എഫക്ട് സൗദിയിൽ ഇനിയും തുടരുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
പോർച്ചുഗീസ് സ്പോർട്സ് മാധ്യമം എ ബോലയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
“റൊണാൾഡോ വ്യത്യസ്തതകൾ ഏറെയുള്ള താരമാണ്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തെ ഞങ്ങൾ പരമാവധി പ്രതിരോധിച്ചിരുന്നു. ഞങ്ങളുടെ ഡിഫൻസിനെ അധികം ഉലച്ചില്ലെങ്കിലും നന്നായി തന്നെയാണ് റൊണാൾഡോ കളിച്ചത്. അദ്ദേഹം ഒരു ഇരുപത് വയസുകാരനല്ല എന്നത് സത്യമാണ്. എങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ ശാരീരികക്ഷമതക്ക് ഒരു കുറവും വന്നിട്ടില്ല.
ഇപ്പോഴും അപകടകാരിയായ താരമാണ് റോണോ. ടീമുമായി ഒരു ഒത്തിണക്കം കിട്ടിയാൽ അദ്ദേഹത്തെ തടയുക ബുദ്ധിമുട്ടായിരിക്കും. റൊണാൾഡോയുടെ വരവ് ലീഗിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കി. വലിയ അളവിലുള്ള കാണികൾ മത്സരം കാണാനെത്തി. തീർച്ചയായും റോണൾഡോ എഫക്ട് തുടരുമെന്നാണ് എന്റെ വിശ്വാസം,’ മാഴ്സെൽ ടിസറാന്റ് പറഞ്ഞു.