റൊണാൾഡോ സൗദിയിലെത്തിയതോടെ മികച്ച നേട്ടങ്ങൾക്ക് അർഹമായിരിക്കുകയാണ് സൗദി പ്രോ ലീഗും അൽ നസർ ക്ലബ്ബും.
റൊണാൾഡോയുടെ വരവോടെ സൗദി പ്രോ ലീഗിന്റെ ജനപ്രീതിയും മാധ്യമ ശ്രദ്ധയും സംപ്രേക്ഷണ തോതും വർധിച്ചപ്പോൾ അൽ നസറിന്റെ ഓഹരി, ബ്രാൻഡ് മൂല്യത്തിൽ റോണോയുടെ വരവ് വൻ വർധനയുണ്ടാക്കി.
പ്രതിവർഷം ഏകദേശം 225 മില്യൺ യൂറോക്ക് സൗദിയിൽ റൊണാൾഡോയെത്തിയതോടെ സൗദി പ്രോ ലീഗിന്റെ സംപ്രേഷണാവകാശം ഏകദേശം 36 പുതിയ രാജ്യങ്ങളിലേക്ക് കൂടി എത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഏ.എസ് സ്‌പോർട്സാണ് പ്രോ ലീഗിന്റെ സംപ്രേഷണം വർധിച്ചതിനെക്കുറിച്ച് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.
യൂറോപ്യൻ രാജ്യങ്ങളിലും ലോകമാകെയുള്ള മറ്റ് രാജ്യങ്ങളിലും റോണോയുടെ വരവോടെ പ്രോ ലീഗ് സംപ്രേഷണം ആരംഭിച്ചു എന്ന് അറിയിച്ച ഏ. എസ് സ്പോർട്സ് ഫ്രാൻസ്, പോർച്ചുഗൽ, ജർമനി, മെക്സിക്കോ മുതലായ പ്രമുഖ രാജ്യങ്ങളും ഈ ലിസ്റ്റിൽ പെടുമെന്ന് റിപ്പോർട്ട് പുറത്ത് വിട്ടു.
കൂടാതെ തുർക്കി, ഇറ്റലി, യുണൈറ്റഡ് കിങ്ടം എന്നീ രാജ്യങ്ങളിലും പ്രോ ലീഗ് സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ മാത്രം ഒതുങ്ങി നിന്ന പ്രോ ലീഗിന് വലിയ പ്രസിദ്ധിയാണ് റൊണാൾഡോയുടെ വരവ് ഉണ്ടാക്കിയിരിക്കുന്നത്.ഇനിയും കൂടുതൽ യൂറോപ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്ക് പ്രോ ലീഗ് സംപ്രേഷണം ആരംഭിക്കുമെന്നും ചില ഏഷ്യൻ രാജ്യങ്ങൾ കൂടി പുതുതായി പ്രോ ലീഗ് സംപ്രേക്ഷണം ആരംഭിക്കാൻ പദ്ധതിയിടുന്നതായും ഏ.എസ് സ്പോർട്സിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം വെള്ളിയാഴ്ച നടന്ന പ്രോ ലീഗ് മത്സരത്തിൽ അൽ നസർ അൽ ഫത്തഹുമായി സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ റൊണാൾഡോ ഒരു ഗോൾ സ്വന്തമാക്കിയതോടെ അൽ നസറിനായി ആദ്യ ഗോൾ നേടാൻ റോണോക്ക് സാധിച്ചു.
മത്സരം സമനിലയിൽ ആയതോടെ അൽ നസർ വീണ്ടും സൗദി പ്രോ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.