| Friday, 6th October 2023, 4:30 pm

സ്വന്തം രാജ്യം ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നത് അഭിമാനനിമിഷം: റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

1930ൽ ആരംഭിച്ച ഫുട്ബോൾ ലോകകപ്പ് 2030ൽ നൂറാം വർഷമാവുമ്പോൾ വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത വേദികളിൽ ആയിട്ടാണ് ലോകകപ്പ്‌ നടക്കുക.

2030 ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന രാജ്യമാവാൻ പോർച്ചുഗൽ ബിഡ് വെച്ചിരുന്നു. പോർച്ചുഗലിന്റെ ഈ ശ്രമം വിജയിക്കുകയും ചെയ്‌തു.

ഇതിന് പിന്നാലെയാണ് ലോകകപ്പിൽ പോർച്ചുഗലിന് ആതിഥേയത്വം ലഭിച്ചതിൽ പ്രതികരിച്ച് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തെത്തിയത്.

‘ഞങ്ങളുടെ ആദ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തയ്യാറാവുമ്പോൾ ഇതൊരു അഭിമാന നിമിഷമാണ്,’ റൊണാൾഡോ ട്വിറ്ററിൽ കുറിച്ചു.

പോർച്ചുഗലിന് വേണ്ടി 2006ൽ അരങ്ങേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യത്തിനായി അഞ്ച് ലോകകപ്പാണ് കളിച്ചത്. എന്നാൽ ഇതുവരെ ഒരു ലോകകപ്പ്‌ പോലും സ്വന്തം പേരിലാക്കാൻ സാധിക്കാത്തത് താരത്തിന്റ കരിയറിലെ എക്കാലത്തെയും വലിയ നഷ്ടമാണ്.

എന്നാൽ 2016ൽ ഫ്രാൻസിനെ തോൽപ്പിച്ചുകൊണ്ട് റോണോയും കൂട്ടരും യൂറോ കപ്പ്‌ സ്വന്തമാക്കിയിരുന്നു.

പോർച്ചുഗലിനായി 201 മത്സരങ്ങൾ കളിച്ച താരം 123 ഗോളുകൾ നേടിയിട്ടുണ്ട്. പോർച്ചുഗലിന്റെ എക്കാലത്തെ മികച്ച ഗോൾ വേട്ടക്കാരനാണ് റൊണാൾഡോ.

38 വയസ്സുള്ള റൊണാൾഡോ തന്റെ കരിയറിന്റെ അവസാനത്തോട് അടുക്കുമ്പോൾ 2030ൽ സ്വന്തം രാജ്യത്ത്‌ നടക്കുന്ന ലോകകപ്പിൽ കളിക്കാൻ താരം ഉണ്ടാകില്ലെന്ന നിരാശയും ആരാധകർക്കുണ്ട്.

എന്നാൽ അന്ന് ടീമിന്റെ കോച്ച് ആയി അദ്ദേഹം കൂടെ ഉണ്ടാവും എന്ന പ്രതീക്ഷയും തള്ളികളയാനാവില്ല.

Content Highlight: Ronaldo shares the happiness of  Portugal hosting 2030 World Cup.

We use cookies to give you the best possible experience. Learn more