കിങ്ങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സൗദി ഓൾ സ്റ്റാർസ്, പി.എസ്.ജി റിയാദ് സീസൺ കപ്പ് മത്സരത്തിൽ മികച്ച പ്രകടനമാണ് റൊണാൾഡോ കാഴ്ചവെച്ചത്.
മത്സരത്തിൽ 60 മിനിട്ട് മൈതാനത്തുണ്ടായിരുന്ന റൊണാൾഡോ രണ്ട് ഗോളുകളാണ് സൗദി ഓൾ സ്റ്റാർസ് ടീമിന് വേണ്ടി സ്വന്തമാക്കിയത്.
പി.എസ്.ജിയുടെ പേര് കേട്ട സ്‌ക്വാഡിനെതിരെ 5-4 ഗോൾ എന്ന സ്കോറിന് മാത്രം പരാജയപ്പെട്ട സൗദി ഓൾ സ്റ്റാർസിന്റെ പ്രകടനത്തിലെ നട്ടെല്ലായത് റൊണാൾഡോയുടെ ഇരട്ട ഗോളുകളായിരുന്നു.
കൂടാതെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ടതും റൊണാൾഡോയായിരുന്നു. ഏറെ നാളത്തെ ഫോമില്ലായ്മക്ക് ശേഷം മെസി, എംബാപ്പെ, നെയ്മർ,റാമോസ് മുതലായ വമ്പൻ താരങ്ങളടങ്ങിയ സ്‌ക്വാഡിനെതിരെ റൊണാൾഡോ കാഴ്ച്ച വെച്ച ഈ മികച്ച പ്രകടനം അദ്ദേഹത്തിന്റെ വിമർശകരുടെ വായടപ്പിക്കുന്നതായിരുന്നു.
എന്നാൽ റൊണാൾഡോ രണ്ട് ഗോളടിച്ചത് വലിയ കാര്യമല്ലെന്നും അതൊക്കെ അദേഹത്തിന് വളരെ സാധാരണമാണെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് അൽ നസർ ക്ലബ്ബിന്റെ പ്രസിഡന്റായ മുസ്‌ലി-അൽ-മുഅമ്മർ.
“റൊണാൾഡോയുടെ ഇന്നത്തെ കളി വളരെ സാധാരണമായിരുന്നു. അദ്ദേഹം രണ്ട് ഗോളുകൾ സ്കോർ ചെയ്തു. പക്ഷെ അതിൽ വലിയ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല.ഇതൊക്കെ റൊണാൾഡോയെ സംബന്ധിച്ച് വളരെ സാധാരണമായ കാര്യമാണ്,’ മുസ്‌ലി-അൽ-മുഅമ്മർ പറഞ്ഞു.
അൽ ഹിലാൽ, അൽ നസർ എന്നീ ടീമുകളിലെ താരങ്ങൾ അണിനിരന്ന സൗദി ഓൾ സ്റ്റാർസിനെതിരെ കഷ്ട്ടപ്പെട്ടാണ് പി.എസ്.ജി വിജയിച്ചത്.
ഗോൾ എന്നുറപ്പിച്ച പല ഷോട്ടുകളും പി.എസ്.ജിയുടെ പകരക്കാരനായിറങ്ങിയ ഗോൾ കീപ്പർ ടൊന്നാറുമ തടുത്തില്ലായിരുന്നെങ്കിൽ റിയാദ് കപ്പ് സൗദി ഓൾ സ്റ്റാർസ് ഉയർത്തിയേനെ.
അതേസമയം മത്സരത്തിന്റെ 60 മിനിട്ട് സമയം മാത്രമാണ് സൂപ്പർ താരങ്ങളായ റൊണാൾഡോ, മെസി, നെയ്മർ, എംബാപ്പെ, സെർജിയോ റാമോസ്, അഷറഫ് ഹക്കീമി എന്നിവർ കളിക്കളത്തിൽ ഉണ്ടായിരുന്നുള്ളൂ.