| Saturday, 5th August 2023, 3:56 pm

2023ലെ ഈ കണക്കില്‍ മെസിയല്ല ക്രിസ്റ്റ്യാനോ ആണ് ടോപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ജനുവരിയിലാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ മണ്ണിലേക്ക് ചേക്കേറിയത്. താരത്തിന്റെ പ്രവേശത്തോടെ അല്‍ നസര്‍ ക്ലബ്ബിലും സൗദി ലീഗിലും വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്.

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ രണ്ട് സീസണുകള്‍ പൂര്‍ത്തിയാക്കിയ ലയണല്‍ മെസി കഴിഞ്ഞ മാസമാണ് യൂറോപ്യന്‍ ലീഗിനോട് താത്കാലിക വിട പറഞ്ഞ് എം.എല്‍.എസ് ക്ലബ്ബുമായി സൈനിങ് നടത്തിയത്. ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മയാമിക്കായി കളിച്ച മൂന്ന് മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത മെസി ഇതിനകം അഞ്ച് ഗോളുകള്‍ അക്കൗണ്ടിലാക്കി കഴിഞ്ഞു.

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2023 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും ഗോള്‍ നേടിയിട്ടുള്ളത് റൊണാള്‍ഡോയാണ്. അല്‍ നസറിനായി കളിച്ച 26 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകളാണ് റോണോയുടെ സമ്പാദ്യം. കളിയുടെ ഓരോ 106 മിനിട്ടിലും ഒരു ഗോള്‍ എന്ന നിലക്കാണ് താരത്തിന്റെ സ്‌കോര്‍.

അതേസമയം, പി.എസ്.ജിയിലും അര്‍ജന്റീനയിലും ഇന്റര്‍ മയാമിയിലുമായി കളിച്ച 28 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകളാണ് മെസി അക്കൗണ്ടിലാക്കിയിരിക്കുന്നത്. ഓരോ 129 മിനിട്ടിലും ഒരു ഗോള്‍ എന്നതാണ് മെസിയുടെ സ്‌കോറിങ് കണക്ക്.

എന്നാല്‍ 2023ല്‍ റോണോ രണ്ട് അസിസ്റ്റുകള്‍ നല്‍കിയപ്പോള്‍ എട്ട് അസിസ്റ്റുകളാണ് മെസിയുടെ പേരിലുള്ളത്. നാല്പതുകളോട് അടുക്കാനായെങ്കിലും ഫുട്‌ബോളില്‍ ഇരുവരും മാസ് പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം കിങ് ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പില്‍ അല്‍ നസറും ഈജിപ്ഷ്യന്‍ ക്ലബ്ബായ സമാലേക്കും ഏറ്റമുട്ടിയിരുന്നു. ഓരോ ഗോള്‍ വീതമടിച്ച് സമനിലയിലാണ് മത്സരം കലാശിച്ചത്. തോല്‍വിയിലേക്ക് കൂപ്പുകുത്തുമെന്ന് പ്രതീക്ഷിച്ച സമയത്ത് രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവതരിച്ചപ്പോള്‍ അല്‍ നസര്‍ സമനില പിടിച്ചു. മത്സരത്തിന്റെ 87ാം മിനിട്ടില്‍ നേടിയ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോളിലൂടെയാണ് റൊണാള്‍ഡോ സമാലേക്ക് വലകുലുക്കിയത്.

ഈ ഗോള്‍ നേട്ടത്തിന് പിന്നാലെ മറ്റൊരു റെക്കോഡും റൊണാള്‍ഡോയെ തേടിയെത്തിയിരിക്കുകയാണ്. വലം കാല്‍ ഉപയോഗിക്കാതെ ഫുട്ബോളിന്റെ ചരിത്രത്തില്‍ 300 ഗോള്‍ പൂര്‍ത്തിയാക്കിയ ആദ്യ താരം എന്ന റെക്കോഡാണ് റൊണാള്‍ഡോയെ തേടിയെത്തിയിരിക്കുന്നത്. കരിയറിലെ 146ാമത് ഹെഡ്ഡര്‍ ഗോളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്.

അതേസമയം, ഏറ്റവുമധികം ഗിന്നസ് റെക്കോഡുള്ള ഫുട്ബോളര്‍ എന്ന നേട്ടം മെസിയെ തേടിയെത്തിയിരുന്നു. ലീഗ്സ് കപ്പില്‍ അറ്റ്ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തിലാണ് മെസി ഈ നേട്ടം കുറിച്ചത്. റോബര്‍ട്ട് ടെയ്ലറിന്റെ അസിസ്റ്റില്‍ മത്സരത്തിന്റെ 22ാം മിനിട്ടില്‍ നേടിയ ഗോളാണ് റെക്കോഡിന് വഴിവെച്ചത്.

മെസിയുടെ 41ാം ഗിന്നസ് നേട്ടമാണിത്. ഇതിന് പുറമെ ഒരു ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം (അഞ്ച് ഗോള്‍, ബയേണ്‍ ലെവര്‍കൂസനെതിരെ), ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരം (26), ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരം (86 ഗോള്‍, 2012ല്‍) തുടങ്ങിയ നേട്ടങ്ങളും മെസിയുടെ പേരിലുണ്ട്.

Content Highlights: Ronaldo scores more goal than Messi

We use cookies to give you the best possible experience. Learn more