സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ ക്ലബ്ബ് 225 മില്യൺ യൂറോക്കാണ് റൊണാൾഡോയെ തങ്ങളുടെ തട്ടകത്തിലേക്കെത്തിച്ചത്. ഇതോടെ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി റൊണാൾഡോ മാറിയിരുന്നു. കൂടാതെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും ഉയർന്ന പ്രതിഫലത്തുകക്ക് വിറ്റ് പോയ താരവും റൊണാൾഡോയാണ്.
എന്നാൽ അൽ നസർ ക്ലബ്ബിൽ ആരങ്ങേറിയെങ്കിലും കളിച്ച ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ഗോളുകൾ നേടാനോ ഗോളവസരങ്ങൾ സൃഷ്ടിക്കാനോ റൊണാൾഡോക്ക് സാധിച്ചിരുന്നില്ല.
കൂടാതെ താരത്തിന്റെ മൊത്തം പ്രകടന മികവും ഒട്ടും മികച്ചതായിരുന്നില്ല. ഇതൊടെ പല കോണുകളിൽ നിന്നും റൊണാൾഡോക്കെതിരെ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. താരത്തിന് സൗദി ക്ലബ്ബിൽ പോലും ശരിയായ രീതിയിൽ മത്സരിക്കാൻ സാധിക്കുന്നില്ലെന്നും വിരമിക്കുന്നതാണ് റോണോക്ക് നല്ലതെന്നുമാണ് ഉയർന്ന് വന്ന വിമർശനങ്ങളിൽ പ്രധാനപ്പെട്ടത്.
എന്നാൽ വിമർശകരുടെയെല്ലാം വായടപ്പിച്ചു കൊണ്ടാണ് റൊണാൾഡോ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ അൽ ഫത്തേഹിനെതിരെ ഗോൾ സ്വന്തമാക്കിയിരുന്നു. കളിയുടെ അവസാന പകുതിയിൽ വീണ് കിട്ടിയ പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചാണ് സൗദി അറേബ്യൻ ക്ലബ്ബിനായി റോണോ തന്റെ കന്നി ഗോൾ സ്വന്തമാക്കിയത്.
ഇതിന് ശേഷം താരം തന്റെ സന്തോഷം പ്രകടിപ്പിച്ച് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
“സൗദി ലീഗിൽ എന്റെ ആദ്യ ഗോൾ സ്വന്തമാക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. കൂടാതെ പ്രധാനപ്പെട്ട ഈ സമനില നേടാൻ കൂടെ നിന്ന് പോരാടിയ എല്ലാ ടീമംഗങ്ങൾക്കും ആശംസകൾ,’ റൊണാൾഡോ പറഞ്ഞു.
റോണോയുടെ സമനില ഗോളോടെ മത്സരം 2-2 സമനിലയിൽ പിരിഞ്ഞിരുന്നു. ഇതൊടെ പ്രൊ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാൻ അൽ നസറിന് സാധിച്ചു.