| Tuesday, 14th June 2022, 8:17 am

എനിക്ക് ഒരു ടീംമേറ്റിനപ്പുറം ഒരു സഹോദരനാണ് നീ; മാഴ്‌സെലൊയ്ക്ക് നന്ദി പറഞ്ഞ് റൊണാള്‍ഡൊ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച കൂട്ടുക്കെട്ടിലൊന്നായിരുന്നു റയല്‍ മാഡ്രഡിലെ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊയുടേയും ഡിഫന്‍ഡര്‍ മാഴ്‌സെലൊയുടെയും. ഇരുവരും ഒരുമിച്ച് കളിച്ചു കൊണ്ടിരുന്നപ്പോള്‍ മികച്ച കൂട്ടുക്കെട്ടായിരുന്നു ഉണ്ടാക്കിയത്. പിച്ചിനകത്തും പുറത്തും ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.

റയലിന്റെ 14ാം ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിന് ശേഷം മാഴ്‌സെലൊ ടീമിനോട് വിടപറയുകയാണ്. റയലിനോടും ആരാധകരോടും നന്ദി പറഞ്ഞുകൊണ്ട് മാഴ്‌സെലൊ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രസ് മീറ്റില്‍ കരഞ്ഞുകൊണ്ടാണ് താരം ടീം വിട്ടത്.

ഇപ്പോഴിതാ റോണൊയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുകയാണ് മാഴ്‌സെലൊക്ക് വേണ്ടി. കളത്തിനകത്തും പുറത്തും ഒരു ടീംമേറ്റിനപ്പുറം ഫുട്‌ബോള്‍ എനിക്ക് തന്ന ഒരു സഹോദരനാണ് മാഴ്‌സെലൊ. വിരമിക്കലിന് ശേഷമുള്ള ജീവിതത്തിന് ആശംസകള്‍ എന്നും റോണൊ പറഞ്ഞു.

‘ കളിക്കളത്തിന് അകത്തും പുറത്തും ഒരു സഹതാരത്തേക്കാള്‍ കൂടുതല്‍, ഒരു സഹോദരനെയാണ് ഫുട്‌ബോള്‍ എനിക്ക് നല്‍കിയത്. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ മാഴ്‌സെലൊയുടെ കൂടെ ഒരു ലോക്കര്‍ റൂം പങ്കിട്ടതില്‍ ഒരുപാട് സന്തോഷം. പുതിയ സാഹസികതയ്ക്ക് എല്ലാം മറന്ന് ആസ്വദിക്കൂ , മാഴ്‌സെലൊ!,’ റൊണാള്‍ഡൊ ഫേസ്ബുക്കില്‍ കുറിച്ചു.

റൊണാള്‍ഡോയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരങ്ങളില്‍ അഞ്ചാമതാണ് മാഴ്‌സെലൊ. 25 അസിസ്റ്റുകളാണ് താരം റൊണാള്‍ഡൊക്ക് നല്‍കിയിട്ടുള്ളത്. റോണോക്കായി ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ ഡിഫന്‍ഡര്‍ മാഴ്‌സെലൊ തന്നെയാണ്.

ലെഫ്റ്റ് വിങിലൂടെ കുതിച്ചുകയറി മാഴ്‌സെലൊ റോണൊക്ക് നല്‍കുന്ന അസിസ്റ്റിന് പ്രത്യേക ഭംഗിയായിരുന്നു. അതുകഴിഞ്ഞുള്ള അവരുടെ സെലിബ്രഷനും ഐക്കോണിക് തന്നെയായിരുന്നു.

റയല്‍ മാഡ്രിഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന താരമാണ് ബ്രസീലിയനായ മാഴ്‌സെലൊ. ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതോടെ റയലിനോടൊപ്പം 25 കിരീട നേട്ടങ്ങളിലാണ് ബ്രസീലിയന്‍ ലെഫ്റ്റ് ബാക്ക് ഭാഗമായത്.

ഏഴ് ലാ-ലീഗ കിരീട നേട്ടത്തിലും അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലും ഭാഗമായ മാഴ്‌സെലൊ രണ്ട് സ്പാനിഷ് കപ്പ്, അഞ്ച് സ്പാനിഷ് സൂപ്പര്‍ കപ്പ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, നാല് ക്ലബ് ലോക കപ്പ് എന്നീ നേട്ടങ്ങളിലും പങ്കാളിയായി.

Content Highlights: Ronaldo says thanks to his Real Madrid team mate Marcelo

We use cookies to give you the best possible experience. Learn more