| Tuesday, 12th December 2023, 12:41 pm

ഷബാബിന്റെ മെസി ചാന്റിനുള്ള റൊണാള്‍ഡോയുടെ മറുപടി; സോഷ്യല്‍ മീഡിയ കത്തിച്ച റിയാക്ഷന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കിങ്‌സ് കപ്പ് ഓഫ് ചാമ്പ്യന്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ റൊണാള്‍ഡോയുടെ അല്‍ നസര്‍ അല്‍ ഷബാബിനെ പരാജയപ്പെടുത്തിയിരുന്നു. അല്‍ ഷബാബിന്റെ ഹോം ഗ്രൗണ്ടായ അല്‍ ഷബാബ് ക്ലബ്ബ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് അല്‍ നസര്‍ വിജയിച്ചുകയറിയത്.

മത്സരത്തില്‍ റൊണാള്‍ഡോയെ മാനസികമായി തളര്‍ത്താനുള്ള അല്‍ ഷബാബ് ആരാധകരുടെ ശ്രമവും അതിനുള്ള റൊണാള്‍ഡോയുടെ റിയാക്ഷനുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

റൊണാള്‍ഡോയുടെ ആര്‍ച്ച് റൈവലും ഇതിഹാസ താരവുമായ മെസിയുടെ പേര് ചാന്റ് ചെയ്തുകൊണ്ടാണ് അല്‍ ഷബാബ് ആരാധകര്‍ റൊണാള്‍ഡോയെ വരവേറ്റത്.

മെസിയുടെ പേര് ചാന്റ് ചെയ്തപ്പോള്‍ നേരത്തെ റൊണാള്‍ഡോ നിലമറന്ന് പെരുമാറിയതെല്ലാം മനസില്‍ കണ്ടുകൊണ്ട് ചാന്റ് ചെയ്ത ഷബാബ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് റൊണാള്‍ഡോ കളിക്കളത്തില്‍ നിറഞ്ഞാടിയത്.

മെസിയുടെ പേര് ചാന്റ് ചെയ്തപ്പോഴുള്ള റൊണാള്‍ഡോയുടെ റിയാക്ഷനും വൈറലാവുകയാണ്. എനിക്കൊന്നും കേള്‍ക്കുന്നില്ല എന്ന തരത്തിലാണ് റൊണാള്‍ഡോ പ്രതികരിച്ചത്.

ഈ റിയാക്ഷന് പിന്നാലെ പോര്‍ച്ചുഗീസ് ലെജന്‍ഡ് ഗോള്‍ നേടുകയും അല്‍ നസര്‍ മൂന്ന് ഗോളിന്റെ മാര്‍ജിനില്‍ വിജയിക്കുകയും ചെയ്തതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ സന്തോഷവും ആവേശവും പങ്കുവെക്കുകയാണ്. റൊണാള്‍ഡോയുടെ റിയാക്ഷനാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

അതേസമയം, മത്സരത്തിന്റെ സിംഹഭാഗവും കളി അല്‍ നസറിന്റെ വരുതിയില്‍ തന്നെയായിരുന്നു. പന്തടക്കത്തിലും ഷോട്ടുകളിലും പുലര്‍ത്തിയ അതേ ഡോമിനനന്‍സ് ഗോളടിക്കുന്നതിലും തുടര്‍ന്നപ്പോള്‍ അല്‍ അലാമി മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ വിജയിച്ചുകയറി.

മത്സരത്തിന്റെ 17ാം മിനിട്ടില്‍ സെക്കോ ഫൊഫാനയിലൂടെ അല്‍ നസര്‍ ലീഡ് നേടിയെങ്കിലും 24ാം മിനിട്ടില്‍ ഷബാബ് തിരിച്ചടിച്ചു. ബ്രസീല്‍ താരം കാര്‍ലോസാണ് ഗോള്‍ കണ്ടെത്തിയത്.

സമനില ഗോള്‍ വഴങ്ങി കൃത്യം നാലാം മിനിട്ടില്‍ അല്‍ നസര്‍ ലീഡ് നേടി. സാദിയോ മാനെയാണ് സൗദി വമ്പന്‍മാര്‍ക്കായി രണ്ടാം ഗോള്‍ നേടിയത്.

ആദ്യ പകുതിയുടെ അധികസമയത്ത് അബ്ദുറഹ്‌മാന്‍ ഗാരിബിലൂടെ അല്‍ നസര്‍ ലീഡ് ഇരട്ടിയാക്കി.

3-1 എന്ന ലീഡോടെ രണ്ടാം പകുതി ആരംഭിച്ച അല്‍ നസറിനായി 74ാം മിനിട്ടില്‍ ക്യാപ്റ്റന്‍ വലകുലുക്കി. റൊണാള്‍ഡോ – ഒട്ടാവിയോ കൂട്ടുകെട്ടില്‍ പിറന്ന ഗോളില്‍ അല്‍ നസറിന്റെ ലീഡ് വീണ്ടും ഉയരുകയായിരുന്നു.

90ാം മിനിട്ടില്‍ ഷബാബ് തങ്ങളുടെ രണ്ടാം ഗോള്‍ നേടി. കരാസ്‌കോയുടെ ഷോട്ട് അല്‍ നസര്‍ ഗോള്‍ കീപ്പര്‍ തടുത്തിട്ടെങ്കിലും പന്ത് വീണ്ടെടുത്ത ഹാട്ടന്‍ ബെബ്രി ഗോള്‍വല കുലുക്കി.

രണ്ടാം പകുതിയുടെ അധിക സമയത്ത് മറാന്‍ അഞ്ചാം ഗോളും നേടിയതോടെ ആധികാരികമായി തന്നെ അല്‍ നസര്‍ സെമിയില്‍ പ്രവേശിക്കുകയായിരുന്നു.

Content highlight: Ronaldo’s reaction to Al Shabab fans’ Messi chant goes viral

We use cookies to give you the best possible experience. Learn more