റൊണാൾഡോയുടെ സാന്നിധ്യം ഞങ്ങൾക്ക് കളിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു; അൽ നസർ താരം
football news
റൊണാൾഡോയുടെ സാന്നിധ്യം ഞങ്ങൾക്ക് കളിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു; അൽ നസർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th February 2023, 3:37 pm

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ തുക മുടക്കിയാണ് റൊണാൾഡോയെ അൽ നസർ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്.
ഏകദേശം 225 മില്യൺ പ്രതിവർഷ ശമ്പളത്തിനാണ് റൊണാൾഡോയെ അൽ നസർ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. സൗദി ക്ലബ്ബിനായി ഇതുവരെ മൂന്ന് മത്സരങ്ങൾ കളിച്ച റൊണാൾഡോ ഒരു ഗോളാണ് സ്വന്തമാക്കിയത്.

റൊണാൾഡോയുടെ വരവ് അൽ നസറിന് ആഗോളതലത്തിൽ വൻ സ്വീകാര്യത നൽകിയിരുന്നു. കൂടാതെ ക്ലബ്ബിന്റെ ബ്രാൻഡ് മൂല്യവും ഓഹരി മൂല്യവും റൊണാൾഡോയുടെ വരവോടെ വർധിച്ചിരുന്നു.

എന്നാലിപ്പോൾ റൊണാൾഡോയുടെ കടന്ന് വരവ് എങ്ങനെയാണ് ബാക്കിയുള്ള കളിക്കാർക്ക് അൽ നസർ ക്യാമ്പിൽ തടസ്സങ്ങളുണ്ടാക്കുന്നത് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് അൽ നസർ മധ്യനിര താരം ലൂയിസ് ഗുസ്താവോ.

ആർ.ടി അറബിക്കിന് നൽകിയ അഭിമുഖത്തിലാണ് താരം റോണോയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.

“റൊണാൾഡോയൊത്ത് കളിക്കുന്നത് ഞാൻ ഉൾപ്പെടെയുള്ള അൽ നസർ താരങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും അദ്ദേഹത്തിന്റെയൊപ്പം ആ നിലവാരത്തിൽ കളിക്കേണ്ടതുണ്ട്. അത് ബുദ്ധിമുട്ടേറിയ കാര്യമാണ്. കൂടാതെ റൊണാൾഡോക്കൊപ്പം കളിക്കുക എന്നത് വളരെ പ്രചോദനം നൽകുന്ന കാര്യമാണ്,’ ഗുസ്താവോ പറഞ്ഞു.

“റോണോയുടെ സാമീപ്യം ഞങ്ങൾക്ക് വലിയൊരു നേട്ടമാണ് പ്രധാനം ചെയ്യുന്നത്. എന്നും പുതിയ കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്. ടെക്നിക്കലായും ശാരീരികപരമായും അദ്ദേഹം വളരെ മികച്ച താരമാണ്,’ ഗുസ്താവോ കൂട്ടിച്ചേർത്തു.

അതേസമയം മൂന്ന് മത്സരങ്ങൾ അൽ നസർ ജേഴ്സിയിലിറങ്ങിയ റൊണാൾഡോ അൽ ഫത്തേഹിനെതിരെയുള്ള മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് പെനാൽട്ടിയിലൂടെ ഒരു ഗോൾ സ്വന്തമാക്കിയത്. റോണോയുടെ ഗോളോടെ മത്സരം സമനിലയിൽ അവസാനിക്കുകയും അത് വഴി അൽ നസർ പ്രൊ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു.

ഫെബ്രുവരി ഒമ്പതിന് അൽ വെഹ്ദക്കെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം.
റോണോയെ ടീമിലെത്തിച്ചതോടെ സൗദി പ്രൊ ലീഗ് കിരീടവും ഏഷ്യൻ ചാമ്പ്യൻസ് ലീഗും ക്ലബ്ബ് ലക്ഷ്യമിടുന്നു എന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്ത് വന്നിരുന്നു.

Content Highlights:Ronaldo’s presence makes it difficult for us to play; said Luiz Gustavo