എതിർ ടീം ആണെന്നതൊക്കെ ശരി;പക്ഷെ റൊണാൾഡോക്കെതിരെ കളിക്കാൻ എല്ലാവർക്കും ആഗ്രഹം; താരത്തിന്റെ എതിരാളി
football news
എതിർ ടീം ആണെന്നതൊക്കെ ശരി;പക്ഷെ റൊണാൾഡോക്കെതിരെ കളിക്കാൻ എല്ലാവർക്കും ആഗ്രഹം; താരത്തിന്റെ എതിരാളി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th February 2023, 4:33 pm

സൗദി പ്രോ ലീഗിൽ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ റൊണാൾഡോയുടെ അൽ നസർ ഫെബ്രുവരി 17ന് അൽ താവൂൻ എഫ്.സിയെ നേരിടുകയാണ്.

നിലവിൽ പ്രോ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള അൽ നസറിന് പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ വിജയം അനിവാര്യമാണ്.
നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകളുടെ ലീഗിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചിരിക്കുന്ന റൊണാൾഡോയുടെ മികവിൽ പോയിന്റ് ടേബിളിലെ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം അൽ നസർ തിരിച്ചുപിടിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

എന്നാൽ അൽ നസറിനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോക്ക് എതിരെ കളിക്കാൻ എല്ലാവരും കാത്തിരിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ട് രംഗത്ത്‌ വന്നിരിക്കുകയാണ് അൽ താവൂൻ ഗോൾ കീപ്പറായ ബ്രസീലിയൻ താരം മൈൽസൺ.

ബ്രസീലിയൻ മാധ്യമമായ ഗി-ഗ്ലോബോക്ക് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോക്ക് എതിരെ കളിക്കാനുള്ള തങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് മൈൽസൺ വെളിപ്പെടുത്തിയത്.

“എല്ലാവരും ഞങ്ങൾ റൊണാൾഡോയെ എതിരിടാൻ പോകുന്നതിനെപ്പറ്റി പറയുകയാണ്. നടക്കാനിരിക്കുന്നത് റൊണാൾഡോയുടെ മത്സരമാണ്. അത് കൊണ്ട് തന്നെ ഞങ്ങളെല്ലാം ആ മുഹൂർത്തത്തിനായി കാത്തിരിക്കുകയാണ്. തീർച്ചയായും അത് വളരെ ആവേശഭരിതമായ നിമിഷങ്ങളായിരിക്കും.

പക്ഷെ അതേസമയം തന്നെ ആവേശം അതിര്കടക്കാതെ നന്നായി പരിശീലനം മുന്നോട്ട് കൊണ്ട് പോകാൻ ഞങ്ങൾ ശ്രമിക്കേണ്ടതുണ്ട്. അദ്ദേഹത്തെപ്പോലൊരു പ്ലെയർക്കെതിരെ കളിക്കുക എന്നത് തന്നെ ഒരു വലിയ സ്വപ്നം പൂർത്തിയാവുന്ന നിമിഷമാണ്,’ മൈൽസൺ പറഞ്ഞു.


കൂടാതെ റൊണാൾഡോ സൗദിയിലെത്തിയ നിമിഷം മുതൽ ലോകത്തിലെ ഏറ്റവും മികച്ച താരത്തെ എതിരിടാനുള്ള അവസരം ഒത്തുവന്നു എന്നത് വിശ്വസിക്കാൻ സാധിച്ചില്ല എന്നും മലിസൺ കൂട്ടിച്ചേർത്തു.

അതേസമയം 16 മത്സരങ്ങളിൽ നിന്നും 11 വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ 37പോയിന്റുമായി അൽ നസർ രണ്ടാം സ്ഥാനത്തുള്ളപ്പോൾ, 16 മത്സരങ്ങളിൽ നിന്നും ഒമ്പത് ജയങ്ങളുമായി 30 പോയിന്റോടെ അൽ താവൂൻ അഞ്ചാം സ്ഥാനത്താണ്.

ഫെബ്രുവരി 23ന് അൽ ഫെയ്ഹക്കെതിരെയാണ് അൽ തവ്വൂന്റെ അടുത്ത മത്സരം. അൽ നസർ ഫെബ്രുവരി 25ന് ദമാക്കിനെയാണ് അടുത്തതായി നേരിടുക.

 

Content Highlights:ronaldo’s opponent Mailson said that he is very exciting to play against al nassr