അൽ നസറിൽ തീയായി റൊണാൾഡോ; ക്ലബ്ബിന്റെ അവസാന പത്ത് ഗോളിലും കയ്യൊപ്പ്
football news
അൽ നസറിൽ തീയായി റൊണാൾഡോ; ക്ലബ്ബിന്റെ അവസാന പത്ത് ഗോളിലും കയ്യൊപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th February 2023, 3:36 pm

സൗദി പ്രോ ലീഗിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും എത്തിയ റൊണാൾഡോക്ക് വ്യാപകമായ വിമർശനങ്ങളും പരിഹാസങ്ങളുമാണ് ഫുട്ബോൾ ലോകത്തിലെ പല കോണുകളിൽ നിന്നും അനുഭവിക്കേണ്ടി വന്നത്. താരത്തിന് യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളിൽ നിന്നും അവഗണന നേരിട്ടതോട് കൂടിയാണ് റൊണാൾഡോ സൗദി ലീഗിലേക്ക് ചേക്കേറിയതെന്നും വിമർശനമുണ്ടായിരുന്നു.

എന്നാൽ റെക്കോഡ് തുകയായ പ്രതിവർഷം 225 മില്യൺ യൂറോ എന്ന വമ്പൻ തുകക്ക് താരം സൗദിയിലെത്തിയതിന് പിന്നാലെ മെസി, എംബാപ്പെ, നെയ്മർ, റാമോസ് തുടങ്ങിയ സൂപ്പർ താരങ്ങളടങ്ങിയ പി.എസ്.ജിക്കെതിരെ രണ്ട് ഗോളടിച്ച് റൊണാൾഡോ വരവറിയിച്ചിരുന്നു.
പിന്നീട് നടന്ന രണ്ട് മത്സരങ്ങളിൽ റൊണാൾഡോ നിറം മങ്ങിയതോടെ താരത്തിനെതിരെ വലിയ വിമർശനങ്ങൾ അൽ നസർ ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായി.

എന്നാൽ പിന്നീട് അൽ ഫത്തേഹിനെതിരെ പ്രോ ലീഗിലെ തന്റെ ആദ്യ ഗോൾ നേടി തുടക്കമിട്ട റൊണാൾഡോ, വളരെ നിർണായകമായ ഒരു വിജയവും അൽ നസർ ക്ലബ്ബിന് നേടിക്കൊടുത്തു. കളിയുടെ അവസാന നിമിഷം റോണോ നേടിയ പെനാൽട്ടി ഗോൾ ഒന്ന് കൊണ്ട് മാത്രമാണ് അൽ നസറിന് അൽ ഫത്തേഹിനെതിരെ വിജയിക്കാൻ സാധിച്ചത്.

പിന്നീട് പഴയയകാലത്ത് ഓൾഡ് ട്രാഫോർഡിന്റെയും സാന്തിയാഗോ ബെർണാബ്യൂവിനെയും തീ പിടിപ്പിച്ച റൊണാൾഡോയുടെ തിരിച്ചുവരവായിരുന്നു അൽ വെഹ്ദക്കെതിരെയുള്ള മത്സരത്തിൽ കണ്ടത്. എതിരില്ലാത്ത നാല് ഗോളിന് അൽ നസർ അൽ വെഹ്ദയെ തോൽപ്പിച്ച  മത്സരത്തിൽ നാല് ഗോളുകളും പിറന്നത് റോണോയുടെ കാലുകളിൽ നിന്നായിരുന്നു.

ഒരു വീക്ക് ഷോട്ട് ഗോൾ ഉൾപ്പെടെ റൊണാൾഡോ സ്വന്തമാക്കിയ ആ മത്സരം ശരിക്കും താരത്തിന്റെ വിമർശകരുടെ വായടപ്പിച്ചു. റൊണാൾഡോക്ക് പ്രായമായെന്നും താരം വിരമിക്കണമെന്നുമൊക്കെ ഘോരഘോരം വാദിച്ചവർക്കുള്ള കൊട്ടായിരുന്നു അൽ വെഹ്ദക്കെതിരെയുള്ള റൊണാൾഡോയുടെ പ്രകടനം.

പിന്നീട് അൽ താവൂനെതിരെ നടന്ന മത്സരത്തിൽ റൊണാൾഡോക്ക് ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും അബ്ദുൽ റഹ്മാൻ ഗരീബ്, അബ്ദുല്ല മാധു എന്നിവർ നേടിയ ഗോളുകൾക്ക് വഴിയൊരുക്കിയത് റൊണാൾഡോയായിരുന്നു. ഇതോടെ ഗോളുകൾ സ്വന്തമാക്കാനായില്ലെങ്കിലും മത്സരത്തിൽ അൽ നസറിന്റെ വിജയത്തിന് പ്രധാനപ്പെട്ട പങ്ക് വഹിക്കാൻ പോർച്ചുഗീസ് ഇതിഹാസ താരത്തിന് സാധിച്ചു.

ശേഷം ഇന്നലെ നടന്ന ദമാക്കിനെതിരെയുള്ള മത്സരത്തിലും എതിരാളികളെ കൂസാത്ത പഴയ റൊണാൾഡോയുടെ പകർന്നാട്ടം കാണാൻ ആരാധകർക്ക് സാധിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളാണ് ദമാക്കിന്റെ ഗോൾ വലയിലേക്ക് റൊണാൾഡോ അടിച്ചു കയറ്റിയത്. ഇതോടെ പ്രോ ലീഗിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകൾ സ്വന്തം പേരിൽ കുറിക്കാൻ റൊണാൾഡോക്കായി.

അതിൽ രണ്ട് ഹാട്രിക്കുകളും ഉൾപ്പെടുന്നു. ഇതോടെ കരിയറിലെ ഹാട്രിക്ക് എണ്ണം 62 തികക്കാൻ റൊണാൾഡോക്ക് സാധിച്ചു.
അൽ നസർ ഒടുവിൽ നേടിയ പത്ത് ഗോളുകളിലും റൊണാൾഡോയുടെ കയ്യൊപ്പുണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

അൽ നസർ അവസാനമായി നേടിയ പത്ത് ഗോളുകളിൽ എട്ടെണ്ണവും സ്വന്തമാക്കിയ റോണോ, രണ്ട് ഗോളുകൾക്ക് അസിസ്റ്റുകൾ നൽകുകയും ചെയ്തു.
കൂടാതെ പി.എസ്.ജിക്കെതിരെയുള്ള സന്നാഹ മത്സരത്തിൽ നേടിയ ഇരട്ട ഗോളുകൾ കൂടി നേടുമ്പോൾ സൗദിയുടെ മണ്ണിൽ റൊണാൾഡോയുടെ ഗോളെണ്ണം പത്തായി മാറും.

എന്നാൽ മിന്നും ഫോമിൽ കളിച്ചിട്ടും താരത്തിന്  നേരെയുള്ള വിമർശനങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല. സൗദി ലീഗിൽ ആയതിനാലാണ് താരം ഇങ്ങനെ ഗോളടിച്ച് കൂട്ടുന്നതെന്നും അത് ‘കണ്ടം’ ലീഗാണെന്നുമൊക്കെയാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ.
കൂടാതെ ക്വാളിറ്റിയില്ലാത്ത ലീഗിലാണ് റൊണാൾഡോയുടെ ഈ ജൈത്രയാത്രയെന്നും അവർ പരിഹസിക്കുന്നു.

എന്നാൽ സൗദി ലീഗിലുള്ള അൽ ഹിലാൽ ഇത്തവണ റയൽ മാഡ്രിഡിനെതിരെ ക്ലബ്ബ് ലോകകപ്പ് ഫൈനൽ കളിച്ച ടീമാണെന്നും റയൽ നേടിയ അഞ്ച് ഗോളിനെതിരെ മൂന്നെണ്ണം തിരിച്ചടിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ടെന്നും റൊണാൾഡോ ആരാധകർ വാദിക്കുന്നുണ്ട്.

കൂടാതെ പി. എസ്.ജി ക്കെതിരെ രണ്ട് ഗോൾ നേടിയ റോണോയുടെ പ്രകടനം നിങ്ങൾ കണ്ടില്ലെയെന്നും റോണോ പക്ഷം വിമർശകരോട് ചോദിക്കുന്നുണ്ട്.


എന്തൊക്കെ വിമർശനങ്ങൾ ഉയർന്നാലും മിന്നും ഫോമിൽ കളിക്കുന്ന റൊണാൾഡോയുടെ പ്രകടന മികവിനെ ആർക്കും താഴ്ത്തിക്കെട്ടാൻ കഴിയില്ല. താരം ഇനിയെന്തൊക്കെ റെക്കോർഡുകൾ സ്വന്തം പേരിലാക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ.

 

Content Highlights:ronaldo’s al nassr perdomance is outstanding; he help to the club to score last ten goals