| Sunday, 22nd January 2023, 12:16 am

റൊണാൾഡോയുടെ അൽ നസർ അരങ്ങേറ്റം ലോകഫുട്ബോളിന്റെ തന്നെ ശ്രദ്ധ നേടും; സൗദി ലീഗ് ചെയർമാൻ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്ബോൾ ആരാധകരെ തന്നെ ഞെട്ടിച്ച സംഭവമായിരുന്ന പോർച്ചുഗീസ് ഇതിഹാസതാരം റൊണാൾഡോയുടെ സൗദി പ്രോ ലീഗിലേക്കുള്ള കൂടുമാറ്റം. പ്രതിവർഷം 225 മില്യൺ യൂറോ പ്രതിഫലം നൽകിയാണ് താരത്തെ ക്ലബ്ബ്‌ തങ്ങളുടെ മടയിലെത്തിച്ചത്.

കളിക്കളത്തിലെ പ്രകടനങ്ങൾക്കൊപ്പം തന്നെ താരത്തിന്റെ ബ്രാൻഡ് മൂല്യവും മറ്റും പരമാവധി ഉപയോഗിക്കുക എന്ന ലക്ഷ്യവും റൊണാൾഡോയുടെ സൈനിങ്ങിലൂടെ അൽ നസറിനുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

എന്നാലിപ്പോൾ റൊണാൾഡോയുടെ വരവ് സൗദി പ്രോ ലീഗിന് വൻ തോതിലുള്ള ലോക ശ്രദ്ധ നേടിക്കൊടുക്കും എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് സൗദി പ്രോ ലീഗ് ചെയർമാനായ അബ്ദുൽ അസീസ് അൽ അഫൽഖ്.

“പി.എസ്. ജിയുമായുള്ള മത്സരം ഞങ്ങളുടെ ജനങ്ങൾ വളരെ കാത്തിരുന്ന ഒരു പോരാട്ടമാണ്. കൂടാതെ മത്സരത്തിലൂടെ സൗദിയിലെ ആരാധകരുടെ ഫുട്ബോൾ ഭ്രമം ലോകത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്,’ അസീസ് അൽ അഫൽഖ് പറഞ്ഞു.

“റൊണാൾഡോ കളിക്കാനിറങ്ങുന്ന ജനുവരി 22ന് ലോക ഫുട്ബോളിന്റെ കണ്ണുകൾ മുഴുവൻ സൗദിയിലേക്കായിരിക്കുമെന്നതിന് യാതൊരു സംശയവുമില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
ദി നാഷണലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

2025 വരെ പ്രോ ലീഗിൽ റൊണാൾഡോ സൈൻ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഈ മൂന്ന് വർഷ കാലയളവിൽ പ്രോ ലീഗിന് വിപുലമായ സ്വീകാര്യത നൽകാനുള്ള പദ്ധതികൾ സൗദി പ്രോ ലീഗ് അധികൃതർ സ്വീകരിക്കുന്നുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.

സൗദി ലീഗിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും താരം ഇത് വരേക്കും ക്ലബ്ബിനായി അരങ്ങേറ്റ മത്സരം കളിച്ചിട്ടില്ല.

ജനുവരി 19ന് പി.എസ്.ജിക്കെതിരെ നടന്ന സൗദി ഓൾ സ്റ്റാർസിന്റെ മത്സരത്തിലായിരുന്നു സൗദിയുടെ മണ്ണിൽ ആദ്യമായി റോണോ മത്സരിക്കാനിറങ്ങിയത്. കളിയിൽ രണ്ട് ഗോളുകൾ നേടി ആരാധകരെ വിസ്മയിപ്പിച്ച റോണോ തന്നെയായിരുന്നു മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ടതും.

റോണോയുടെ നേതൃത്വത്തിലിറങ്ങിയ സൗദി ഓൾ സ്റ്റാർസ് പി.എസ്.ജി.യെ വിറപ്പിച്ചാണ് മത്സരത്തിൽ പരാജയപ്പെട്ടത്. 5-4 എന്ന സ്കോറിന് മാത്രമാണ് കളിയിൽ മെസി, എംബാപ്പെ, നെയ്മർ എന്നിവരടങ്ങിയ പി.എസ്.ജി വിജയിച്ചത്.

അതേസമയം ജനുവരി 22ന് ഇത്തിഫാക്കുമായാണ് അൽ നസർ മത്സരിക്കാനിറങ്ങുന്നത്. പ്രോ ലീഗ് പോയിന്റ് ടേബിളിൽ നിലവിൽ രണ്ടാമതാണ് റൊണാൾഡോയുടെ ക്ലബ്ബ്‌.

Content Highlights:Ronaldo’s Al Nasser debut will catch the attention of world football itself; Saudi League Chairman

We use cookies to give you the best possible experience. Learn more