മെസി അത് ചെയ്തത് എന്തിനെന്ന് എനിക്കറിയാം, പക്ഷേ നിങ്ങളോട് പറയില്ല; വിവാദ ഗോളില്‍ റൊണാള്‍ഡോ
അർജന്റൈൻ ഇതിഹാസം ലയണൽ മെസി പെനാൽട്ടി സ്കോർ ചെയ്യുന്നതിന്റെ ട്രിക്കിനെക്കുറിച്ച് സംസാരിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
2015-16 ലാ ലിഗ സീസണിൽ സെൽറ്റ വിഗോക്കെതിരെയുള്ള മത്സരത്തിലാണ് മെസി വ്യത്യസ്തമായ പെനാൽട്ടി കിക്ക് എടുത്തത്. മത്സരത്തിൽ പെനാൽട്ടി ലഭിച്ച ബാഴ്സലോണക്കായി കിക്ക് എടുക്കാൻ വന്ന മെസി തന്റെ സഹതാരമായ ലൂയിസ് സുവാരസിന് പന്ത് പാസ് നൽകുകയായിരുന്നു.
മെസിയുടെ ഈ കിക്ക് ഒരുപാട് വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം.
‘ലിയോ ഇത് ചെയ്തത് എന്തിനാണെന്നെനിക്കറിയാം. എന്നാൽ അത് ഞാൻ നിങ്ങളോട് പറയില്ല നിങ്ങൾക്ക് എന്താണ് വേണ്ടത് അത് ചിന്തിക്കുക’, റൊണാൾഡോ മിറർ വഴി പറഞ്ഞു.
2015-16 സീസണിൽ ലാ ലിഗ ടോപ്പ് സ്‌കോറർക്കുള്ള പിച്ചിച്ചി അവാർഡ് നേടാൻ റൊണാൾഡോക്കൊപ്പം സുവാരസും ഉണ്ടായിരുന്നു. ഒരുപക്ഷെ മെസി ഈ അവാർഡ് നേടാൻ തന്റെ സഹതാരമായ സുവാരസിനെ സഹായിച്ചതായേക്കാം.
ആ സീസണിൽ 40 ഗോളുകളുമായി സുവാരസ് ലാ ലിഗ ടോപ്പ് സ്‌കോറർ ആയി. 35 ഗോളുകളുമായി റൊണാൾഡോയും, 25 ഗോളുകളുമായി മെസിയും തൊട്ടുപിറകിൽ സ്ഥാനം നേടിയിരുന്നു.
മത്സരത്തിലേക്ക് വരുകയാണെങ്കിൽ ബാഴ്സ അന്ന് സെൽറ്റ വിഗോയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തോൽപിച്ചു. സുവാരസ് ഹാട്രിക് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മെസി, നെയ്മർ, ഇവാൻ റാക്കിറ്റിച്ച് എന്നിവരുടെ വകയായിരുന്നു ബാക്കി ഗോളുകൾ. മത്സരത്തിന്റെ 82ാം മിനിട്ടിൽ ആയിരുന്നു മെസിയുടെ പാസ് സ്വീകരിച്ച സുവാരസ് ഗോൾ നേടിയത്.
1982ൽ യൊഹാൻ ക്രൈഫും ഇതുപോലെ പെനാൽട്ടി സഹതാരത്തിന് കൈമാറിയിരുന്നു. അയാക്സിൽ കളിക്കുന്ന സമയത്ത് ക്രൈഫിന്റെ പാസിൽ നിന്നും സഹതാരം ജാസ്പർ ഓൾസൺ ഗോൾ നേടുകയായിരുന്നു.
എന്നാൽ 2005-06 ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ റോബർട്ട് പിയേർസണും തിയറി ഹൊൻറിയും നടത്തിയ ഈ നീക്കം പരാജയപ്പെട്ടിരുന്നു.
Content Highlight: Ronaldo revealed the reason behind Messi’s penalty pass to Suarez in the 2015 La Liga season.