| Wednesday, 7th December 2022, 10:39 pm

നീ ബ്രസീലിന്റെ അഭിമാനമാണ്; ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സൂപ്പര്‍ താരത്തെ നെഞ്ചോട് ചേര്‍ത്ത് റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയയെ നിഷ്പ്രഭരാക്കിയാണ് ബ്രസീല്‍ അവസാന എട്ടില്‍ ഇടം നേടിയത്. ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയെയാണ് ബ്രസീലിന് നേരിടാനുള്ളത്.

തങ്ങളുടെ ആറാമത് ലോകകപ്പിനായി കുതിക്കുന്ന ബ്രസീലിനായി ഗോളടിച്ചുകൂട്ടുന്നത് സൂപ്പര്‍ താരം റിച്ചാര്‍ലിസണാണ്. ആദ്യ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ റിച്ചാര്‍ലിസണ്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തിലും ഗോള്‍ നേടിയിരുന്നു.

പ്രീ ക്വാര്‍ട്ടറിലെ ഗോളിന് പിന്നാലെ താരത്തിന്റെ ഗോള്‍ നേട്ടം മൂന്നായി ഉയര്‍ന്നു. എംബാപ്പെക്ക് പിന്നില്‍, മെസിക്കൊപ്പം ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തിലലും താരം സജീവമാണ്.

ഈ സാഹചര്യത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ മുന്നേറ്റനിരക്കാരനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീലിന്റെ എക്കാലത്തേയും ഇതിഹാസ താരവും ഫുട്‌ബോള്‍ ലെജന്‍ഡുമായ റെണാള്‍ഡോ നസാരിയോ.

റിച്ചാര്‍ലിസണ്‍ ബ്രസീലിലെ ഓരോ ആളുകള്‍ക്കും പ്രചോദനമാണെന്നും താരം ബ്രസീലിന്റെ അഭിമാനമാണെന്നുമാണ് റൊണാള്‍ഡോ പറഞ്ഞത്.

റൊണാള്‍ഡോ ടി.വിയില്‍ റിച്ചാര്‍ലിസണൊപ്പം നടത്തിയ അഭിമുഖത്തിലായിരുന്നു റൊണാള്‍ഡോ റിച്ചാര്‍ലിസണെ പ്രശംസകൊണ്ടുമൂടിയത്.

‘ വൗ, യൂ ആര്‍ ഗ്രേറ്റ്. നീ മൂന്ന് മാച്ച് കളിച്ചു, ഇനി മൂന്ന് മാച്ചുകള്‍ കൂടിയാണ് നമുക്ക് കളിക്കാനുള്ളത് (ലോകകപ്പ് നേടാന്‍). നിങ്ങളെ പ്രചോദിപ്പിക്കാന്‍ ഞാന്‍ എന്താണ് ചെയ്തത്, അതാണ് ഇനി നീ ചെയ്യേണ്ടത്.

നിന്റെ ഗോളുകള്‍ കൊണ്ടും കളിക്കളത്തിലെ ആത്മവിശ്വാസം കൊണ്ടും ഗ്രൗണ്ടിലെ മികച്ച നിമിഷങ്ങള്‍ കൊണ്ടും നിന്റെ ചടുലത കൊണ്ടും വികാരങ്ങള്‍ കൊണ്ടുമെല്ലാം ബ്രസീലിലെ കോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കാനുള്ള നിന്റെ അവസരമാണിത്. നീ ബ്രസീലിന്റെ അഭിമാനമാണ്,’ റൊണാള്‍ഡോ പറഞ്ഞു.

റൗണ്ട് ഓഫ് സിക്‌സറ്റീനില്‍ സൗത്ത് കൊറിയക്കെതിരെ താരം നേടിയ ഗോളിനെ കുറിച്ചും റൊണാള്‍ഡോ സംസാരിച്ചു.

‘ എന്തൊരു ഗോളായിരുന്നു അത്. സെന്റര്‍ ഫോര്‍വേര്‍ഡായാണ് നീ കളിക്കുന്നത്. ഇതുകൂടാതെ ഞങ്ങള്‍ കുറച്ചുകാലമായി കാണാത്ത തരത്തിലുള്ള ഔട്ട്-ആന്‍ഡ്-ഔട്ട് ഫോര്‍വേര്‍ഡായും നീ കളിക്കുന്നു. ഒരുപാട് ഗോള്‍ ഇനിയും നേടൂ. ആറാം ലോകകപ്പ് നാട്ടിലെത്തിക്കൂ,’ റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ ഒമ്പതിനാണ് ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ഇതില്‍ ജയിക്കുന്നവര്‍ സെമി ഫൈനലില്‍ അര്‍ജന്‍രീന-നെതര്‍ലന്‍ഡ്‌സ് വിജയികളെ നേരിടും.

Content Highlight: Ronaldo praises Richarlison

We use cookies to give you the best possible experience. Learn more