| Friday, 10th February 2023, 7:58 am

ഗോൾ എണ്ണത്തിൽ മെസിയെ മറികടന്ന് റൊണാൾഡോ; വീണ്ടും ഗോൾ അടിച്ചുകൂട്ടി താരം

സ്പോര്‍ട്സ് ഡെസ്‌ക്

വെള്ളിയാഴ്ച നടന്ന സൗദി പ്രൊ ലീഗ് മത്സരത്തിൽ അൽ വെഹ്ദയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് അൽ നസർ മത്സരം തങ്ങളുടെ കൈപ്പിടിയിലൊതുക്കിയത്.

പോർച്ചുഗീസ് ഇതിഹാസ താരം റൊണാൾഡോയായിരുന്നു ക്ലബ്ബിനായി നാല് ഗോളുകളും സ്വന്തമാക്കിയത്. മത്സരത്തിന്റെ 21,40,53 മിനിട്ടുകളിൽ പെനാൽട്ടിയിലൂടെ ഗോൾ നേടിയ റോണോ മത്സരം 61 മിനിട്ട് പിന്നിട്ടപ്പോൾ സെറ്റ് പീസിൽ നിന്നല്ലാതെയും അൽ വെഹ്ദയുടെ വല കുലുക്കി.
ഇതോടെ ലീഗ് മത്സരങ്ങളിൽ തന്റെ ഗോൾ നേട്ടം 500 എന്ന മാന്ത്രിക സംഖ്യയിലേക്കെത്തിക്കാൻ റൊണാൾഡോക്കായി.

പെലെ, പുസ്കസ്, ജോസഫ് ബിക്കൻ, റൊമാറിയോ മുതലായ ഇതിഹാസ താരങ്ങളുടെ റെക്കോർഡിനൊപ്പമാണ് നിലവിൽ റൊണാൾഡോ ഇടം പിടിച്ചിട്ടുള്ളത്.

പുസ്കസിന്റെ റെക്കോർഡിനൊപ്പമെത്താൻ റൊണാൾഡോക്ക് ഇനി 14 ഗോളുകൾ കൂടി സ്വന്തമാക്കിയാൽ മതി. 604 ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസം പെലെയാണ് ഏറ്റവും കൂടുതൽ ലീഗ് ഗോളുകൾ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്‌ ഇടം പിടിച്ചിട്ടുള്ളത്.

എന്നാൽ റൊണാൾഡോയുടെ സമകാലികനും റോണോയുടെ എതിരാളി എന്ന് ഫുട്ബോൾ ലോകം വിലയിരുത്തുന്ന താരവുമായ മെസിക്ക് ലീഗ് ഫുട്ബോളിൽ നിന്നും ഇതുവരെ 490 ഗോളുകൾ മാത്രമേ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളു.

അൽ വെഹ്ദക്കെതിരെ നാല് ഗോൾ നേടിയതോടെ പ്രൊ ലീഗിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ സ്വന്തമാക്കാൻ റൊണോക്കായി. കൂടാതെ 2023ൽ ഇതുവരെ മൊത്തം നേടിയ ഗോൾ എണ്ണത്തിൽ മെസിയെ മറികടക്കാനും റൊണാൾഡോക്ക് സാധിച്ചു.

അതേസമയം മത്സരത്തിൽ വിജയിച്ചതോടെ പ്രൊ ലീഗിൽ നിലവിൽ 16 മത്സരങ്ങളിൽ നിന്നും 37 പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്താണിപ്പോൾ അൽ നസർ. ഫെബ്രുവരി 17ന് ഇന്ത്യൻ സമയം 8:30ന് അൽ താവൂനെതിരെയാണ് അൽ അലാമിയുടെ അടുത്ത മത്സരം.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഈ സീസണിലാണ് റോണോ അൽ നസറിലേക്ക് ചേക്കേറിയത്. പ്രതിവർഷം ഏകദേശം 225 മില്യൺ യൂറോയാണ് റൊണാൾഡോക്ക് പ്രതിഫലമായി നൽകുന്നത്. 2025 വരെ താരത്തിന് ക്ലബ്ബുമായി കരാറുണ്ട്.

Content Highlights:Ronaldo overtake Messi and score five hundred league goals

Latest Stories

We use cookies to give you the best possible experience. Learn more