|

ബ്രൂണോ ഫെർണാണ്ടസ് ഗോൾ അടിച്ചതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അസൂയ; മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ്‌ എച്ചിലെ ഉറുഗ്വേ ക്കെതിരെയുള്ള രണ്ടാം മത്സരത്തിൽ പോർച്ചുഗലിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരുന്നു. മത്സരത്തിന്റെ 54ാം മിനിട്ടിൽ ബ്രൂണോ റൊണാൾഡോക്ക് നൽകാൻ ശ്രമിച്ച ക്രോസ്സ് ഗോൾ പോസ്റ്റിന്റെ മൂലയിൽ താണിറങ്ങുകയായിരുന്നു.

ഗോളിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഹെഡ്ഡർ ഗോൾ ആണെന്നാണ് താരങ്ങളും ആരാധകരും വിചാരിച്ചിരുന്നത്. ഗോൾ തന്റെതാണെന്ന് കരുതി റൊണാൾഡോ ആഘോഷവും തുടങ്ങിയിരുന്നു. എന്നാൽ പിന്നീടാണ് ആ ഗോൾ ബ്രൂണോ തന്നെ നേടിയതാണെന്നും പന്തിൽ റൊണാൾഡോയുടെ തല സ്പർശിച്ചില്ലെന്നും മനസ്സിലായത്.

മത്സരത്തിന് ശേഷം പ്രസ്തുത ഗോളിനെ ചൊല്ലി നിരവധി ചർച്ചകൾ ഫുട്ബോൾ ആരാധകർക്കിടയിൽ നടന്നിരുന്നു. എന്നാൽ പിന്നീട് ബ്രൂണോ ഫെർണാണ്ടസ് തന്നെ താൻ ആ പന്ത് റൊണാൾഡോക്ക് ക്രോസ്സ് നൽകിയതാണെന്നും റൊണാൾഡോയുടെ ഗോൾ ആണന്നാണ് താനും കരുതിയിരുന്നതെന്നും പറഞ്ഞ് രംഗത്തെത്തിയിരുന്നു.എന്നാൽ വിവാദ ഗോളിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഇതുവരെ ഫുട്ബോൾ ലോകത്ത് അടങ്ങിയിട്ടില്ല.

റൊണാൾഡോ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോൾ തന്റെ പേരിലാക്കാൻ അനാവശ്യമായ വാദങ്ങൾ നടത്തി എന്ന് കുറ്റപ്പെടുത്തുകയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡറും ഫുട്ബോൾ വിദഗ്ധനുമായ പോൾ പാർക്കർ.

പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ആ ഗോൾ റൊണാൾഡോ നേടിയതാണോ എന്ന് പരിശോധിക്കാൻ ഫിഫയെ ബന്ധപ്പെട്ടെന്നും എന്നാൽ തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ലോകകപ്പ് ഫുട്ബോൾ നിർമാതാക്കളായ അഡിഡാസ് അവരുടെ പന്തിൽ ഇൻ ബിൽഡ് ചെയ്തിരിക്കുന്ന സെൻസർ ഉപയോഗിച്ച് ആ ഗോൾ റൊണാൾഡോ നേടിയതല്ലെന്ന് സ്ഥിധീ കരിച്ചെന്നും പറഞ്ഞ അദ്ദേഹം.


എന്നിട്ടും റൊണാൾഡോ ഗോളിനായി വാദമുയർത്തിയത് പിടിവാശിയാണെന്നും പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ഇതിനൊക്കെ കൂട്ട് നിൽക്കുന്നെന്നും കുറ്റപ്പെടുത്തി.

“ഒരാളുടെ മാത്രം മികവിൽ ലോകകപ്പ് നേടാം എന്നാണോ അവർ പ്രതീക്ഷിക്കുന്നത്. റൊണാൾഡോ ഗോളിനായി വാദിക്കുന്നെന്നത് ഞാൻ പൂർണമായി വിശ്വസിക്കുന്നില്ല. പക്ഷെ ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിന്റെ ടോപ്പ് സ്കോറർ ആയതിൽ റൊണാൾഡോക്ക് നിരാശയുണ്ട്. പോർച്ചുഗലിന്റെ മികച്ച താരമായി തനിക്ക് മാറാൻ കഴിയാത്തതിൽ അദ്ദേഹം ആസ്വസ്ഥനാണ്.” പാർക്കർ പറഞ്ഞു.

കൂടാതെ റൊണാൾഡോ പോർച്ചുഗീസ് ടീമിനെക്കാൾ വലുതാകാൻ ശ്രമിക്കരുതെന്നും അത്‌ മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ വലുതാകാൻ ശ്രമിച്ചതുപോലെ നാണക്കേടാണെന്നും കൂടി അദ്ദേഹം വിമർശനം ഉന്നയിച്ചു.

ഗ്രൂപ്പ്‌ എച്ചിൽ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് പോർച്ചുഗൽ പ്രീ ക്വാർട്ടർ ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് മത്സരങ്ങളിൽ നിന്നും ഒരു ഗോളാണ് റൊണാൾഡോ സ്വന്തമാക്കിയത്. ബ്രൂണോ ഫെർണാണ്ടസ് രണ്ട് ഗോളുകൾ നേടി പോർച്ചുഗലിന്റെ ടോപ്പ് സ്കോററാണ്.

Content Highlights:ronaldo not happy to bruno fernandes good perfomance