| Friday, 9th August 2024, 7:31 pm

അവനുണ്ടാക്കിയ സ്റ്റാറ്റസിന്റെ അടുത്തുപോലും ഭാവിയില്‍ ആര്‍ക്കും എത്താന്‍ കഴിയില്ല; വമ്പന്‍ പ്രസ്താവനയുമായി റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരമാണ് ലയണല്‍ മെസി. ഈ വര്‍ഷത്തെ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി മെസിയുടെ അര്‍ജന്റീന ലോകത്തെ വീണ്ടും അമ്പരപ്പിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ കോപ്പ അമേരിക്കന്‍ ടൂര്‍ണമെന്റ് കപ്പും നേടിയത് അര്‍ജന്റീനയായിരുന്നു. ഇക്കുറി ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്.

ഫൈനല്‍ മത്സരത്തില്‍ വെച്ച് ലയണല്‍ മെസിക്ക് കാലിനു ഗുരുതരമായ പരിക്ക് സംഭവിച്ചിരുന്നു. പരിക്കിന് പിന്നാലെ മെസിക്ക് ഇന്റര്‍ മയാമിക്കൊപ്പമുള്ള കഴിഞ്ഞ മത്സരങ്ങള്‍ നഷ്ടമായിരുന്നു. മെസി ഇതുവരെ അമേരിക്കന്‍ ക്ലബ്ബിനൊപ്പം പരിശീലനം ആരംഭിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളും.

ഇപ്പോള്‍ മെസി സ്വന്തമാക്കിയ നേട്ടങ്ങളെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബ്രസീലിയന്‍ ഇതിഹാസമായ റൊണാള്‍ഡോ നസാരിയോ.

‘ഫുട്‌ബോളിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം വേള്‍ഡ് കപ്പും ബാലണ്‍ഡി’ഓറും ഒരുമിച്ച് സ്വന്തമാക്കുക എന്നുള്ളതാണ്. നിങ്ങള്‍ക്ക് മികച്ച ഫുട്‌ബോള്‍ കളിക്കാം, എന്നാല്‍ ഇത് രണ്ടും സ്വന്തമാക്കുക എന്നത് പ്രയാസമേറിയ കാര്യംതന്നെയാണ്. മെസി ഇത് രണ്ടും കരസ്ഥമാക്കി. മെസിയെ കാണുമ്പോള്‍ ബാലണ്‍ഡി’ഓര്‍ നേടുക എന്നുള്ളത് എളുപ്പമാണെന്ന് നമുക്ക് തോന്നിപ്പോകാം. ഫുട്‌ബോള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ മെസിക്ക് കഴിഞ്ഞിട്ടുണ്ട്. കാരണം ഫുട്‌ബോള്‍ ഒരിക്കലും മെസിക്ക് ബുദ്ധിമുട്ടുള്ളതായിരുന്നില്ല. മറിച്ച് ഒരു ഫണ്ണായിരുന്നു.

മെസിയും മറ്റ് താരങ്ങളും തമ്മിലുള്ള വ്യത്യാസം ഇതാണ്. മെസി തകര്‍ത്ത റെക്കോര്‍ഡുകളുടെ കാര്യത്തിലും അദ്ദേഹം നേടിയ കിരീടങ്ങളുടെ കാര്യത്തിലും അടുത്ത ജനറേഷന് അത് നേടുന്നത് ബുദ്ധിമുട്ടാകും പ്രത്യേകിച്ച് ബാലണ്‍ഡി’ഓറിന്റെ കാര്യത്തില്‍. ഭാവിയില്‍ അസാധ്യമായ ഒരു ടാസ്‌ക്കാണ് അദ്ദേഹം മറ്റുള്ളവരുടെ മുന്നിലേക്ക് വെച്ച് നീട്ടിയിട്ടുള്ളത്. മെസി ഉണ്ടാക്കിയ സ്റ്റാറ്റസിന്റെ അരികില്‍ പോലും എത്താന്‍ മറ്റുള്ളവര്‍ക്ക് ഭാവിയില്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല,’ റൊണാള്‍ഡോ നസാരിയോ പറഞ്ഞു.

Content Highlight: Ronaldo Nazario Talking About Messi

We use cookies to give you the best possible experience. Learn more