| Thursday, 20th April 2023, 11:42 pm

ലോകത്തിലെ മികച്ച എട്ട് താരങ്ങളെ തെരഞ്ഞെടുത്ത് റൊണാള്‍ഡോ നസാരിയോ; ഇതിഹാസങ്ങളില്‍ പലരും പട്ടികയില്‍ ഇടം പിടിച്ചില്ല

സ്പോര്‍ട്സ് ഡെസ്‌ക്

മികച്ച പ്രകടനം കൊണ്ടും ഗോള്‍ സ്‌കോറിങ്ങിലെ അസാധാരണ മികവ് കൊണ്ടും ഫുട്ബോള്‍ ലോകത്ത് ചരിത്രം കുറിച്ച താരമാണ് റൊണാള്‍ഡോ നസാരിയോ. നിരവധി കിരീട നേട്ടങ്ങളും റെക്കോഡുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച എട്ട് താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് ബ്രസീലിയന്‍ ഇതിഹാസം.

സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് താരം. ഡീഗോ മറഡോണ, ലയണല്‍ മെസി, യൊഹാന്‍ ക്രൈഫ്, ബെക്കന്‍ ബോവര്‍, പെലെ, മാര്‍ക്കോ വാന്‍ ബാസ്റ്റന്‍, റൊണാള്‍ഡീഞ്ഞോ എന്നിവരാണ് റൊണാള്‍ഡോയുടെ പട്ടികയിലെ ഏഴ് താരങ്ങള്‍.

എട്ടാമന്‍ താന്‍ തന്നെയാണെന്നും വ്യത്യസ്ത കാലഘട്ടത്തില്‍ കളിച്ച താരങ്ങളില്‍ നിന്ന് ഏറ്റവും മികച്ചൊരു താരത്തെ കണ്ടെത്താന്‍ കഴിയില്ലെന്നും റൊണാള്‍ഡോ പറയുന്നു.

2002ല്‍ ബ്രസീല്‍ ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോള്‍ റൊണാള്‍ഡോ ആയിരുന്നു ബ്രസീലിന്റെ പ്രധാന വിജയശില്‍പി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് താരത്തിന്റെ പട്ടികയില്‍ ഇടം പിടിക്കാനായില്ല.

അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവ് കൂടിയായ പോര്‍ച്ചുഗല്‍ ഇതിഹാസം വിവാദങ്ങളുടെ പിടിയിലായത് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുമ്പോള്‍ ടോട്ടന്‍ഹാമുമായി നടന്ന മത്സരത്തിനിടെ കളം വിട്ടിറങ്ങി പോയതാണ് വലിയ വിവാദത്തിനിരയാക്കിയത്.

തുടര്‍ന്ന് നടന്ന യുണൈറ്റഡിന്റെ മത്സരത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട താരം പിന്നീട് ഖേദ പ്രകടനം നടത്തിയെങ്കിലും ഫുട്ബോളിനോട് തന്നെ അനാദരവ് കാണിച്ചെന്ന കാരണത്താല്‍ അവഗണിക്കപ്പെടുകയായിരുന്നു.

അതേസമയം സിനദിന്‍ സിദാന്‍, മിഷേല്‍ പ്ലാറ്റിനി, ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോ, ഫെറന്‍ക് പുഷ്‌കാസ് എന്നിവരും റൊണാള്‍ഡോയുടെ ബെസ്റ്റ് പട്ടികയില്‍ ഇടംപിടിച്ചില്ല.

Content Highlights: Ronaldo Nazario’s best eight players

We use cookies to give you the best possible experience. Learn more