| Tuesday, 20th June 2023, 1:44 pm

'ബാലണ്‍ ഡി ഓര്‍ അവന് തന്നെ, അതിനെന്ത് കൊണ്ടും അര്‍ഹനാണ്'; പ്രവചിച്ച് റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് എല്ലാ വര്‍ഷവും നല്‍കുന്ന പുരസ്‌കാരമാണ് ബാലണ്‍ ഡി ഓര്‍. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഏഴ് തവണയും പോര്‍ച്ചുഗല്‍ ലെജന്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ അഞ്ച് തവണയും പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.

നിലവില്‍ ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സെമയാണ് ബാലണ്‍ ഡി ഓര്‍ ജേതാവ്. 2021-22 സീസണില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ബെന്‍സെമ മെസിയെയും റൊണാള്‍ഡോയെയും അടക്കം നിരവധി സൂപ്പര്‍താരങ്ങളെ മറികടന്ന് പുരസ്‌കാരം സ്വന്തമാക്കുകയായിരുന്നു.

ഇത്തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസിക്ക് ലഭിക്കുമെന്നാണ് റൊണാള്‍ഡോ നസാരിയോ പ്രവചിക്കുന്നത്. 2022 ഫിഫ ലോകകപ്പ് ജയം അര്‍ജന്റൈന്‍ താരത്തെ അവാര്‍ഡിന് അര്‍ഹനാക്കുന്നുണ്ടെന്നാണ് റൊണാള്‍ഡോ പറഞ്ഞത്.

‘ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ നേടാന്‍ മെസി അര്‍ഹനാണ്. അവനത് നേടുമെന്ന് ഞാന്‍ കരുതുന്നു. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റ് നേടുന്നതിന്റെ ഭാഗമാകുക എന്നത് വലിയ കാര്യമാണ്,’ റൊണാള്‍ഡോ നസാരിയോ പറഞ്ഞു.

ഇത്തവണ താരങ്ങള്‍ക്കിടയില്‍ അതിശക്തമായ പോരാട്ടമാണ് നടക്കുക. മെസിക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജന്‍ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ടും പി.എസ്.ജിയില്‍ മെസിയുടെ സഹതാരമായിരുന്ന ഫ്രഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും തമ്മിലാണ് മത്സരം.

ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന്‍ നല്‍കുന്ന 2022-23 സീസണിലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഒക്ടോബര്‍ 30നാണ് നല്‍കുക. സെപ്റ്റംബര്‍ ആറിന് ബാലണ്‍ ഡി ഓര്‍, യാഷിന്‍ ട്രോഫി, കോപ്പ ട്രോഫി എന്നിവക്കുള്ള നോമിനികളുടെ പേരുകള്‍ പ്രഖ്യാപിക്കും.

മികച്ച ഗോള്‍ കീപ്പര്‍ക്കായി യാഷിന്‍ ട്രോഫി നല്‍കുമ്പോള്‍ മികച്ച യുവതാരത്തിനാണ് കോപ്പ അവാര്‍ഡ് നല്‍കുക. ഇരു പുരസ്‌കാരങ്ങള്‍ക്കുമായി 10 വീതം നോമിനികളെയാണ് പ്രഖ്യാപിക്കുമ്പോള്‍ വനിതാ ബാലണ്‍ ഡി ഓറിന് 20ഉം പുരുഷ ബാലണ്‍ ഡി ഓറിന് 30ഉം നോമിനികളെ പ്രഖ്യാപിക്കും.

ഖത്തര്‍ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ലയണല്‍ മെസി ഇത്തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ക്ലബ്ബ് ഫുട്ബോളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ഹാലണ്ടിന്റെ പേരും മെസിക്കൊപ്പം തന്നെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എഫ്.എ കപ്പിലും പ്രീമിയര്‍ ലീഗില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കായി യുവേഫ ചാമ്പ്യന്‍ ലീഗ് ടൈറ്റിലും പേരിലാക്കി പുരസ്‌കാരത്തിന് അര്‍ഹനാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

പി.എസ്.ജി ജേഴ്സിയില്‍ ആകെ 32 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ മെസിയുടെ പേരില്‍ ചേര്‍ക്കപ്പെടുമ്പോള്‍ എംബാപ്പെയുടെ പേരില്‍ 34ഉം ഹാലണ്ട് 52 ഗോളുകളുമാണ് അക്കൗണ്ടിലാക്കിയത്.

Content Highlights: Ronaldo Nazario predicts Lionel Messi wins Ballon D’or this time

We use cookies to give you the best possible experience. Learn more